അഖിലേന്ത്യാ ജനകീയ ശാസ്ത്രകോണ്‍ഗ്രസ്സ് സമാപിച്ചു

0

ഫെബ്രുവരി ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ ഭുവനേശ്വറിലെ നൈസര്‍ ക്യാമ്പസ്സില്‍ വച്ച് നടന്ന അഖിലേന്ത്യാ ജനകീയ ശാസ്ത്രകോണ്‍ഗ്രസ്സ് സമാപിച്ചു. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് 21 പ്രതിനിധികള്‍ പങ്കെടുത്തു. കോണ്‍ഗ്രസ്സില്‍ 23 സംസ്ഥാനങ്ങളില്‍ നിന്നായി 600ല്‍ പരം പ്രതിനിധികള്‍ ഉണ്ടായിരുന്നു.
ഒന്നാം ദിവസം രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ ഒഡീഷ സംസ്ഥാന വികസനത്തെക്കുറിച്ചുളള സെമിനാറായിരുന്നു. രണ്ട് മണിക്ക് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ജനകീയ ശാസ്ത്രകോണ്‍ഗ്രസ്സ് സംഘാടകസമിതി ചെയര്‍മാന്‍ ഡോ അരബിന്ദോ ബെഹ്റ അധ്യക്ഷനായിരുന്നു. AIPSN പ്രസിഡണ്ട് സബ്യസാജി ചാറ്റര്‍ജി അഖിലേന്ത്യാ ശാസ്ത്രകോണ്‍ഗ്രസ്സുകളെക്കുറിച്ചും നൈസര്‍ ഡയറക്ടര്‍ സുധാകര്‍ പാണ്ഡെ നൈസറിലെ സംഘാടനത്തെക്കുറിച്ചും സംസാരിച്ചു. ഒഡീഷ സംസ്ഥാനത്തെ ആസൂത്രണ സാങ്കേതിക വിദ്യാഭ്യാസ വികസന മന്ത്രി ഉഷാ ദേവിയും സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറി ജി വി വി ശര്‍മയും മുഖ്യാതിഥികളായിരുന്നു. ബാംഗ്ളൂരു നാഷനല്‍ കോളേജിലെ ജി രാമകൃഷ്ണയും പ്രജ്വല്‍ ശാസ്ത്രിയും മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. നൈസര്‍ രജിസ്ററാര്‍ ഡോ അഭയ്‌കുമാര്‍ നായ്ക്കും AIPSN ജനറല്‍ സെക്രട്ടറി ടി.രമേശും പങ്കെടുത്തു. സംഘാടകസമിതി കണ്‍വീനറും ഒഡീഷ BGVS സെക്രട്ടറിയുമായ ബ്ലോറിന്‍ മൊഹന്തി നന്ദി പറഞ്ഞു. ഒഡീഷ BGVSന്റെ സ്വാഗതഗാനത്തോടെയാണ് സമ്മേളന നടപടികളാരംഭിച്ചത്. ഹരിയാന BGVS ന്റെ ഗാനത്തോടെ ഉദ്ഘാടന സമ്മേളനം അവസാനിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന പ്ളീനറി സി രാമകൃഷ്ണന്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ടി.രമേശ് റിപ്പോര്‍ട്ടിന്റെ ആമുഖം അവതരിപ്പിച്ചു. AIPSN പിന്നിട്ട വഴികളെക്കുറിച്ച് ടി വി വെങ്കിടേശ്വരനും BGVS കടന്നുവന്ന വഴികളെ ക്കുറിച്ച്ആ ശാമിശ്രയും കാശിനാഥ് ചാറ്റര്‍ജിയും സബ്കാ ദേശ് ഹമാരാ ദേശിനെക്കുറിച്ച് അമിത് സെന്‍ ഗുപ്തയും അവതരണം നടത്തി. രാത്രി വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പരിപാടികള്‍ നടന്നു.
രണ്ടാം ദിവസം ഒന്‍പത് മണിക്കാരംഭിച്ച ശാസ്ത്രവും ശാസ്ത്രബോധവും സംബന്ധിച്ചുളള പ്ളീനറിയില്‍ പ്രജ്വല്‍ ശാസ്ത്രിയും സബ്യസാജി ചാറ്റര്‍ജിയും സംസാരിച്ചു. തുടര്‍ന്ന് നടന്ന സബ് പ്ളീനറിയില്‍ സാമ്പത്തിക പ്രശ്നങ്ങളും സ്വയം പര്യാപ്തയും എന്ന വിഷയത്തില്‍ സോമ മര്‍ലയയും വെങ്കിടേശ് ആര്‍ത്രേയും സംസാരിച്ചു. വിദ്യാഭ്യാസ സബ് പ്ളീനറിയില്‍ സി പി നാരായണന്‍ എം പി, സി രാമകൃഷ്ണന്‍, ലളിതാ പട്നായിക്ക് എന്നിവര്‍ സംസാരിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന സമാന്തര ശില്‍പ്പശാലകളില്‍ ഐ ആര്‍ ടി സിയില്‍ വെച്ച് നടന്ന അംഗന്‍വാടി അധ്യാപക പരിശീലനത്തെക്കുറിച്ച് ടി കെ മീരാഭായി, ആദിവാസി വിദ്യാഭ്യാസ രംഗത്തെ ഇടപെടലുകള്‍ ബാവലി അനുഭവം പി വി സന്തോഷ്, മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് വി ജി ഗോപിനാഥന്‍, IRTC പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോ എന്‍ കെ ശശിധരന്‍ പിളള, ശാസ്ത്രപ്രസിദ്ധീകരണങ്ങളെക്കുറിച്ച് ടി ഗംഗാധരന്‍, മാസികകളെക്കുറിച്ച് ഇ.ജിനന്‍ എന്നിവര്‍ അവതരണങ്ങള്‍ നടത്തി. യൂത്ത് ശില്‍പശാലയില്‍ ലിംഗനീതിയെക്കുറിച്ച് അവതരണം നടത്തിയത് യുവസമിതിയായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലേയും യുവാക്കള്‍ പങ്കെടുത്ത വര്‍ക്ക്ഷോപ്പില്‍ നമ്മുടെ യുവസമിതി അവതരണം ശ്രദ്ധേയമായി. രാത്രിയില്‍ ഹിമാചല്‍ യുവസമിതിയുമായി കേരളാ യുവസമിതിയുടെ പ്രത്യേക സംവാദവും നടന്നു. രണ്ടാം ദിവസം വൈകുന്നേരം നടന്ന അനുസ്മരണസമ്മേളനത്തില്‍ ടി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ പി എം ഭാര്‍ഗവയെക്കുറിച്ച് ഡോ ചന്ദന ചക്രവര്‍ത്തിയും ഡോ ശങ്കര്‍ ചക്രവര്‍ത്തിയെക്കുറിച്ച് സത്യജിത് ചക്രവര്‍ത്തിയും ഗുണാകര്‍ മുലേയെക്കുറിച്ച് ഡോ സുബോധ് മൊഹന്തിയും പ്രഭാഷണം നടത്തി. പ്രൊഫ. യശ്പാലിനെക്കുറിച്ച് ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചു.
ഇന്ററാക്ഷന്‍ സെഷന്‍ നടക്കാത്തതിനാല്‍ റാലി ഫോര്‍ സയന്‍സ്, ശാസ്ത്രവാരം, വിജ്ഞാനോത്സവം എന്നിവ അവതരിപ്പിക്കാനായില്ല. രാത്രി ഒഡീഷയുടെ പ്രത്യേക കലാരൂപങ്ങളും മറ്റ് സംസ്ഥാനങ്ങളുടെ കലാപ്രകടനവും അരങ്ങേറി.
മൂന്നാം ദിവസം രാവിലെ വിവേക് മൊണ്ടേറിയോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക വൈവിധ്യ സംഗമം എന്ന പ്ളീനറിയില്‍ പ്രബീര്‍ പുര്‍കായിസ്ത, എസ് ജി ഡാനി, മേഗ പന്‍സാരെ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്നടന്നത് സാമൂഹ്യനീതിയും ലിംഗനീതിയും, ആരോഗ്യരംഗത്തെ പ്രതിസന്ധികള്‍, പരിസരം എന്നീ വിഷയങ്ങളിലുള്ള സബ് പ്ളീനറികളായിരുന്നു. ഉച്ചയ്ക്ക് ശേഷം സമാന്തര ശില്‍പ്പശാലകളായിരുന്നു. ടി ഗംഗാധരന്‍ അധ്യക്ഷനായ ഗ്രാമീണ സാങ്കേതിക വിദ്യ സംബന്ധിച്ച ശില്‍പ്പശാലയില്‍ മത്സ്യത്തൊഴിലാളിമേഖലയില്‍ നടത്തിയ തീരമൈത്രി ഇടപെടലിനെക്കുറിച്ച് എന്‍ കെ ശശിധരന്‍പിള്ളയും സമത ഉല്‍പ്പന്ന നിര്‍മാണവും വിതരണവും എന്നതിനെക്കുറിച്ച് വി ജി ഗോപിനാഥനും അവതരണം നടത്തി. തൃശ്ശൂര്‍ ജില്ലയുടെ നേതൃത്വത്തില്‍ നടത്തിയ റെയില്‍വേ കോളനി പഠനം, ജന്റര്‍ ഫ്രണ്ട്‍ലി പഞ്ചായത്ത്, പെരിഞ്ഞനം പഞ്ചായത്തിലെ കലുങ്ക് സമരം എന്നീ വിഷയങ്ങള്‍ ശില്‍പ്പശാലയില്‍ ടി കെ മീരാഭായി അവതരിപ്പിച്ചു.
ഗീത മഹാശബ്ദ് അധ്യക്ഷയായ ഒഡീഷയിലെ കുട്ടികളും അധ്യാപകരും പങ്കെടുത്ത ശാസ്ത്രവിദ്യാഭ്യാസവും കുട്ടികളും എന്ന പ്രത്യേക ശില്‍പ്പശാലയില്‍ കേരളത്തിന്റെ അവതരണം നടന്നു. രണ്ട് മുറികളിലായി ശാസ്ത്രക്ളാസ്സുകള്‍, ശാസ്ത്ര പരീക്ഷണങ്ങള്‍ എന്നിവയായിരുന്നു നടത്തിയത്. സജി ജേക്കബ്, എസ് യമുന, പി രമേശ്കുമാര്‍, ഇ ജിനന്‍, പി വി സന്തോഷ് എന്നിവര്‍ പങ്കെടുത്തു. രാത്രിയില്‍ കലാപരിപാടികള്‍ നടന്നു. ഇ ജിനന്റെ കവിതയോടെയും പി രമേശ്കുമാര്‍ നേതൃത്വം നല്‍കിയ ജനോത്സവ ഗാനത്തോടെയും ആരംഭിച്ച നൈസറിലെ മലയാളി വിദ്യാര്‍ഥികളുടെ പ്രത്യേക യോഗത്തില്‍ ടി ഗംഗാധരന്‍, സി രാമകൃഷ്ണന്‍, ടി കെ മീരാഭായി എന്നിവര്‍ സംസാരിച്ചു. യുവസമിതിയുമായി ബന്ധപ്പെടുന്നതിന് നൈസര്‍ വിദ്യാര്‍ഥിയായ അദ്വൈതിനെ ചുമതലപ്പടുത്തി. സമ്മേളന നഗരിയില്‍ IRTC യുടെ പ്രദര്‍ശനം ഉണ്ടായിരുന്നു.
പുതിയ AIPSN ഭാരവാഹികളായി സബ്യസാജി ചാറ്റര്‍ജി (കര്‍ണ്ണാടക) പ്രസിഡണ്ട്, കോമള്‍ ശ്രീവാസ്തവ(രാജസ്ഥാന്‍) ടി രമേശ് (തെലുങ്കാന) പ്രബീര്‍ പുര്‍കായിസ്ത (ഡല്‍ഹി) വൈസ് പ്രസിഡണ്ടുമാര്‍, പി രാജമാണിക്യം (തമിഴ്‌നാട്) ജനറല്‍ സെക്രട്ടറി, സത്യജിത്ത് ചക്രബര്‍ത്തി(പശ്ചിമ ബംഗാള്‍) ഒ പി ബുറെയ്‌ത്ത( ഹിമാചല്‍ പ്രദേശ്) ആശാമിശ്ര(മധ്യപ്രദേശ്) ശ്രീശങ്കര്‍ (കേരളം) ഇഷ്‌ഫാക്വര്‍ റഹ്‌മാന്‍ (ആസ്സാം) ജോയിന്റ് സെക്രട്ടറിമാര്‍, കൃഷ്ണസാമി (തമിഴ്‌നാട്) ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുമുളള എം പി പരമേശ്വരന്‍ ടി ഗംഗാധരന്‍ എന്നിവര്‍ എക്സ്ഒഫീഷ്യോ അംഗങ്ങളും സി രാമകൃഷ്ണന്‍ ക്ഷണിതാവുമാണ്. നാലാം ദിവസം രാവിലെ പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തിനുശേഷം ഉച്ചയ്ക്ക് കോണ്‍ഗ്രസ്സ് സമാപിച്ചു. സമാപനസമ്മേളനത്തില്‍ ഒറീസ്സയിലെ വിവിധ മേഖലകളിലെ 15 പ്രമുഖ വ്യക്തികളെ ആദരിച്ചു. കേരളത്തില്‍ നിന്നും ടി ഗംഗാധരന്‍, സി രാമകൃഷ്ണന്‍, ശ്രീശങ്കര്‍ ടി.കെ. മീരാഭായി, പി രമേശ്കുമാര്‍ സി പി നാരായണന്‍ എം പി, എന്‍ കെ ശശിധരന്‍പിളള, വി ജി ഗോപിനാഥന്‍, എന്‍ ജഗജീവന്‍, പി വി സന്തോഷ്, സജിജേക്കബ്, ഇ ജിനന്‍, എസ് യമുന, യുവസമിതി പ്രവര്‍ത്തകരായ അപര്‍ണ്ണാ മാര്‍ക്കോസ്, ജിതിന്‍ വിഷ്ണു, രാഖി, ശ്രീദേവി, ശരണ്യ, അവിന്‍, IRTC പ്രതിനിധികളായി രംഗസാമി, സിനുദാസ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *