ആരോഗ്യനയത്തിലെ പാളിച്ചകള്‍ പരിഹരിക്കണം

0

കേരളത്തിന്റെ ആരോഗ്യനയരേഖയുടെ കരട് പുറത്തുവന്നിരിക്കുന്നു. ആരോഗ്യ സേവനവകുപ്പിന്റെ ഘടനാപരിഷ്‌കരണവും റെഫറല്‍ സമ്പ്രദായത്തിന്റെ ശാക്തീകരണവും സ്‌കൂളില്‍ ചേരുന്നതിനു പ്രതിരോധകുത്തിവയ്പ് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന നിര്‍ദേശവും വളരെ സ്വാഗതാര്‍ഹ മാണ്. ട്രാന്‍സ്‌െജന്‍ഡര്‍ വിഭാഗത്തെ ഉചിതമായി പരിഗണിച്ചു എന്നതും ശ്രദ്ധേയമാണ്.
ദേശീയ ആരോഗ്യനയത്തില്‍നിന്നും വ്യത്യസ്തമായ രീതിയിലുള്ള ജനപക്ഷ സ്വഭാവമുള്ള, ദരിദ്രപക്ഷപാതിത്വമുള്ള ഒരു ബദല്‍ ആരോഗ്യനയമായിരിക്കണം കേരളത്തിനുണ്ടാവേണ്ടിയിരുന്നത്. എന്നാല്‍ ആരോഗ്യം ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശമാണ് എന്ന അവകാശാധിഷ്‌ഠിതമായ (right based) സമീപനം നയരേഖയില്‍ കാണുന്നില്ല. ആരോഗ്യ ധനവിനിയോഗത്തെക്കുറിച്ച് (health financing) നയരേഖ ഒന്നും പരാമര്‍ശിക്കുന്നില്ല എന്നത് വലിയൊരു ന്യൂനതയാണ്.
പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങളെ (primary health subcentre) ശക്തിപ്പെടുത്താന്‍ നയരേഖയില്‍ പൊതുവായ നിര്‍ദേശമുണ്ട് . പക്ഷെ ഇത് എങ്ങനെ നടപ്പാക്കുമെന്നതില്‍ വ്യക്തത കാണുന്നില്ല. ക്ലിനിക്കല്‍ സേവനങ്ങളടക്കമുള്ള പുതിയ മേഖലയിലേക്ക് കൂടി പ്രവേശിക്കുമ്പോള്‍ മാത്രമേ ഇത് നടക്കൂ. അതിനു ക്ലിനിക്കല്‍ പരിജ്ഞാനമുള്ള ഒരു സ്റ്റാഫ്‌നഴ്‌സിനെ ഈ ഉപകേന്ദ്രത്തില്‍ നിയമിക്കേണ്ടതുണ്ട്.
ജനങ്ങളുടെ ആരോഗ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിനെ പ്രതിരോധിക്കാന്‍ ഒന്നും തന്നെ രേഖയിലില്ല. അത്തരം പ്രശ്‌നങ്ങള്‍ അന്വേഷിച്ചു നടപടി സ്വീകരിക്കാന്‍ സവിശേഷാധികാരങ്ങളോടു കൂടിയ ഒരു ഓംബുഡ്‌സ്മാന്‍ സംവിധാനം വേണം. സ്വകാര്യമേഖലയില്‍ ആശുപത്രിയുടെ പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് നല്‍കുന്നതിനെ നയരേഖ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആരോഗ്യമേഖലയില്‍ ഇത് അനഭിലഷണീയമായ ഒട്ടേറെ പ്രവണതകള്‍ക്ക് വഴി തുറക്കും.
താഴെ തട്ടില്‍ നിന്നും തുടങ്ങിയുള്ള ഇ-ഹെല്‍ത്ത് പദ്ധതിയെക്കുറിച്ച് നയരേഖ പരാമര്‍ശിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുറേക്കൂടെ സുതാര്യമാവേണ്ടതുണ്ട്; ആശങ്കകളും പരിഹരിക്കണം. രോഗികളുടെ വ്യക്തിപരമായ സ്വകാര്യവിവരങ്ങള്‍ പൊതു ഡാറ്റാ ബേസില്‍ സൂക്ഷിക്കുമ്പോളുണ്ടാകുന്ന വിവര സുരക്ഷാ(Data Security) പ്രശ്‌നങ്ങളും നൈതികമായ (Ethical)) ആശങ്കകളും ഗൗരവമായി കാണണം. ഈ ഡാറ്റ മാനേജ് ചെയ്യുന്നത് സ്വകാര്യകമ്പനികളാണെങ്കില്‍ ഈ ആശങ്കകള്‍ പതിന്മടങ്ങുവര്‍ധിക്കുകയും ചെയ്യും.
മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളും ആശങ്കകളും കൂടുതല്‍ ചര്‍ച്ചയ്ക്കുവിധേയമാക്കി മാത്രമേ ആരോഗ്യനയം നടപ്പാക്കാവൂ എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *