ജനങ്ങൾ ശാസ്ത്രം പഠിക്കണം, അതിനൊത്തു ജീവിക്കണം

1

പ്രിയ സുഹൃത്തേ

പരിഷത്ത് മുഖപത്രമായ ശാസ്ത്രഗതി 50 വർഷം പിന്നിട്ടിരിക്കുന്നു. 1966 ഒക്ടോബറിൽ ഇറങ്ങിയ ആദ്യ ലക്കത്തിന്റെ പത്രാധിപക്കുറിപ്പിൽ നിന്നാണ് ഈകത്തിന്റെ തലക്കെട്ടിലെ ആശയം രൂപപ്പെടുത്തിയത്. ശാസ്ത്രത്തെ സാമാന്യ ജനങ്ങളിലേക്കെത്തിക്കുക, അവരിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് കഴിഞ്ഞ അമ്പത് വർഷവും ശാസ്ത്രഗതി പ്രവർത്തിച്ചത്; ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സമകാലിക കേരളത്തിൽ ആ പ്രവർത്തനത്തിന്റെ പ്രസക്തി അനുദിനം വർധിച്ചുകൊണ്ടിരിക്കുകയുമാണ്.

മാതൃഭാഷയിൽ ശാസ്ത്രലേഖനങ്ങൾ പ്രസിദ്ധീകരിക്കുക എന്ന പരിമിതമായ ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ശാസ്ത്രസാഹിത്യ പരിഷത്തിനെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമാക്കി വിപുലപ്പെടുത്തുന്നതിൽ ശാസ്ത്രഗതിയുടെ സംഭാവനയെക്കുറിച്ചും ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതിൽ ശാസ്ത്രഗതി നിർവഹിക്കേണ്ട പങ്കിനെക്കുറിച്ചും നമുക്ക് തികഞ്ഞ ബോദ്ധ്യമുണ്ട്. എന്നാൽ ആ പങ്ക് നിര്‍വഹിക്കേണ്ട ശാസ്ത്രഗതി എത്ര കൈകളിൽ എത്തുന്നുണ്ട് എന്ന് വിലയിരുത്തേണ്ടതില്ലേ.

വരുമാനമുള്ള എല്ലാ അംഗങ്ങളും ശാസ്ത്രഗതി വരിക്കാരാവുക എന്നത് കാലങ്ങളായുള്ള നമ്മുടെ സ്വപ്നമാണ്. ഇന്നുള്ള 40,000 ൽ പരം അംഗങ്ങളിൽ 30,000 പേരെയെങ്കിലും വരിക്കാരാക്കാൻ നമുക്ക് കഴിയേണ്ടതല്ലേ? എന്തൊക്കെയാണ് അതിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ? എങ്ങനെയാണ് അവയെ മറികടക്കാനാവുക? ഇനി ചേരുന്ന യൂണിറ്റ് മേഖലായോഗങ്ങളിൽ ഇക്കാര്യം പ്രത്യേകം ചർച്ച ചെയ്യണം. ഓരോ യൂണി റ്റിലും വരിക്കാരാകാവുന്ന എത്രപേർ വരിക്കാരായിട്ടില്ല എന്ന് പരിശോധിക്കണം. അങ്ങനെയുള്ളവരിൽനിന്ന് സമയബന്ധിതമായി വരിസംഖ്യ സ്വീകരിക്കുന്നതിനുള്ള പരിപാടി തയ്യാറാക്കണം. ഒരു പ്രധാന പ്രവർത്തകനെ അതിന്റെ ചുമതലക്കാരനാക്കുകയും വേണം.

നമ്മുടെ അംഗങ്ങൾ വായിക്കാതെയും പഠിക്കാതെയും എങ്ങനെയാണ് നാട്ടുകാരോട് സംവദിക്കാനാവുക? എങ്ങനെയാണ് ഒന്നാം ലക്കത്തിലെ പത്രാധിപക്കുറിപ്പിലെ ആശയം ജനകീയമാക്കുന്നതിന് കഴിയുക ? അമ്പത് വർഷം പിന്നിടുന്ന ഇക്കൊല്ലമെങ്കിലും അംഗത്വത്തിന് തുല്യമായ വരിക്കാർ എന്നലക്ഷ്യം നേടുന്നതിന്റെ തുടക്കം കുറിച്ച് പകുതി അംഗങ്ങളെയെങ്കിലും വരിക്കാരാക്കുന്ന പ്രവർത്തനം പൂർത്തീകരിക്കാനാകണം. പഞ്ചായത്ത് വിജ്ഞാനോത്സവത്തിന്റെയും വിദ്യാഭ്യാസ സംവാദങ്ങളുടെയും ഒപ്പം ഒക്ടോബർ മാസത്തെ പ്രധാന പ്രവർത്തനമായി ശാസ്ത്രഗതിക്കായുള്ള പ്രത്യേക കാമ്പയിനും രൂപപ്പെടുത്തിയെടുക്കാൻ താങ്കളുടെ നേതൃത്വപരമായ ഇടപെടൽ പ്രതീക്ഷിക്കുന്നു.

1 thought on “ജനങ്ങൾ ശാസ്ത്രം പഠിക്കണം, അതിനൊത്തു ജീവിക്കണം

Leave a Reply

Your email address will not be published. Required fields are marked *