ജനറല്‍ സെക്രട്ടറിയുടെ കത്ത്

0

പ്രിയ സുഹൃത്തേ,

മെയ് 24, 25, 26 തീയതികളിലായി നടക്കാനിരിക്കുന്ന 56-ാം സംസ്ഥാന വാര്‍ഷികത്തിന്റെ ഒരുക്കങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ നടന്നുകൊണ്ടിരിക്കുകായാണ്. മെയ് ആദ്യവാരത്തിനുമുമ്പായി യൂണിറ്റ്, മേഖല, ജില്ലാ വാര്‍ഷികങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. “നമ്മള്‍ ജനങ്ങള്‍ ശാസ്ത്രകലാജാഥ” വിവിധ ജില്ലകളില്‍ ഫെബ്രുവരി ആദ്യവാരത്തോടെ പര്യടനമാരംഭിച്ചാല്‍ മാര്‍ച്ച് ആദ്യവാരത്തോടുകൂടി മാത്രമേ പൂര്‍ത്തിയാവുകയുള്ളു. അതുകൊണ്ടുതന്നെ കലാജാഥയും വാര്‍ഷികങ്ങളും ചില ജില്ലകളിലെങ്കിലും സമാന്തരമായി നടത്തേണ്ടതായി വരും. കലാജാഥയുടെ അനുബന്ധപരിപാടിയായ ജനോത്സവം വാര്‍ഷികങ്ങളോടൊപ്പം തുടര്‍ന്നും നടത്തണം.

പ്രവര്‍ത്തനറിപ്പോര്‍ട്ട്, വരവ് ചെലവ് കണക്കുകള്‍, സംഘടനാ രേഖയുടെ അവതരണം, ചര്‍ച്ച എന്നിവയാണ് യൂണിറ്റ് വാര്‍ഷികങ്ങളില്‍ പ്രധാനമായും നടക്കേണ്ടത്. സംഘടനയുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന രീതിയിലാണ് യൂണിറ്റ് രേഖ തയ്യാറാക്കിയിട്ടുള്ളത്. അതിനാല്‍ യൂണിറ്റ് രേഖ പൂര്‍ണമായും വായിച്ച് ചര്‍ച്ച ചെയ്യുന്നതായിരിക്കും ഉചിതം. നമ്മള്‍ ജീവിക്കുന്ന പ്രദേശത്തെ ഒരു സ്വാധീനഘടകമാകാന്‍ സംഘടനയ്ക്ക് എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയും എന്ന രീതിയിലുള്ള ചര്‍ച്ചയും യൂണിറ്റ് വാര്‍ഷികങ്ങളില്‍ നടക്കണം. ഓരോ അംഗത്തെയും ഒരു ചുമതല ഏല്‍പ്പിച്ചാല്‍ മാത്രമേ മുഴുവന്‍ അംഗങ്ങളെയും പ്രവര്‍ത്തകരാക്കി മാറ്റാന്‍ കഴിയുകയുള്ളു.

ഇന്ത്യയുടെ സാമൂഹിക ജീവിതത്തിലേക്ക് വര്‍ഗീയ ഫാസിസത്തിന്റെ കടന്നുവരവ് കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലോകജനതയ്ക്ക് മുന്നില്‍ നാം അപഹാസ്യരാകുന്ന വിധത്തില്‍ ഇന്ത്യയിെല ദേശിയ ശാസ്ത്രകോണ്‍ഗ്രസില്‍ ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ പുരാണേതിഹാസങ്ങളിലെ കല്പിത കഥകളുമായി തുലനം ചെയ്യുന്ന രീതിയും നാം കണ്ടു. ഭരണകര്‍ത്താക്കള്‍ക്കൊപ്പം ശാസ്ത്രജ്ഞരും ഇതിനോട് ഐക്യപ്പെടുന്നത് നമ്മെ ഏറെ ആശങ്കാകുലരാക്കുന്നു.

നവോത്ഥാന മൂല്യങ്ങള്‍ മുന്നോട്ട് നയിച്ച കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള കേരളത്തെ നയിക്കുന്നത് ശാസ്ത്രബോധമല്ല എന്നത് ശബരിമല പ്രശ്നത്തിലൂടെ നാം കണ്ടറിഞ്ഞതാണ്. ഓരോ ചെറുത്തുനില്‍പ്പിനും ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും പിന്‍ബലം നല്‍കാനുള്ള ഉത്തരവാദിത്തം ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ക്കുണ്ട്. അതിനാല്‍ സമ്മേളനത്തിന്റെ അനുബന്ധമായി നടത്തുന്ന ക്ലാസുകള്‍ ഏറെ പ്രധാനമാണ്

സമ്മേളനം നടക്കുന്ന വിവരം ഓരോ അംഗത്തെയും നേരിട്ട് കണ്ട് അറിയിച്ചാല്‍ മാത്രമേ പങ്കാളിത്തം ഉറപ്പുവരുത്താന്‍ കഴിയുകയുള്ളു. ഒരു ജില്ലാകമ്മിറ്റി അംഗമെങ്കിലും നിര്‍ബന്ധമായും യൂണിറ്റ് വാര്‍ഷികങ്ങളില്‍ പങ്കെടുക്കണം. പരിഷത്ത് അംഗങ്ങള്‍ക്ക് പുറമേ വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ളവര്‍, ജനപ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവരുടെ പങ്കാളിത്തവും സമ്മേളനങ്ങളില്‍ ഉറപ്പുവരുത്തണം. ഗ്രാമപത്രം, പോസ്റ്ററുകള്‍, വിളംബര ജാഥ തുടങ്ങി വിവിധ സംവിധാനങ്ങളിലൂടെ പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്.സമ്മേളനം നടന്നുകഴിഞ്ഞാല്‍ റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പ് ഫോറവും ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കണം.

സംഘടനയുടെ ജനകീയ അടിത്തറ ശക്തിപ്പെടുന്നത് യൂണിറ്റ് വാര്‍ഷികങ്ങളിലൂടെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്വയം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ ശേഷിയുള്ള ചലനാത്മകമായ യൂണിറ്റുകളാണ് നമുക്കാവശ്യം. അതിനനുസരിച്ചുള്ള ശ്രദ്ധയും ഗൗരവവും യൂണിറ്റ് സമ്മേളന നടത്തിപ്പില്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പാരിഷത്തികാഭിവാദ്യങ്ങളോടെ,

ടി.കെ മീരാഭായ്
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *