ജനറല്‍ സെക്രട്ടറിയുടെ കത്ത്

0

പ്രിയ സുഹൃത്തുക്കളേ

 

വളരെ പ്രധാനപ്പെട്ട ചില സംഘടനാകാര്യങ്ങള്‍ എഴുതാനാണ് പരിഷദ് വാര്‍ത്തയിലെ ഈ ലക്കത്തിലെ എഡിറ്റോറിയലിനെ ഞാന്‍ ഉപയോഗിക്കുന്നത്. ജനോത്സവത്തിലെ ഒരു ഘട്ടം ഫെബ്രുവരി 28ന് അവസാനിക്കുകയാണല്ലോ. ജനാധിപത്യം, മതേതരത്വം, ശസ്ത്രബോധം എന്നിവ സാമാന്യബോധമാക്കാനും വിദ്വേഷത്തിനുപകരം ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മാനവികത ഉയര്‍ത്തിപ്പിടിക്കാനുമാണ് നാം ദേശവ്യാപകമായി ജനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. ജനോത്സവത്തെ സംബന്ധിച്ച് ഒരു പ്രാദേശികവിലയിരുത്തല്‍ എല്ലാവരിലും ഉണ്ടാകണം. ഓരോ കേന്ദ്രത്തിലും വിലയിരുത്തല്‍ നടത്തി മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളോടെ [email protected] വിലാസത്തില്‍ അയക്കണം. ഇതുമായി ബന്ധപ്പെട്ടുള്ള തുടര്‍പ്രവര്‍ത്തനം ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തണമെന്നാണ് സംഘടന ആഗ്രഹിക്കുന്നത്.
കലാജാഥയില്‍നിന്ന് വ്യത്യസ്തമായി വിവിധ മേഖലകളിലുള്ള ജനങ്ങളെ ഉള്‍പ്പെടുത്തി ജനോത്സവം നടത്തുമ്പോള്‍ പുസ്തക പ്രചാരണം വര്‍ധിക്കുമെന്നാണ് കരുതിയത്. എന്നാല്‍ പുസ്തകവില്‍പ്പന പുറകോട്ട് പോയിരിക്കുകയാണ്. സംഘടനയെ സംബന്ധിച്ചിടത്തോളം അതീവഗുരുതരമായ സാമ്പത്തിക സ്ഥിതിയിലേക്കാണ് നമ്മള്‍ എത്തിപ്പെട്ടിരിക്കുന്നത്. പുസ്തകം അച്ചടിച്ച വകയില്‍ 20 ലക്ഷം രൂപ കൊടുത്തു തീര്‍ക്കാനുണ്ട്. നമ്മുടെ ഖജനാവില്‍ പണം ഒന്നുമില്ല. ഈ സ്ഥിതിയില്‍ നമ്മുടെ പ്രവര്‍ത്തകര്‍ ഒത്തുപിടിച്ചേ തീരു. യൂണിറ്റ് മുതല്‍ സംസ്ഥാനം വരെയുള്ള ഘടകങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താതെ നമുക്ക് മുന്നോട്ട് പോകാനാവില്ല. വാര്‍ഷികങ്ങള്‍ വരെ ഒരു ടാര്‍ജറ്റഡ് പുസ്തകപ്രചരണത്തിന് എല്ലാവരും ഒരുങ്ങണം. ഈ വരുന്ന ദിനങ്ങള്‍ പരിഷത്ത് പ്രവര്‍ത്തകര്‍ കുറച്ചുകൂടി വിയര്‍ത്ത് പ്രവര്‍ത്തിക്കണമെന്നഭ്യര്‍ഥിക്കുന്നു.
യൂണിറ്റ‌് വാര്‍ഷികങ്ങള്‍ ഇതിനകം തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ടാകും. നാട്ടിലെ ജനങ്ങള്‍ അറിയുന്ന വിധത്തില്‍ നമ്മുടെ വാര്‍ഷികങ്ങള്‍ മാറണം. മുഴുവന്‍ അംഗങ്ങളും പങ്കെടുക്കുന്നതുമാകണം. നമ്മുടെ വാര്‍ഷികങ്ങള്‍, അനുബന്ധപരിപാടിള്‍ ആസൂത്രണം ചെയ്യണം. നമ്മള്‍ ജീവിക്കുന്ന പഞ്ചായത്തിലെ ഒരു സ്വാധീന ഘടകമാക്കാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ആകണം ഏറ്റെടുക്കേണ്ടതെന്നുള്ള ചര്‍ച്ചയാകണം യൂണിറ്റ് വാര്‍ഷികത്തിലെ മുന്‍ഗണന. ഒരു പൊതുയോഗം, ഒരു ശാസ്ത്രജാഥ എന്നിവയൊക്കെ ആലോചിക്കണം. യൂണിറ്റിലെ സ്ത്രീപ്രാതിനിധ്യം, യുവ പ്രാതിനിധ്യം എന്നിവ പ്രത്യേകം ചര്‍ച്ച ചെയ്യണം. അംഗത്വപ്രവര്‍ത്തനം നടക്കുന്ന സമയമായതുകൊണ്ട് ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് വിദഗ്ധരായ ആളുകള്‍ ഉള്‍പ്പെടെയുള്ളവരെ സംഘത്തിലേക്ക് കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കണം.
വരും നാളുകളില്‍ കഴിയാവുന്നത്ര സമയം സംഘടനയ്ക്കുവേണ്ടി മാറ്റിവച്ചുകൊണ്ട് മാത്രമേ മുകളില്‍പ്പറഞ്ഞ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ നമുക്ക് കഴിയുകയുള്ളൂ.

 

Leave a Reply

Your email address will not be published. Required fields are marked *