ജനറല്‍ സെക്രട്ടറിയുടെ കത്ത്

0

പ്രിയ സുഹൃത്തുക്കളേ

ഗ്രാമനഗരപോരാളികളെ സ്ത്രീജീവിതങ്ങള്‍ നമുക്ക് മാറ്റിയെടുക്കാനുള്ള സമയമിതാണ് എന്ന സന്ദേശവുമായി ഇതാ ഒരു വനിതാദിനം കൂടി. (The Time is Now : Rural and Urban Activists transforming women lives)
നമ്മുടെ സംഘടനയെ സംബന്ധിച്ചിടത്തോളം ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജന്റര്‍ സൗഹൃദ വികസനമാതൃകകള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ഇടപെടലുകളുടെ ഒരു ഘട്ടം മാര്‍ച്ച് 8ഓടെ പൂര്‍ത്തിയാവുകയാണ്. തെരഞ്ഞെടുത്ത 14 പഞ്ചായത്തുകളിലെ പ്രാദേശികസര്‍ക്കാരുകള്‍ ലിംഗതുല്യത സംബന്ധിച്ച അവരുടെ നയരേഖയും നിശ്ചിതകാലത്തിനുള്ളില്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങളും പ്രവര്‍ത്തനപരിപാടിയുമെല്ലാം പൊതുജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത് ഈ ദിവസമാണ്. അതിനാല്‍ സാധാരണ നടക്കുന്ന ആഘോഷങ്ങള്‍ക്കുമപ്പുറം ഏറെ ഗൗരവത്തോടും ശ്രദ്ധയോടും കൂടിയ പ്രവര്‍ത്തനങ്ങള്‍ ഈ പഞ്ചായത്തുകളില്‍ നടക്കേണ്ടതുണ്ട്. വിഷയസമിതിയോടൊപ്പം സംഘടനയുടെയും ശ്രദ്ധ ആവശ്യമായി വരുന്ന സന്ദര്‍ഭമാണിത്.
അതോടൊപ്പം എല്ലാ യൂണിറ്റുകളിലും ഒരു പരിപാടിയെങ്കിലും ജനശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ നടത്താന്‍ നമുക്ക് കഴിയണം. നമ്മുടെ ജനോത്സവബന്ധങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. വായനശാലകള്‍, ക്ലബ്ബുകള്‍, അയല്‍ക്കൂട്ടങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍…. സാധ്യതകള്‍ നിരവധിയാണ്. അവസരം ഉപയോഗപ്പെടുത്തുകയെന്നതുതന്നെയാണ് പ്രധാനം. പൊതുഇടങ്ങളിലെ ലിംഗനീതി സൗഹൃദപരത, സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം, ലിംഗനീതിയുടെ ശാസ്ത്രം, രാഷ്ട്രീയം എന്നിവയെല്ലാം ചര്‍ച്ച ചെയ്യപ്പെടണം. പൊതുവഴികള്‍, ബസ്‍സ്റ്റാന്റ്, മാര്‍ക്കറ്റ്, ലൈബ്രറികള്‍, കളിസ്ഥലങ്ങള്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍…. വേണ്ടത്ര അവധാനതയോടെ നോക്കിക്കാണാത്ത എത്രയെത്ര സ്ഥലങ്ങള്‍!
നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയില്‍ 31 ശതമാനവും തമിഴ് നാട്ടില്‍ 54 ശതമാനവും സ്ത്രീകള്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ കേരളത്തില്‍ അത് കേവലം 12 ശതമാനം മാത്രമാണ്. പകുതിയിലധികം സ്ത്രീവോട്ടര്‍മാരുള്ളപ്പോഴും നിയമസഭയിലെ സ്ത്രീപ്രാതിനിധ്യം ഒരിക്കല്‍പോലും എട്ടുശതമാനത്തില്‍ കൂടിയിട്ടില്ല. ഉന്നതവിദ്യാഭ്യാസരംഗത്തെ ഉയര്‍ന്ന സ്ത്രീപ്രാതിനിധ്യം തൊഴില്‍പങ്കാളിത്തനിരക്കില്‍ പ്രതിഫലിക്കുന്നില്ല. കുറഞ്ഞവേതനം കിട്ടുന്നതും കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ളതും അസംഘടിതമേഖലയില്‍ ഉള്ളതുമായ തൊഴിലുകളിലേര്‍പ്പെടാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാവുകയാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ 72.9 ശതമാനവും വീട്ടില്‍ പാചകജോലി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പൊതുമണ്ഡലത്തിലേക്ക് ഇറങ്ങുന്നതെന്ന് സ്ത്രീപദവിപഠനം സൂചിപ്പിക്കുന്നു. ഏറ്റവുമൊടുവില്‍ ദേശീയ കുടുംബാരോഗ്യസര്‍വേയുടെ (NFHS-4) റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കേരളത്തില്‍ 69 ശതമാനം സ്ത്രീകള്‍ ഗാര്‍ഹികപീഡനത്തെ അനുകൂലിക്കുന്നവരാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു സാമൂഹ്യ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് നാം വനിതാദിനം ആചരിക്കുന്നതെന്ന ഓര്‍മപ്പെടുത്തലിന് കൂടിയാണ് ഇത്രയും എഴുതിയത്.
യുക്തിസഹമായി ചിന്തിക്കാനും കാര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിനുമുള്ള ശേഷിയുണ്ടെങ്കില്‍ മാത്രമേ കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഈ നിര്‍മിതസമ്മതിയെ മാറ്റിയെടുക്കാനാവൂ. അതുണ്ടാക്കിയെടുക്കാനുള്ള തീവ്രമായ ശ്രമമാണ് നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.

സ്നേഹത്തോടെ
ടി.കെ.മീരാഭായ്
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *