നവോത്ഥാനവര്‍ഷം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക സാംസ്‌കാരിക പാഠശാല സമാപിച്ചു

0

കോട്ടയ്ക്കല്‍: ലോകവും ഇന്ത്യയും കേരളവും പുരോഗമനചിന്തയുടെ പാതയിലേക്ക് നടന്നുകയറിയ ഒട്ടേറെ ചരിത്രസന്ദര്‍ഭങ്ങളുടെ ഓര്‍മ പുതുക്കുന്ന 2017 നവോത്ഥാനവര്‍ഷമായി ആചരിക്കുവാനുള്ള ആഹ്വാനവുമായി പരിഷത്ത് സംസ്ഥാനതല സാംസ്‌കാരിക പാഠശാല സമാപിച്ചു. കോട്ടയ്ക്കല്‍ അധ്യാപകഭവനില്‍ നടന്ന പാഠശാലയില്‍ വിവിധ ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. പുതിയ കാലത്തിന്റെ വിഹ്വലതകള്‍ പങ്കുവച്ചുകൊണ്ട് പ്രശസ്തകവി പി.പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഴയകാലത്ത് തൊഴിലിന്റെ അടിസ്ഥാനത്തില്‍ ഉച്ചനീചത്വങ്ങള്‍ കല്പിച്ചിരുന്നെങ്കില്‍, അന്ന് ജാതി ആരോപിച്ചിരുന്നത് മനുഷ്യര്‍ക്കാണ് എങ്കില്‍ ഇന്ന് വസ്തുക്കള്‍ക്കും ഭക്ഷണപദാര്‍ഥങ്ങള്‍ക്കും ജാതിയും മതവും കല്പിക്കുന്നു. അതിന്റെപേരില്‍ വിവാദങ്ങള്‍ നടക്കുന്നു. ശുദ്ധിവാദങ്ങള്‍ പലപ്പോഴും ഫാസിസത്തെ ക്ഷണിച്ചുവരുത്തുകയാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് പോലെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് ചുമതലകള്‍ വര്‍ധിക്കുന്നു. വളരെ അപകടകരമായ ഒരു സാമൂഹിക പരിസ്ഥിതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പരിഷത്ത് മലപ്പുറം ജില്ലാപ്രസിഡണ്ട് ഇ.വിലാസിനി അധ്യക്ഷയായി. സുരേഷ് പുല്ലാട്ടിന്റെ കവിതാലാപനത്തോടെ ആരംഭിച്ച പരിപാടിക്ക് എം.എസ്. മോഹനന്‍ സ്വാഗതവും യൂണിറ്റ് സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

പാഠശാലയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ സംസ്ഥാനകണ്‍വീനര്‍ വി.വി. ശ്രീനിവാസന്‍ വിശദീകരിച്ചു. ചെയര്‍മാനും ക്യാമ്പ് ഡയറക്ടറുമായ ടി.വി. വേണുഗോപാലന്‍ ക്യാമ്പിലെ ചര്‍ച്ചകള്‍ക്ക് ആമുഖം അവതരിപ്പിച്ചു. തുടര്‍ന്ന് പി.എസ്. രാജശേഖരന്‍ സാംസ്‌കാരികരേഖ അവതരിപ്പിച്ചു. ഇതിന്മേലുള്ള ഗ്രൂപ്പ് ചര്‍ച്ചകള്‍ നടന്നു. ബിജു നിടുവാലൂര്‍, .ഡി. ഡേവിസ്, ആകാശ് എന്നിവര്‍ ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകിട്ട് എം.എം. സചീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന കവിയരങ്ങില്‍ വി.നൂറ, ഡോ. ശശിധരന്‍ ക്ലാരി, ഹരി ആനന്ദകുമാര്‍, അന്‍സാരി ചുള്ളിപ്പാറ, മണിലാല്‍ മുക്കൂട്ടുതറ, കെ. വിജയന്‍, .എം. ബാലകൃഷ്ണന്‍, ജയ്‌ദേവകൃഷ്ണന്‍ എന്നിവര്‍കവിത അവതരിപ്പിച്ചു.

ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ നവോത്ഥാനവര്‍ഷം എന്ത് എങ്ങനെ എന്തിന് എന്ന വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് ക്യാമ്പയിന്‍ പരിപാടികളെക്കുറിച്ച് രാത്രി വൈകുംവരെ ചര്‍ച്ചകള്‍ നടന്നു.

രണ്ടാംദിവസം നവോത്ഥാനവും സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ സംവാദം നടന്നു. ഡോ. അനില്‍ചേലേമ്പ്ര വിഷയം അവതരിപ്പിച്ചു. ഭാവി പ്രവര്‍ത്തനപരിപാടികളിന്മേലുള്ള ചര്‍ച്ച കെ. പ്രേംരാജ്, . അജയകുമാര്‍, പി. ജിതിന്‍ എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്‍വീനര്‍ ഭാവിപ്രവര്‍ത്തന ചര്‍ച്ചകള്‍ ക്രോഡീകരിച്ചു. ഉച്ചയോടെ ക്യാമ്പ് സമാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുരളീധരന്‍, വൈസ് പ്രസിഡണ്ട് എന്‍. ശാന്തകുമാരി, സംസ്ഥാന സെക്രട്ടറി എ.എം. ബാലകൃഷ്ണന്‍, കേന്ദ്ര നിര്‍വാഹകസമിതിഅംഗം കെ. മനോഹരന്‍, കെ. വിജയന്‍, കെ. വിലാസിനി എന്നിവരും സി.പി. സുരേഷ്ബാബു, ബി.എസ്. ശ്രീകണ്ഠന്‍, വേണു പാലൂര്‍, വി.ആര്‍. പ്രമോദ് തുടങ്ങിയവരും ശില്പശാലക്ക് നേതൃത്വം നല്‍കി.

നവോത്ഥാനവര്‍ഷം

കോട്ടയ്ക്കല്‍ ശില്പശാലയില്‍ ഉരുത്തിരിഞ്ഞ പ്രവര്‍ത്തന നിര്‍ദേശങ്ങള്‍

കാലയളവ്

2017 ജനുവരി മുതല്‍ ഡിസംബര്‍വരെ

പ്രവര്‍ത്തനങ്ങള്‍

1. കലാജാഥ : ഈവര്‍ഷത്തെ കലാജാഥയാണ് ക്യാമ്പയിന് തുടക്കം കുറിക്കുക. 2017 ജനുവരി 12 മുതല്‍ 30 വരെ ജില്ലാ അടിസ്ഥാനത്തില്‍. പ്രൊഡക്ഷന്‍ ക്യാമ്പ് നവംബറില്‍ കോഴിക്കോട്. പരിശീലനക്യാമ്പുകള്‍ ജില്ലകളില്‍ ഡിസംബറില്‍.

2. ഗൃഹസന്ദര്‍ശനം സയന്‍സ് ദശകം കലണ്ടര്‍ പ്രചാരണം

സഹോദരന്‍ അയ്യപ്പന്റെ സയന്‍സ് ദശകം കലണ്ടര്‍ രൂപത്തില്‍ അച്ചടിച്ച് കേരളത്തില്‍ പരമാവധി വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിക്കും. ഇതിനായുള്ള ഗൃഹസന്ദര്‍ശനം 2017 ഫെബ്രുവരിമാര്‍ച്ച് മാസങ്ങളില്‍. ഇതിനാവശ്യമായ ലഘുലേഖ തയ്യാറാക്കും.

3. പ്രദര്‍ശനം

കേരളത്തിന്റെ നവോത്ഥാനചരിത്രം, ശാസ്ത്രബോധം എന്നിവ വിഷയമാക്കിക്കൊണ്ടുള്ള ഒരു പ്രദര്‍ശനപാനല്‍ തയ്യാറാക്കണം. ജില്ലകള്‍ക്ക് ഓരോ സെറ്റ് വീതം. പാനല്‍ തയ്യാറാക്കുന്നതിനുള്ള ചുമതല കൊല്ലം ജില്ല ഏറ്റെടുത്തു.

4. ചലച്ചിത്ര പ്രദര്‍ശനം

നവോത്ഥാനമൂല്യം ഉള്‍ക്കൊള്ളുന്ന ലഘുചിത്രങ്ങള്‍, ഫീച്ചര്‍ ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം. ഇതിനായുള്ള ശില്പശാല നവംബറില്‍ എറണാകുളം ജില്ലയില്‍ നടക്കും.

5. ചിത്രകലാ കൂട്ടായ്മ :

ആശയപ്രചരണ രംഗത്ത് ചിത്രകലയുടെ സാധ്യതകള്‍ ആരായുന്നതിനുള്ള ശ്രമങ്ങള്‍ നടക്കണം. ഇതിനായുള്ള ശില്പശാല കണ്ണൂര്‍ ജില്ലയില്‍. തുടര്‍ന്ന് ജില്ലകളില്‍ ചിത്രകലാ കൂട്ടായ്മകള്‍.

6. മാധ്യമനവമാധ്യമ ശില്പശാല :

പുതിയ ആശയപ്രചാരണരീതികള്‍ വികസിപ്പിക്കുന്നതിനും മാധ്യമവിമര്‍ശനം ചര്‍ച്ച ചെയ്യുന്നതിനുമായുള്ള ശില്പശാല തിരുവനന്തപുരം ജില്ലയില്‍ നടക്കും.

7. സയന്‍സ് ഫിക്ഷന്‍ രചനാശില്പശാല

ശാസ്ത്രകല്പിത കഥകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള രചനാശില്പശാല സാഹിത്യഅക്കാദമിയുമായി സഹകരിച്ച് തൃശ്ശൂരില്‍ സംഘടിപ്പിക്കും.

8. മുദ്രാഗീതം രചനാ ശില്പശാല

ആശയപ്രചാരണത്തിന് ശക്തമായ മുദ്രാഗീതങ്ങള്‍ രൂപപ്പെടുത്തുന്നതിനായുള്ള ശില്പശാല മലപ്പുറം ജില്ലയില്‍ നടക്കും. ഇതിന്റെ ഭാഗമായി നവോത്ഥാനഗീതങ്ങള്‍ ഓഡിയോ സി.ഡി. തയ്യാറാക്കും.

9. ശാസ്ത്രനാടക രചനാമത്സരം :

സംസ്ഥാനതലത്തില്‍ ശാസ്ത്രനാടക രചനാമത്സരം സംഘടിപ്പിക്കും.

10. ഗ്രാമശാസ്‌ത്രോത്സവങ്ങള്‍

വിവിധ പ്രവര്‍ത്തനങ്ങള്‍ കൂട്ടിയിണക്കിയ പ്രാദേശികതല സാംസ്‌കാരികോത്സവങ്ങള്‍ 2017 ഒക്‌ടോബര്‍, നവംബര്‍. പ്രഭാഷണങ്ങള്‍, ക്ലാസുകള്‍, സംവാദങ്ങള്‍, വ്യത്യസ്തതരം കൂട്ടായ്മകള്‍, കലാ ആവിഷ്‌കാരങ്ങള്‍.

11. പദയാത്രകള്‍

ഗ്രാമശാസ്‌ത്രോത്സവ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന പദയാത്രകള്‍. ജില്ലാകേന്ദ്രത്തില്‍ നടക്കുന്ന മാനവസംഗമ കേന്ദ്രത്തിലേക്ക്.

12. മാനവസംഗമങ്ങള്‍

കാമ്പയിന് സമാപനം കുറിച്ചുകൊണ്ട് വിപുലമായ സംഗമം ജില്ലാകേന്ദ്രങ്ങളില്‍ 2017 ഡിസംബറില്‍.

നവോത്ഥാനവര്‍ഷം കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ആലോചിക്കുന്നതിനായുള്ള ജില്ലാതല സാംസ്കാരിക ശില്പശാലകള്‍ ഒക്ടോബറില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *