ഫ്ലെക്സിന്റെ പുനരുപയോഗ സാധ്യതയുമായി പരിഷത്ത് ആലപ്പുഴ ടൗൺ യൂണിറ്റ്

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ടൗൺ യൂണിറ്റ് കൺവൻഷൻ. ചർച്ചയ്ക്കിടെ ലോകഫുട്ബോൾ മത്സരവും കവലകൾ തോറും സ്ഥാപിക്കപ്പെട്ട ഫ്ലക്സ് ബോർഡും വിഷയമായി. ഫുട്ബോൾ ആരവം ഒഴിയുന്നതോടെ ഫ്ലക്സ് വലിയ പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്ന അഭിപ്രായം എല്ലാവരും ശരിവെച്ചു. പരിഹാരമെന്ത്? നമുക്കെന്തു ചെയ്യാനാവും? യൂണിറ്റ് സെക്രട്ടറിയുടെ ചോദ്യത്തിന് ഉത്തരം തേടലായി പിന്നെ. യൂണിറ്റ് അംഗം രേഷ്മ രാജ് ഒരു നിർദ്ദേശം മുന്നോട്ടുവെച്ചു. “നമുക്കിതെല്ലാം സമാഹരിക്കാം. എന്നിട്ട് പുനരുപയോഗത്തിനുള്ള വസ്തുക്കളാക്കാം.” എല്ലാവരും ആ നിർദ്ദേശത്തോട് യോജിച്ചു. രേഷ്മയും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ചിട്ടുള്ള സന്നദ്ധ സംഘടനയായ സ്പെറോയും (I Hope) പരിഷത്ത് ജില്ലാ കമ്മറ്റി അംഗം രോഹിത്‌ ജോസഫിന്റെ നേതൃത്വത്തിലുള്ള ‘ ആലപ്പുഴയിലെ കനാൽ നവീകരണത്തിനായി പ്രവർത്തിക്കുന്ന കാൻ ആലപ്പിയുടെ (CANALPI)സുഹൃത്തുക്കളും ഒപ്പം ചേരാമെന്ന് സമ്മതിച്ചു.
ഫ്ലക്സ്ബാങ്ക് എന്ന ആശയം ഉടലെടുത്തത് അങ്ങനെയാണ്. ഒരു ക്യാമ്പയിന് രൂപം നൽകി. ഒരു ഫോൺ വിളിയിൽ ഫ്ലക്സ് ശേഖരിക്കുന്ന സംവിധാനം ഒരുക്കി. ഭൂമിക്ക് ദോഷമാകുന്ന ഫ്ലക്സിന് മറ്റൊരു മുഖം നൽകുകയാണ്, ഗ്രോ ബാഗുകളും ഷീറ്റുകളായും.
നഗരത്തിലെ മിക്കവാറും പ്രധാന കവലകളിലെല്ലാമുള്ള ഓട്ടോ ഡ്രൈവർമാരുടേയും ലോഡിംഗ് യൂണിയനുകളുടേയും സഹായം പ്രയോജനപ്പെടുത്തും. പിന്തുണ എന്ന നിലയിൽ വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചത്. ആലപ്പുഴ ടൗൺ യൂണിറ്റിലെ 30-ഓളം പ്രവർത്തകരാണ് സജീവമായി ഈ പ്രവർത്തനത്തിന് സജ്ജമായിട്ടുള്ളത്.
ഫ്ലെക്സ് സർക്കാർ നിരോധിക്കേണ്ടതാണ്. അത് നിരോധിക്കുന്നതു വരെ അവ ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്യും. ഇതിനെ താൽക്കാലികമായി പുനരുപയോഗിക്കാനേ കഴിയൂ. ഒപ്പം െഫ്ളക്സിലെ പ്ലാസ്റ്റിക്കിന് ബദലായി സെല്ലുലോസിൽ നിന്നുള്ള പദാർത്ഥം ഉപയോഗിച്ചുള്ള ഷീറ്റുകൾ വിപണിയിലെത്തി തുടങ്ങിയിട്ടുണ്ട്. അത് വ്യാപകമാകുന്നതോടെ നിലവിലുള്ള െഫ്ളക്സിന്റെ ആവശ്യകത ഇല്ലാതാകും. ഇത്തരത്തിലുള്ള അന്വേഷണങ്ങളും പ്രചാരണവുമെല്ലാം ഈ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *