മലപ്പുറം ജില്ലാ വാര്‍ഷികം അംഗീകരിച്ച പ്രമേയം

0

മലപ്പുറം-കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും മാതൃഭാഷാ മാധ്യമത്തിലുള്ള പഠനം നിര്‍ബന്ധമാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വരേണ്യവര്‍ഗ വിദ്യാലയങ്ങളിലെ തെറ്റായ രീതി അനുകരിച്ച് സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രവണത ഏറിവരുന്നുണ്ട്. പൊതുവിദ്യാലയങ്ങളില്‍ ഡിവിഷന്‍ 1:1 എന്ന അനുപാതത്തില്‍ ആകാമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നത് വിദ്യാഭ്യാസമേഖലയെ പിന്നോട്ടടിപ്പിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭാഷയില്‍ പഠിക്കാനുള്ള അവസരം ഇല്ലാതാകുന്ന അവസ്ഥ പോലും സംജാതമാകുന്നുണ്ട്. ഒരു മലയാളം ഡിവിഷന്‍ പോലുമില്ലാത്ത, മാതൃഭാഷയെ പടിക്കുപുറത്താക്കുന്ന സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഏറിവരുന്നു. വിദ്യാഭ്യാസത്തിലും വികസനത്തിലും ഏറെ മുന്നേറിയ ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ മാതൃഭാഷയിലൂടെ പഠിച്ച് നേട്ടങ്ങള്‍ സൃഷ്ടിച്ചവരാണ്. കുട്ടികള്‍ക്ക് വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മാതൃഭാഷയിലേ സാധ്യമാവൂ. ആയതിനാല്‍ കേരളത്തിലെ അധ്യയനമാധ്യമം മാതൃഭാഷയാക്ക ണമെന്നും കോടതിഭാഷ മാതൃഭാഷയാക്കണമെന്നും മത്സരപ്പരീക്ഷകള്‍ക്ക് മാതൃഭാഷ ഉപയോഗിക്കണമെന്നും പരിഷത്ത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊതുവിദ്യാലയത്തിലെന്നല്ല, മലയാളം മീഡിയത്തില്‍ എന്നുതന്നെ പറയണം എന്ന മുദ്രാവാക്യമുയര്‍ത്തി മെയ് 27 മുതല്‍ 29 വരെ ജില്ലയില്‍ പ്രചാരണക്യാമ്പയിന്‍ നടത്താന്‍ സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തില്‍ ദേശീയത ജനാധിപത്യം മതേതരത്വം എന്ന വിഷയത്തില്‍ ഡോ.രാജാ ഹരിപ്രസാദ് പ്രഭാഷണം നടത്തി. പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ചക്ക് വി.ആര്‍.പ്രമോദ്, സുധീര്‍.പി, അബ്ദുള്‍ ജലീല്‍ എന്നിവര്‍ വിശദീകരണം നല്‍കി. സുനില്‍ സി.എന്‍ ഭാവിപ്രവര്‍ത്തനരേഖയും രമേഷ് കുമാര്‍.പി സാമ്പത്തികരേഖയും അവതരിപ്പിച്ചു. വിവിധ സെഷനുകളില്‍ ഇ.വിലാസിനി, സജി ജേക്കബ്, ജയ് സോമനാഥ്, എം.എസ്.മോഹനന്‍, വി.വിനോദ് എന്നിവര്‍ സംസാരിച്ചു. ജില്ലാപ്രസിഡന്റ് വി.വി.മണികണ്ഠന്‍ അധ്യക്ഷനായി. നിയമവിരുദ്ധചികിത്സകളേയും നിയമവിരുദ്ധ ചികിത്സാ പരസ്യങ്ങളേയും തടയുക, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പ്രകൃതിസൗഹൃദ ശാശ്വത പദ്ധതികള്‍ നടപ്പിലാക്കുക, മാലിന്യപരിപാലന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പിലാക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ നേതൃത്വം നല്‍കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *