റേഷന്‍ വിഹിതം ലഭിക്കുന്നുണ്ടോ? – ഒരു പഠനം

0

തൃശ്ശൂര്‍ ജില്ലയിലെ കൊടകര മേഖല പുതുക്കാട് പഞ്ചായത്ത് കേന്ദ്രീകരിച്ച് നടത്തിയ പഠനം.

 

സാമൂഹ്യസുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള പൊതുവിതരണ സംവിധാനത്തെക്കുറിച്ച് നടത്തുന്ന പഠനമാണിത്. സാധാരണക്കാരായ ജനസമൂഹത്തിന് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനും കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ മുതല്‍മുടക്കുന്നത്. BPL വിഭാഗക്കാരെ കൂടാതെ ദരിദ്രരില്‍ ദരിദ്രരായ AAY കുടുംബങ്ങളും അനാഥരും-ആശ്രിതരുമായ അന്നപൂര്‍ണ്ണ കാര്‍ഡുടമകളും അക്ഷരാര്‍ത്ഥത്തില്‍ റേഷനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്. BPL സബ്‌സിഡിക്കാരുള്‍പ്പെടെയുള്ള BPL ജനവിഭാഗങ്ങള്‍ക്ക് റേഷന്‍ മുഖ്യ ഉപാധിയല്ലെങ്കിലും സര്‍ക്കാരിന്റെ വിലനിയന്ത്രണ ഉപാധിയുടെ ഭാഗമായി നിര്‍ണ്ണായക സ്വാധീനമാണുള്ളത്.
എന്നാല്‍ ഈയൊരു സംവിധാനത്തിന്റെ ഫലപ്രാപ്തി റേഷന്‍ വിതരണത്തിലെ കൃത്യതയെ ആശ്രയിച്ചിരിക്കുന്നു. ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നത്ര അളവിലും തൂക്കത്തിലും കാര്‍ഡുടമകള്‍ക്ക് ലഭ്യമാകുന്നുണ്ടോ? അവ വേണ്ടത്ര ഗുണനിലവാരം പുലര്‍ത്തുന്നുണ്ടോ? എന്നീ ചോദ്യങ്ങള്‍ പ്രസക്തമാകുന്നു.
ഇത്തരം കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് റേഷന്‍ കടയുടമകള്‍ക്ക് ബാധ്യതയുണ്ട്. കൂടാതെ അതതുമാസം വിതരണം ചെയ്യുന്ന സാധനങ്ങള്‍ സംബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫീസില്‍നിന്ന് കൃത്യമായ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട്. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ മുഖേനയുള്ള പരിശോധനകളും നിരീക്ഷണങ്ങളും വേറെയുമുണ്ട്.
ഇതൊക്കെയുണ്ടെങ്കിലും റേഷന്‍ കാര്‍ഡുടമകള്‍ നിരാശരാണ്. അതിസാധാരണക്കാരായ BPL വിഭാഗം കാര്‍ഡുടമകളോട് കടയുടമകള്‍ പുലര്‍ത്തുന്ന മനോഭാവം സംബന്ധിച്ച് പരാതികള്‍ വ്യാപകമാണ്. തങ്ങള്‍ക്ക് എത്ര അളവില്‍ സാധനങ്ങള്‍ ലഭ്യമാണ് എന്നതു സംബന്ധിച്ച് വിവരങ്ങളൊന്നുംതന്നെ ലഭ്യമല്ലെന്ന് അവര്‍ പറയുന്നു. എന്തിന്, സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ലഭിക്കേണ്ട ബില്ല് പോലും നല്‍കാന്‍ കടയുടമകള്‍ തയ്യാറാകുന്നില്ല.
ഈ സാഹചര്യത്തിലാണ് റേഷന്‍ വിതരണം സംബന്ധിച്ച പഠനം ഏറ്റെടുക്കുന്നത്. അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങി റേഷന്‍ കടകളിലൂടെ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ ലഭ്യത സംബന്ധിച്ച് നേരിട്ട് കാര്‍ഡുടമകളില്‍നിന്ന് വിവരശേഖരണം നടത്തുകയായിരുന്നു. സര്‍ക്കാര്‍ പൊതുവിതരണ സംവിധാനം വഴി പ്രതിമാസകാലയളവിലേക്കാണ് വിതരണം എന്നതിനാല്‍ പ്രതിമാസ ലഭ്യതയിലാണ് ഊന്നുന്നത്. എന്നാല്‍ ധാന്യങ്ങള്‍ ആഴ്ചതോറും നിശ്ചിത അളവില്‍ വിതരണം ചെയ്യുന്നതിനാല്‍ ഓരോ ആഴ്ചയിലെയും അളവ് കൂട്ടിയെടുത്ത് മാസത്തെ അളവ് കണക്കാക്കുകയാണ് ചെയ്യുന്നത്. സപ്ലൈ ഓഫീസ് വഴി ലഭിക്കുന്ന പ്രതിമാസ വിവരങ്ങള്‍ (പ്രത്യേകിച്ചും ധാന്യങ്ങളെ സംബന്ധിച്ച്) റേഷന്‍ കടകളിലൂടെയുള്ള പ്രതിവാര ലഭ്യതയുമായി എത്രമാത്രം താരതമ്യമുണ്ട്? എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. ഇത് BPL, AAY, അന്നപൂര്‍ണ്ണ, BPL സബ്‌സിഡി, BPL കാര്‍ഡുകളില്‍ എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു? എന്ന ചോദ്യവും പ്രസക്തമാണ്.
റേഷന്‍ കാര്‍ഡു വിഹിതത്തേക്കാള്‍ കൂടുതല്‍ അരി കൂടുതല്‍ വിലയ്ക്ക് ലഭിക്കുന്നുവെന്ന വിവരം എത്രമാത്രം യാഥാര്‍ത്ഥ്യമാണ്? റേഷന്‍ കടയുടമയുടെ സേവനങ്ങളില്‍ എത്രമാത്രം തൃപ്തരാണ്?എന്നീ വിവരങ്ങളാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത്.
പഠനത്തിന്റെ രീതി
പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ചെങ്ങാലൂര്‍ വില്ലേജില്‍ 5 റേഷന്‍ കടകളാണുള്ളത്. ARD 355, ARD 356, ARD 357, ARD 399, ARD 456 എന്നിങ്ങനെ. ഈ റേഷന്‍ കടകളുടെ പരിധിയില്‍നിന്ന് റാന്‍ഡം അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത കുടുംബങ്ങളില്‍നിന്നായിരുന്നു വിവരശേഖരണം. ഒരു നിശ്ചിത ചോദ്യാവലി പ്രയോജനപ്പെടുത്തി വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുകയായിരുന്നു. തുടര്‍ന്ന് സാമ്പിളിനകത്തുനിന്ന് ഓരോ വിഭാഗം കാര്‍ഡുകളെയും (BPL, AAY, അന്നപൂര്‍ണ്ണ, BPL സബ്‌സിഡി, BPL എന്നിങ്ങനെ) വേര്‍തിരിച്ച് പട്ടികപ്പെടുത്തുന്നു. ചെങ്ങാലൂര്‍ വില്ലേജിലെ വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന മൊത്തം കാര്‍ഡുടമകളുടെ എണ്ണവും സാമ്പിള്‍ കാര്‍ഡുടമകളുടെ എണ്ണവും ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു. ആകെ 125 കുടുംബങ്ങളാണ് സാമ്പിള്‍.
2016 ജൂലായ് മാസം മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസര്‍ മുഖേന ചെങ്ങാലൂര്‍ വില്ലേജിലെ 5 റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതിന് നല്‍കിയ വിഹിതം എത്രമാത്രം AAY, BPL, BPL സബ്‌സിഡി, BPL എന്നീ 4 വിഭാഗം കാര്‍ഡുടമകള്‍ക്ക് ലഭിച്ചു എന്ന് അന്വേഷിച്ചപ്പോള്‍ അന്ത്യോദയ (AAY) കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്നതിന് നല്‍കിയ 35 കിലോ അരിയില്‍ പകുതി പേര്‍ക്ക് ലഭിച്ചിട്ടുള്ളത് 20 കിലോ മാത്രമാണ്. 30 കിലോ അരി ലഭിച്ചവരാണ് ബാക്കി. മൊത്തം 197 AAY കാര്‍ഡുടമകളില്‍നിന്നുമാത്രം കൊള്ളയടിക്കുന്നത് 1920 കിലോഗ്രാം അരിയാണ്. മിക്കവാറും റേഷനെ മാത്രം ആശ്രയിക്കുന്ന ദരിദ്രരില്‍ ദരിദ്രരായ ഒരു ജനസമൂഹത്തിന് സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യഭദ്രതയാണ് ഇതിലൂടെ കവര്‍ന്നെടുക്കുന്നത്.
BPL കുടുംബങ്ങള്‍ക്ക് കാര്‍ഡൊന്നിന് 25 കിലോഗ്രാം അരി വിതരണത്തിന് നല്‍കിയതില്‍ 74.4% കുടുംബങ്ങള്‍ക്കും ലഭിച്ചത് 20 കിലോഗ്രാമാണ്. 20 കിലോഗ്രാമിനേക്കാള്‍ കുറവ് അരി ലഭിക്കുന്ന 4.6% കുടുംബങ്ങളുണ്ട്. ചെങ്ങാലൂരിലെ 608 BPL കാര്‍ഡുടമകള്‍ക്ക് ആകെ നഷ്ടമാകുന്ന അരി 2741.32 കിലോഗ്രാമാണ്. സര്‍ക്കാര്‍ മുഴുവന്‍ സാമ്പത്തിക ബാധ്യതയും ഏറ്റെടുത്ത് ദരിദ്രരായ കുടുംബങ്ങള്‍ക്ക് നല്‍കുന്ന (AAY, BPL) 4661 കിലോഗ്രാം അരിയാണ് കരിഞ്ചന്തക്ക് വഴിമാറുന്നത്.
BPL കുടുംബങ്ങള്‍ക്ക് കേവലം 2 രൂപ നിരക്കില്‍ 8 കിലോഗ്രാം ഗോതമ്പാണ് ജൂലൈ മാസം വിതരണത്തിന് നല്‍കിയത്. ഇതില്‍ 11% കുടുംബങ്ങള്‍ക്കുമാത്രമാണ് അര്‍ഹമായ വിഹിതം ലഭിച്ചത്. ബാക്കി 89% കുടുംബങ്ങളില്‍നിന്നും കവര്‍ന്നെടുത്ത് ആകെ 3393 കിലോഗ്രാം ഗോതമ്പാണ്. BPL, അന്ത്യോദയ കുടുംബങ്ങളില്‍നിന്ന് അരിയും ഗോതമ്പും കൂടി ആകെ കവര്‍ന്നെടുക്കുന്നത് 8054 കിലോഗ്രാം ഭക്ഷ്യധാന്യമാണ്.
റേഷന്‍ വാങ്ങാത്ത കുടുംബങ്ങളില്‍ നിന്നുള്ള അരിയും ഗോതമ്പുമാണ് കരിഞ്ചന്തയിലെന്ന ധാരണ തിരുത്തപ്പെടുകയാണ്. ദരിദ്രരായ കുടുംബങ്ങള്‍ അരിക്കുവേണ്ടി റേഷന്‍ കടകളിലെത്തുമ്പോള്‍ അനുവദിച്ച വിഹിതംപോലും നല്‍കാതെ കൂടുതല്‍ വിലയ്ക്ക് അരി വാങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്. തങ്ങള്‍ക്ക് സൗജന്യമായി ലഭിക്കേണ്ട വിഹിതം കിലോക്ക് 20 രൂപ നല്‍കി വാങ്ങേണ്ടിവരുന്നു. 37.21% BPL കുടുംബങ്ങളാണ് 2016 ജൂലായ് മാസം അധികവിലയ്ക്ക് റേഷനരി വാങ്ങിയത്. ഇവരില്‍ 70 ശതമാനവും 10 കിലോ മുതല്‍ അധികം വാങ്ങിയവരാണ്.
BPL സബ്‌സിഡിക്കാര്‍ക്ക് 2 രൂപ നിരക്കില്‍ 8 കിലോ അരിയാണ് വിതരണത്തിന് നല്‍കിയത്. എന്നാല്‍ 45 ശതമാനം കുടുംബങ്ങള്‍ക്കും 6 കിലോ അരിവീതമാണ് ലഭിച്ചത്. 5 കിലോഗ്രാം ലഭിച്ച 11% കുടുംബങ്ങളുണ്ട്. ചെങ്ങാലൂരിലെ 1432 BPL സബ്‌സിഡി കാര്‍ഡുടമകള്‍ക്ക് നഷ്ടപ്പെടുന്നത് 2046.21 കിലോഗ്രാം അരിയാണ്. 6 രൂപ 70 പൈസ നിരക്കില്‍ 2 കിലോ ഗോതമ്പ് വിതരണത്തിന് നല്‍കിയപ്പോള്‍ 76% കുടുംബങ്ങള്‍ക്കും ഈ വിഹിതം ലഭിച്ചതേയില്ല. BPL സബ്‌സിഡിക്കാരുടെ ഗോതമ്പ് നഷ്ടം 2442.60 കിലോഗ്രാമാണ്.
BPL സബ്‌സിഡി കാര്‍ഡുടമകളില്‍ 15 ശതമാനത്തോളം പേര്‍ റേഷന്‍ കടയില്‍നിന്ന് കൂടുതല്‍ വിലയ്ക്ക് അരി വാങ്ങുന്നുണ്ട്. 18 രൂപ മുതല്‍ 20 രൂപ വരെയാണ് അവരില്‍നിന്ന് ഈടാക്കുന്നത്.
ചെങ്ങാലൂരിലെ 602 BPL കാര്‍ഡുടമകള്‍ക്ക് 8 രൂപ 90 പൈസ നിരക്കില്‍ 8 കിലോ അരിയാണ് വിതരണത്തിന് നല്‍കിയത്. ഇതില്‍ 20% കാര്‍ഡുടമകള്‍ക്കാണ് മുഴുവന്‍ വിഹിതവും ലഭിക്കുന്നത്. 70 ശതമാനം കാര്‍ഡുടമകള്‍ക്കും ഇതില്‍ കുറഞ്ഞ വിഹിതമാണ് നല്‍കുന്നത്. അരി വാങ്ങാത്ത 10% കുടുംബങ്ങളുണ്ട്. ചെങ്ങാലൂര്‍ വില്ലേജിലെ BPL കുടുംബങ്ങള്‍ക്കുള്ള അരിനഷ്ടം 1597.95 കിലോഗ്രാമാണ്.
6 രൂപ 70 പൈസ നിരക്കില്‍ 3 കിലോഗ്രാം ഗോതമ്പാണ് വിതരണത്തിന് നല്‍കിയത്. ഇത് 87% BPL കുടുംബങ്ങള്‍ക്കും ലഭിക്കുന്നില്ല. 1179.65 കിലോഗ്രാം ആണ് വകമാറ്റപ്പെടുന്നത്.
റേഷന്‍ വിഹിതത്തേക്കാള്‍ കൂടുതല്‍ അരി വാങ്ങാറുള്ളത് 20% BPL കുടുംബങ്ങളാണ്. ഇവരില്‍നിന്നും18 മുതല്‍ 20 രൂപ വരെയാണ് ഈടാക്കുന്നത്.
ചെങ്ങാലൂര്‍ വില്ലേജിലെ ഈ പഠനപ്രകാരം 2016 ജൂലൈ മാസം മാത്രം നഷ്ടമാകുന്ന അരി 8305.48 കിലോഗ്രാമാണ്. (AAY1920 കി., BPL2741.32 കി., BPL സബ്‌സിഡി 2046.21 കി., BPL1597.95 കി.) നഷ്ടമാകുന്ന ഗോതമ്പ് 7016.17 കിലോഗ്രാമും. (BPL3393.92 കി., BPL സബ്‌സിഡി 2442 കി., BPL1179.65 കി.) അതായത് പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ഈ ഒരു ചെറിയ ഗ്രാമത്തിന് ഒരു മാസം നഷ്ടമാകുന്ന മൊത്തം ഭക്ഷ്യധാന്യങ്ങള്‍ 15321.65 കിലോഗ്രാമാണ്. (അരി – 8305.48 കി., ഗോതമ്പ് – 7016.17 കി.ഗ്രാം) ഇത് മൊത്തം വിതരണത്തിന് നല്‍കിയിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ 23% മാണ്. വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ഗ്രാമങ്ങളും നഗരങ്ങളും കൂടി കണക്കിലെടുത്ത് കേരളത്തില്‍ മൊത്തം ഈയൊരു അനുപാതം 42%മാണെന്ന് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യവിഹിതങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കു ലഭിക്കാതെ കരിഞ്ചന്തയിലേക്ക് വഴിമാറുന്നതിന്റെ നേര്‍ചിത്രമാണ് ഇതിലൂടെ ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *