ശാസ്ത്രബോധത്തിന്‍ കൈത്തിരിയേന്തുക

0

പ്രിയ സുഹൃത്തേ,
2019 മെയ് 17, 18, 19, തീയതികളില്‍ പത്തനംതിട്ട പ്രമാടത്തു നടന്ന അമ്പത്തിയാറാം വാര്‍ഷിക സമ്മേളന നടപടികളും ജൂണ്‍ 8, 9 തീയതികളില്‍ തൃശൂര്‍ പരിസരകേന്ദ്രത്തില്‍ നടന്ന സംയുക്ത നിര്‍വാഹക സമിതി തീരുമാനങ്ങളും മുഴുവന്‍ അംഗങ്ങളിലേക്കുമെത്തിക്കുന്നതിന്റെ ആദ്യ പടി എന്ന നിലയില്‍ ജില്ലാ-മേഖലാ പ്രവര്‍ത്തക യോഗങ്ങള്‍ എല്ലാ ജില്ലകളിലും പൂര്‍ത്തിയായി. ജില്ലാ പ്രവര്‍ത്തക യോഗങ്ങള്‍ ഒന്നില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വിളിച്ചുചേര്‍ത്തും രണ്ടോ മൂന്നോ മേഖലകള്‍ ചേര്‍ന്ന് ക്ലസ്റ്ററുകളായും നടന്നിട്ടുണ്ട്. മുഴുവന്‍ യൂനിറ്റ് കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കുക എന്നതാണ് അടുത്ത പടി. അതു സമയബന്ധിതമായി നടത്താന്‍ നമുക്കാവണം.
നഷ്ടമാവുന്ന ശാസ്ത്രബോധത്തെ തിരിച്ചുപിടിക്കണമെന്നും അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കണമെന്നുമാണ് വാര്‍ഷിക സമ്മേളനം ആഹ്വാനം ചെയ്തത്. പ്രകൃതിയേയും സമൂഹത്തേയും ശാസ്ത്രീയമായി സമീപിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്ന ഒരു മഹായജ്ഞമാണ് കേരളത്തില്‍ രൂപപ്പെടേണ്ടതെന്നും നാം വിലയിരുത്തി. ദേശീയതലത്തില്‍ ഉയരുന്ന ശാസ്ത്രനിഷേധത്തിന്റെ വന്‍വെല്ലുവിളികളെ നേരിടാനും അതാവശ്യമാണ്. യുക്തിരാഹിത്യത്തിനും അശാസ്ത്രീയത കള്‍ക്കുമെതിരെ കേവലമായ പ്രചരണത്തിനു പകരം ശാസ്ത്രവിജ്ഞാനവും ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണവും പ്രചരിപ്പിച്ചുകൊണ്ടും വിമര്‍ശനബുദ്ധി ഉണര്‍ത്തിക്കൊണ്ടും ശാസ്ത്രീയചിന്തയിലേക്ക് എത്താന്‍ സമൂഹത്തില്‍ ഇടപെടുകയാണ് വേണ്ടത്.
നാട്ടില്‍ ശാസ്ത്രം പറയാന്‍ കിട്ടുന്ന എല്ലാ അവസരങ്ങളും ഇതിനായി പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയണം. ആവര്‍ത്തനപ്പട്ടികയുടെ നൂറ്റിയമ്പതാം വാര്‍ഷികവും മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തിയിട്ട് അര നൂറ്റാണ്ട് തികയുന്നതും ഡിസംബര്‍ 26 ന്റെ വലയ സൂര്യഗ്രഹണവുമെല്ലാം ഇക്കൊല്ലത്തെ സാധ്യതകളാണ്. സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളേയും പൊതുജനങ്ങളേയും പങ്കാളികളാക്കുന്ന ഓണ്‍ലൈന്‍ മത്സരങ്ങളും മറ്റും ഉള്‍പ്പെടുത്തിയുള്ള ശാസ്ത്രാവബോധ കാമ്പയിന്‍ ശ്രദ്ധേയമായി നടത്താന്‍ വിദ്യാലയങ്ങളും കലാലയങ്ങളും ശാസ്ത്രസ്ഥാപനങ്ങളുമടക്കം സമാന ചിന്താഗതിക്കാരായ എല്ലാവരേയും നമുക്ക് ഒപ്പം കൂട്ടാന്‍ കഴിയണം. ഇതോടൊപ്പം തന്നെ കാമ്പസ് ശാസ്ത്രസമിതികളും‍ പ്രാവര്‍ത്തികമാക്കണം. ഈയൊരു ധാരണയോടെയാണ് പ്രത്യേക അംഗത്വ കാമ്പയിന്‍ നടക്കേണ്ടത്.‍ മുതിര്‍ന്ന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചിട്ടയോടെ ഇത് ആസൂത്രണം ചെയ്യുമല്ലോ.
പുതുതായി എത്തിയവരടക്കം മുഴുവന്‍ അംഗങ്ങളിലേക്കും സംഘടനാ കാഴ്ചപ്പാട്‍ എത്തിക്കുക എന്നത് വളരെ പ്രധാനമാണ്. അതിനുള്ള സംഘടനാ വിദ്യാഭ്യാസ പരിപാടി യൂനിറ്റ് തലം വരെ എത്തിക്കാനാണ് ഇക്കൊല്ലം നാം ശ്രമിക്കുന്നത്. ഇതിനു നേതൃത്വം കൊടുക്കേണ്ടവര്‍ക്ക് ജില്ലാ മേഖലാ തലത്തില്‍ പഠനക്യാമ്പുകള്‍ നടത്തേണ്ടതുണ്ട്. ഇവിടെ റിസോഴ്സ് പേഴ്സണ്‍ ആവേണ്ട ജില്ലാ ഭാരവാഹികള്‍ക്കും നിര്‍വാഹക സമിതി അംഗങ്ങള്‍ക്കുമായുള്ള സംസ്ഥാന സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് മലപ്പുറത്തും തിരുവനന്തപുരത്തുമായി പൂര്‍ത്തിയായിട്ടുണ്ട്.
നമ്മുടെ ആനുകാലികങ്ങളായ യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും ഒരു വര്‍ഷം നീളുന്ന അമ്പതാം വാര്‍ഷികാഘോഷത്തിന് തൃശൂരില്‍ വര്‍ണാഭമായ തുടക്കം കുറിക്കാന്‍ കഴിഞ്ഞു. കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. ജി. ശങ്കരന്‍ആണ് ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പരിഷദ് പ്രവര്‍ത്തകരുമടക്കം 537 പേര്‍ രജിസ്റ്റര്‍ ചെയ്തവര്‍ മാത്രമുണ്ട്. ആതിഥേയത്വം വഹിച്ച തൃശൂര്‍ ജില്ലാ കമ്മിറ്റിയെയും പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ച മുഴുവന്‍ പ്രവര്‍ത്തകരേയും അഭിനന്ദി ക്കുന്നു. തുടര്‍ന്ന് സംസ്ഥാന തലത്തിലും ജില്ലാ മേഖലാ യൂനിറ്റു തലങ്ങളിലുമുള്ള യുറീക്കോത്സവങ്ങളും അഖിലേന്ത്യാ ബാലോത്സവവും മറ്റ് ഒട്ടേറെ പരിപാടികളും നമുക്ക് ആവിഷ്ക്കരിച്ച് നടപ്പാക്കാനുണ്ട്. വിജ്ഞാനോത്സവവും ബാലവേദി പ്രവര്‍ത്തനങ്ങളും മാസികാ പ്രചരണവുമെല്ലാം ഏകോപിപ്പിച്ചു കൊണ്ട് വേണം നമുക്ക് മുന്നോട്ടു പോകാന്‍.
ഒരുലക്ഷം മാസികാ വരിക്കാരെയാണ് ഇക്കൊല്ലം നാം ലക്ഷ്യമിടുന്നത്. അതിനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ യൂനിറ്റുതലത്തില്‍ ആവിഷ്ക്കരിക്കേണ്ടതുണ്ട്. ശാസ്ത്രാമൃതം എന്ന പേരില്‍ കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ പഞ്ചായത്തില്‍ നടന്നു വരുന്ന വേറിട്ട മാസികാ പ്രചാരണം ശ്രദ്ധേയമാണ്. പഞ്ചായത്തിലെ പ്രൈമറി വിഭാഗത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും വര്‍ഷം മുഴുവന്‍ യുറീക്ക എത്തിക്കുകയും അനുബന്ധമായി വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനുമാണ് അവിടെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ഇത്തരത്തില്‍ നൂതനമായ മാസികാപ്രചാരണ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചും മറ്റു വിവിധ മാര്‍ഗങ്ങളിലൂടെയും ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നമുക്കു കഴിയും; കഴിയണം. അതിന് ഉതകുന്ന വിധത്തില്‍ അധ്യാപക കൂട്ടായ്മയും വിജ്ഞാനോത്സവവും ബാലവേദി ശാസ്ത്രാവബോധ പ്രവര്‍ത്തനങ്ങളും സമഗ്രതയില്‍ രൂപപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട്,
പാരിഷത്തികാഭിവാദനങ്ങളോടെ,

രാധന്‍ കെ
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *