ശാസ്ത്ര കലാജാഥയെ വരവേല്‍ക്കാം

0

നമ്മള്‍ ജനങ്ങള്‍
We the People
ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റു റിപ്പബ്ലിക്കാണ്. നാം നമുക്ക് വേണ്ടി തയ്യാറാക്കി അംഗീകരിച്ച ഇന്ത്യന്‍ ഭരണഘടനയാണ് നാം മുറുകെ പിടിക്കുന്നത്. ഭരണഘടനയുടെ മൂല്യങ്ങള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത് നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ നാലു തൂണുകളിലാണ്. ഭരണഘടനയിലെ സമത്വം എന്ന സങ്കല്‍പ്പനം ജാതിമതവംശലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും അനുഭവവേദ്യമാകണമെന്നാണ് ലക്ഷ്യമാക്കുന്നത്. ശാസ്ത്രബോധമുള്ള ഒരു ജനതയെ ആഗ്രഹിച്ചുകൊണ്ടാണ് നാം നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്. സമകാലികകേരളീയ സമൂഹത്തിന്റെ ഗതിവിഗതികളെ ഇന്ത്യന്‍ ഭരണഘടനയുടെയും മതനിരപേക്ഷതയുടേയും ലിംഗസമത്വത്തിന്റേയും പശ്ചാത്തലത്തില്‍ അനാവരണം ചെയ്തുകൊണ്ട് ശാസ്ത്രകലാജാഥയിലെ നാടകം നമ്മള്‍ ജനങ്ങള്‍-We the people നാടകം കേരളത്തിന്റെ 500 വേദികളിലേക്ക് എത്തുകയാണ്.സുരേഷ് ബാബു ശ്രീസ്ത രചനയും മനോജ് നാരായണന്‍ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. എം.എം.സചീന്ദ്രന്റെ ഗാനങ്ങള്‍ക്ക് പ്രേംകുമാര്‍ വടകരയാണ് ഈണം നല്‍കിയത്.

പരിഷത്ത് ജന.സെക്രട്ടറി ടി.കെ.മീരാഭായ് കലാജാഥാ അംഗങ്ങള്‍ക്കൊപ്പം

 

കലാജാഥ പരിശീലനക്യാമ്പ് അരൂരില്‍
കോഴിക്കോട് ജില്ലയിലെ നാദാപുരം മേഖലയി
ല്‍ അരൂരില്‍ വച്ചായിരുന്നു കലാജാഥ പരീശീലനക്യാമ്പ് നടന്നത്. കണ്ണംവിരിയത്ത് സുജിത്തിന്റെയും റീനയുടെയും വീട്ടുമുറ്റത്തായിരുന്നു 10 ദിവസത്തെ പരിശീലനം. 11 ജില്ലകളിൽ നിന്നായി 25 പേർ പരിശീലനത്തിൽ പങ്കെടുത്തു. ജനുവരി 18 മുതല്‍ 27 വരെയായിരുന്നു പരിശീലനക്യാമ്പ്. കെ.പി.ബാലന്‍ ചെയര്‍മാനും രവീന്ദ്രന്‍ വൈസ് ചെയര്‍മാനും ആയിരുന്നു. ഇ.ടി.വത്സലന്‍ കണ്‍വീനറും കൂത്താംകണ്ടി സുരേഷ് ജോയിന്റ് കണ്‍വീനറും ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.മനോജ് അരൂര്‍ ട്രഷററുമായ സ്വാഗതസംഘമായിരുന്നു ക്യാമ്പിന്റെ സംഘാടനത്തിനായി പ്രവര്‍ത്തിച്ചത്. കെ.ടി.രാധാകൃഷ്ണന്‍, റിസ്വാന്‍ എന്നിവര്‍ ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരന്‍. ജനറല്‍ സെക്രട്ടറി ടി.കെ.മീരഭായ്, കെ.രാധന്‍, പി.മുരളീധരന്‍, എ.എം.ബാലകൃഷ്ണന്‍, വി.വി.ശ്രീനിവാസന്‍, എം.എം.സചീന്ദ്രന്‍, സി.എം.മുരളി, പി.കെ.ബാലകൃഷ്ണന്‍, ചാന്ദിനി, തുടങ്ങിയവര്‍ പലപ്പോഴായി ക്യാമ്പ് സന്ദര്‍ശിക്കുകയും വിലയിരുത്തലുകളും നിര്‍ദ്ദേശങ്ങളും നല്‍കുകയുമുണ്ടായി.
വി.കെ.കുഞ്ഞികൃഷ്ണൻ, കെ.ടി.രാജപ്പൻ, സുധാകരൻ ചൂലൂർ, ലിനീഷ് നരയംകുളം, ഹാരിസ് നടക്കാവ്, പ്രകാശൻ കടമ്പൂർ, സുമേഷ് മണിത്തറ, എം.കെ.സുബ്രമണ്യൻ , വിഷ്ണു നരിമുറ്റം, പ്രേമ അഖിലേഷ്, ശിവകുമാർ തായങ്കരി, രേഷ്മ, അജി ഉദയപുരം, അനിൽ ജനാർദ്ദനൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലകളിൽ പരിശീലന ക്യാമ്പുകൾക്ക് നേതൃത്വം നൽകും.
സംഘാടകസമിതിയുടെ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു നാട്ടുകാരുടേയും പ്രവര്‍ത്തകരുടേയും സഹകരണം. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, സി.പി.ഐ.(എം), സി.പി.ഐ, കോണ്‍ഗ്രസ്(ഐ), കോണ്‍ഗ്രസ് (എസ്), എന്‍.സി.പി, സി.എം.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, തൊഴിലാളി, കര്‍ഷക, വിദ്യാര്‍ത്ഥി, യുവജന, അധ്യാപക, മഹിള, എന്‍.ജി.ഒ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം പലതവണ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. പരിഷത്ത് നാദാപുരം മേഖലയിലെ 17 യൂണിറ്റുകളിലേയും കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകളിലേയും സംസ്ഥാനതലത്തിലേയും പ്രവര്‍ത്തകര്‍ പല ദിവസങ്ങളില്‍ ക്യാമ്പിലെത്തി. അരി, തേങ്ങ, വാഴക്കുല, അരിയുണ്ട, ചക്ക, ഹല്‍വ, ലഡു, നാരങ്ങ, ഉണ്ണിയപ്പം, പഞ്ചസാര, പച്ചക്കറിസാധനങ്ങള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിവയെല്ലാം വിരുന്നുകാര്‍ ക്യാമ്പിലേക്ക് കൊണ്ടുവന്നു.
ഇതരസംസ്ഥാന തൊഴിലാളികളുടെ സന്ദര്‍ശനവും എടുത്തുപറയേണ്ടതാണ്. പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകന്‍ പി.കെ.രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.മനോജ് അരൂര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വൈദ്യസഹായം, യാത്ര ഉള്‍പ്പടെ ക്യാമ്പംഗങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന കാര്യത്തില്‍ ഗ്രാമവാസികള്‍ ദത്തശ്രദ്ധരായിരുന്നു. ഏറംവെള്ളി രാഘവന്റെ നേതൃത്വത്തില്‍ സ്വാദിഷ്ഠമായ ഭക്ഷണം ഒരുക്കുയിരുന്നത് ക്യാമ്പംഗങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.
ക്യാമ്പിന്റെ ഭാഗമായി രണ്ട് അനുബന്ധ പരിപാടികള്‍ നടന്നു. അരൂരിനടുത്ത് മലമല്‍ത്താഴെ ഭരണഘടനയും ജനാധിപത്യവും എന്ന വിഷയത്തില്‍ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരന്‍ പ്രഭാഷണം നടത്തി. ഡി.വൈ.എഫ്.ഐ മലമല്‍ താഴെ യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷനും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി അരൂര്‍ കോട്ടമുക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ടി.കെ.മീരാഭായ് ശാസ്ത്രബോധവും സ്ത്രീസമൂഹവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. 27ന് നാടകാവതരണത്തോടെ ക്യാമ്പ് സമാപിച്ചു.

ക്യാമ്പിലെ പരിശീലനത്തില്‍ നിന്നും

Leave a Reply

Your email address will not be published. Required fields are marked *