അക്ഷരപ്പൂമഴയെ വരവേൽക്കാനൊരുങ്ങുക

0

പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തികം പുസ്തക-ഉത്പന്ന പ്രചാരണങ്ങളിലൂടെ കണ്ടെത്തുകയെന്നത് പരിഷത്തിന്റെ തനതു രീതിയാണ്. ഓരോ വർഷവും പുസ്തക പ്രചാരണത്തിന്റെ ആകെ കണക്കെടുക്കുമ്പോൾ പ്രീ-പബ്ലിക്കേഷന് അതിൽ നിർണ്ണായക പങ്കുണ്ടാകാറുണ്ട്. ഇതിൽ തന്നെ മികച്ച സ്വീകാര്യത ലഭിച്ച പുസ്തക സഞ്ചയങ്ങളാണ് പുസ്തകപ്പൂമഴ, അക്ഷരപ്പൂമഴ, വിജ്ഞാനപ്പൂമഴ, വിജ്ഞാനരാജി എന്നിവ. ഈ സീരീസിലേക്ക് 20 പുസ്തകങ്ങൾ കൂടി എത്തുകയാണ്-അക്ഷരപ്പൂമഴ രണ്ടാം സഞ്ചികയിലൂടെ.
ശാസ്ത്ര പ്രചാരണം മാതൃഭാഷയിൽ എന്ന ഉദ്ദേശ്യത്തോടെ തുടക്കം കുറിച്ച പരിഷത്തിന്റെ ആ രംഗത്തുള്ള ഇടപെടൽ ഇന്നും സജീവമായി തുടരുന്നു. കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രജ്ഞാനവും പ്രസരിപ്പിക്കുന്നതിൽ നമ്മുടെ ആനുകാലികങ്ങൾക്കും പുസ്തകങ്ങൾക്കും അദ്വിതീയ സ്ഥാനമുണ്ട്. അശാസ്ത്രീയ ചിന്തകളും ആക്രമണോത്സുകതയും പുസ്തകങ്ങളിലൂടെയും വിവിധ ദൃശ്യമാധ്യമങ്ങളിലൂടെയും കുട്ടികളിലേക്ക് അനവരതം പ്രവഹിക്കുമ്പോൾ സ്നേഹവും അന്വേഷണത്വരയും സമഭാവനയും അവരിൽ വളർത്തുന്ന ഒരു ബദൽ സാംസ്കാരിക പ്രവർത്തനമാണ് നാം പ്രസിദ്ധീകരണങ്ങളിലൂടെ നടത്തുന്നത്.
ഈയൊരു രാഷ്ട്രീയ തലത്തിനപ്പുറം നമ്മുടെ എല്ലാ ഘടകങ്ങളേയും നിലനിർത്തുന്ന ഒരു സാമ്പത്തിക തലം കൂടി പുസ്തക പ്രസിദ്ധീകരണത്തിനുണ്ട്, വിശിഷ്യാ പ്രീ-പബ്ലിക്കേഷന്. നാം സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന പുതിയ പുസ്തക സഞ്ചികക്ക് 1200 രൂപയാണു മുഖവില. മുൻപ് ഈ വിഭാഗത്തിൽ ഇറക്കിയ പുസ്തകങ്ങളോട് കിടപിടിക്കുന്ന രചനകളും നിർമ്മാണവുമാണിതിലും ഉണ്ടാകുക. കൊച്ചു കുട്ടികളുടെ അഭിരുചികളും പ്രായവും പരിഗണിക്കുന്നതാകുമിതിലെ ഓരോ പുസ്തകവും. മുഖവിലയിൽ 450 രൂപ കുറച്ച് 750 രൂപക്കാണു നാം ഈ സെറ്റ് ആവശ്യക്കാർക്ക് നൽകുന്നത്. ഇതു തന്നെ രണ്ടു ഗഡുക്കളായി അടക്കാനുള്ള സൗകര്യമുണ്ട്- 400 രൂപ ജൂലായിലും 350 രൂപ ആഗസ്റ്റിലും. സെപ്റ്റംബർ 10-പരിഷത്തിന്റെ രൂപീകരണ ദിനത്തിൽ പ്രകാശനം ചെയ്യുകയാണു ലക്ഷ്യം.
പരിഷത്ത് സംഘടനാ ഘടകങ്ങളെ സംബന്ധിച്ച് സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും കുടിശ്ശിക നിവാരണത്തിനും ഈ വർഷം ലഭിക്കാവുന്ന ഏറ്റവും മികച്ച സന്ദർഭം കൂടിയാണിത്. ജില്ലകൾക്ക് 250 രൂപ ഒരു സെറ്റിൽ വിഹിതമായി നൽകും. ഇതിനാനുപാതികമായി മേഖല-യൂണിറ്റ് ഘടകങ്ങൾക്കും ലഭിക്കും. ഒരു യൂണിറ്റിൽ ശരാശരി 100 പുസ്തകം ചേർക്കുകയെന്നത് അസാധ്യ ലക്ഷ്യമല്ല. പഞ്ചായത്തിൽ 8-10 എൽ.പി.വിദ്യാലയങ്ങളിലായി 75 മുതൽ 100 വരെ അധ്യാപകരും രണ്ടായിരത്തോളം കുട്ടികളും ഉണ്ടാകും. ഇവരിൽ നിന്നാണു നാം ഈ 100 പേരെ കണ്ടെത്തേണ്ടത്. മുൻപിറക്കിയ ഈ മാതൃകയിലുള്ള പുസ്തകങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സമൂഹം ഈ പുസ്തക സഞ്ചികയേയും സ്വീകരിക്കുമെന്നതിൽ തർക്കമില്ല. ആയതിനാൽ ഈ അവസരം ബാലശാസ്ത്ര പ്രചാരണത്തിനും സാമ്പത്തിക ഭദ്രതക്കുമായി ഉപയോഗപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *