കലാജാഥ കുറിപ്പ്

0

സമാനതകളില്ലാത്ത ഒരു മഹാപ്രളയവും അത് നല്‍കിയ സാമൂഹികവും പാരിസ്ഥിതികവും സാംസ്‌കാരികവുമായ പാഠങ്ങളും മലയാളിക്ക് സമ്മാനിച്ചു കൊണ്ടാണ് 2018 കടന്നുപോയത്. കേരളം എന്ന ദേശം എത്രമേല്‍ പരിസ്ഥിതിലോലമാണെന്ന തിരിച്ചറിവ് ചെറിയതോതിലെങ്കിലും നമുക്ക് ഉണ്ടായി. ഒരു മഹാദുരന്തത്തിനു മുന്നില്‍ എല്ലാ ഭിന്നതകളും ജാതി-മതചിന്തകളും മറന്ന് ഒരു സമൂഹമെന്ന നിലയില്‍ ഐക്യപ്പെടാന്‍ നമുക്ക് കഴിഞ്ഞു. പൊതുസമൂഹം എന്ന നിലയില്‍ നാം ആര്‍ജിച്ച ജനാധിപത്യമതേതരത്വബോധത്തിന്റെ ശക്തിയിലാണ് ഇത് സാധ്യമായത്. സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യനീതിക്കും വേണ്ടി നടന്ന നിരവധി ബഹുജന സമരങ്ങളിലൂടെ വികസിച്ച നവോത്ഥാനമൂല്യങ്ങള്‍ തന്ന പൊതുബോധമാണത്. കേരളത്തെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി നിലനിര്‍ത്തുന്ന സാമൂഹിക നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ പാകപ്പെട്ട മണ്ണാക്കിമാറ്റിയത് പ്രസ്തുത സമരങ്ങളും അതിന്റെ തുടര്‍ച്ചയുമാണ്.
ഇന്ത്യന്‍ സമൂഹത്തെ ഒരു പരിഷ്‌കൃതസമൂഹമാക്കി മാറ്റുന്നതിലേക്കുള്ള നിര്‍ണായക ചുവടു വയ്പുകളായി മാറിയ സുപ്രധാന കോടതിവിധികളും 2018 നമുക്ക് സമ്മാനിച്ചു. സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും തുല്യതക്കും മൗലികാവകാശങ്ങള്‍ക്കും ശരീരത്തിന്‍മേലുള്ള സ്വയംനിര്‍ണയാവകാശങ്ങള്‍ക്കും നിയമപരമായ സാധുത ഉറപ്പു വരുത്തുക വഴി സുപ്രീംകോടതി ഉന്നതമായ മനുഷ്യാവകാശബോധം സമൂഹത്തിനു പകര്‍ന്നുനല്‍കി.
എന്നാല്‍ ഇക്കൂട്ടത്തില്‍ 2018 സെപ്റ്റംബര്‍ 28-ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച ശബരിമല യുവതീ പ്രവേശനവിധി കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളെ ഇളക്കിമറിച്ചു. കേരളത്തെ ജാതിസ്പര്‍ധയുടെയും അയിത്താചരണത്തിന്റെയും പൗരോഹിത്യ മേധാവിത്വത്തിന്റെയും ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു നടത്തിക്കാനും പ്രളയാനന്തരം കേരളത്തില്‍ രൂപപ്പെട്ടുവന്ന ജനകീയ ഐക്യത്തെ തകര്‍ക്കുവാനും വിശ്വാസത്തിന്റെ മറവില്‍ കേരളത്തില്‍ വര്‍ഗീയതയുടെ വിത്ത് പാകുന്നതിനുമുള്ള കുത്സിതശ്രമങ്ങള്‍ക്ക് കേരള ജനത സാക്ഷ്യംവഹിച്ചു. നവകേരള സൃഷ്ടി എന്ന ഏറ്റവും അടിയന്തരവും ഉത്തരവാദിത്വപൂര്‍ണവുമായ മഹാദൗത്യത്തില്‍ മുഴുകേണ്ടിയിരുന്ന ഭരണകൂടവും പൊതുസമൂഹവും യുവതീപ്രവേശവുമായി ബന്ധപ്പെട്ട് അരങ്ങേറിയ കലാപങ്ങളിലും സംഘര്‍ഷങ്ങളിലും യുവതികള്‍ക്ക് നല്‍കേണ്ടുന്ന സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും പെട്ട് വലിയ സമ്മര്‍ദത്തിലായി. മനുഷ്യരാശിയുടെ നിലനില്‍പ്പിന്റെ ആധാരശിലയായ ആര്‍ത്തവമെന്ന ജൈവികപ്രക്രിയയെ അയിത്തമായി കല്പിക്കുന്ന സവര്‍ണപുരുഷബോധത്തെ സ്വാംശീകരിച്ച് ഒരു വിഭാഗം സ്ത്രീകള്‍ അശുദ്ധകളാണെന്ന് കൊട്ടിപ്പാടുന്ന തീര്‍ത്തും സ്ത്രീവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ സമരാഭാസത്തിന്റെ അസ്വസ്ഥതകളും സമൂഹം ഏറ്റെടുക്കേണ്ടി വന്നു. സ്ത്രീകളുടെ അണ്ഡോല്‍പാദന പ്രക്രിയക്ക് സമാനമായി പുരുഷന് ബീജോല്‍പാദനവും ബീജഉത്സര്‍ജനവും നടക്കുന്നുണ്ടെന്ന ജീവശാസ്ത്രപരമായ സത്യത്തെ പ്രചരിപ്പിക്കാന്‍ ബാധ്യസ്ഥരായ അഭ്യസ്ത വിദ്യരായ ഒരു വിഭാഗം പോലും ആര്‍ത്തവാശുദ്ധിയുടെ പേരില്‍ സ്ത്രീകള്‍ക്കുനേരെ അക്രമാസക്തരാകുന്നതും നാം കണ്ടു. ഈ ആശങ്കകള്‍ക്കിടയിലും ജനാധിപത്യത്തെയും മതേതരത്വത്തെയും കാത്തുസൂക്ഷിക്കാനും ലിംഗസമത്വവും അവസരസമത്വവും സാമൂഹ്യ നീതിയും ശാസ്ത്രബോധവും അവകാശപ്പെടാനും പൗരന് അവസരമൊരുക്കുന്ന ഇന്ത്യന്‍ ഭരണഘടന നമുക്ക് നല്‍കുന്ന പ്രത്യാശ ചെറുതല്ല. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധി പൗരാവകാശങ്ങള്‍, തുല്യത, ധാര്‍മികത തുടങ്ങിയ സങ്കല്‍പ്പങ്ങളെക്കുറിച്ച് വ്യക്തത വരുത്തുന്ന ഒന്നായിരുന്നു. മതവിശ്വാസം, ആരാധന എന്നിവക്കുള്ള അവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 25-ാം വകുപ്പ് കോടതിവിധി അടിവരയിടുന്നു. അതോടൊപ്പംതന്നെ ലിംഗം, ജാതി, മതം, വംശം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ല എന്നനുശാസിക്കുന്ന പതിനഞ്ചാം അനുഛേദം, ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തില്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കാന്‍ പാടില്ല എന്ന് അനുശാസിക്കുന്ന പതിനാലാം അനുഛേദം, അയിത്തം കുറ്റകരമാകുന്ന 13-ാം അനുഛേദം എന്നിവയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചിട്ടുള്ളത്. സര്‍വോപരി ഏതെങ്കിലും സമൂഹത്തിന്റെ ധാര്‍മികതാ സങ്കല്‍പ്പങ്ങളും ഭരണഘടനയുടെ ധാര്‍മികതാസങ്കല്‍പ്പവും തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഭരണഘടനാസങ്കല്‍പ്പമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന സുപ്രധാനമായ ഒരു മൗലികതത്വം സുപ്രീംകോടതി ഈ വിധിയിലൂടെ ചൂണ്ടിക്കാണിക്കുന്നു.
അതുകൊണ്ടുതന്നെയാണ് ഭരണഘടനയെ ഇല്ലാതാക്കുക എന്നത് ഫാസിസ്റ്റ് ശക്തികളുടെ ആത്യന്തികലക്ഷ്യമാകുന്നതും. ഭരണഘടനയ്ക്ക് മീതെ മതസംഹിതകള്‍ അവരോധിക്കാനുള്ള ഏതവസരത്തെയും വിശ്വാസത്തിന്റെ മറവില്‍ ഫാസിസ്റ്റ് ശക്തികള്‍ ഉപയോഗിക്കുന്നതിനെ കരുതി ഇരിക്കുക എന്നത് ജനാധിപത്യ വിശ്വാസികളുടെ കര്‍ത്തവ്യം ആകുന്നതും അതുകൊണ്ടുതന്നെ. ഭരണഘടനാ തത്വങ്ങള്‍ ജനങ്ങളെ പഠിപ്പിക്കുവാനും സാമൂഹ്യനീതിയും ലിംഗനീതിയും പൗരാവകാശങ്ങള്‍ ആയി പ്രഖ്യാപിക്കുവാനും ഈ അവസരം നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഒരുപക്ഷെ, ഇങ്ങനെയൊരു കോടതിവിധി വന്നില്ലായിരുന്നു വെങ്കില്‍ സ്ത്രീപുരുഷസമത്വം, ആര്‍ത്തവാശുദ്ധി, ജാതീയത, ബ്രാഹ്മണമേധാവിത്തം തുടങ്ങിയ വിഷയങ്ങള്‍ ഇത്രയുറക്കെ ചര്‍ച്ചചെയ്യാന്‍ നമുക്ക് ഉണ്ടാകുമായിരുന്നില്ല. കേവലം ഒരു ക്ഷേത്രം എന്നതിലുപരി സ്ത്രീകള്‍, ദളിത് ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍, മതന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും സാമൂഹികനീതിയും ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ സംരക്ഷണത്തിന് ഐക്യപ്പെടേണ്ട സന്ദര്‍ഭമാണിതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു. അയിത്താചരണങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ജാതീയ തയുടെയും തടവറയിലേക്ക് ജനങ്ങളെ ബോധപൂര്‍വം നയിക്കുകയും അതുവഴി വര്‍ഗീയതയുടെ അനുയോജ്യമായ മണ്ണാക്കി കേരളത്തെ മാറ്റിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചു വരുന്നു. ഇതിനെതിരെ ജനങ്ങളെ അറിവിന്റെയും ശാസ്ത്രബോധത്തിന്റെയും പടച്ചട്ട അണിയിക്കേണ്ടതുണ്ട്. അത്തരമൊരു പൊതുബോധ നിര്‍മിതിയിലേക്ക് ജനങ്ങളെ നയിക്കാന്‍ കലയ്ക്കും സാഹിത്യത്തിനും അതിന്റേതായ ധര്‍മ്മം നിര്‍വഹിക്കാനുണ്ട് എന്ന ബോധ്യത്തിലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നമ്മള്‍ ജനങ്ങള്‍ എന്ന ഈ കലാജാഥയുമായി കേരളത്തിലെ ജനങ്ങളെ സമീപിക്കുന്നത്. മറ്റെന്തിനും മീതെ മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്ന കേരളജനതക്കുമുന്നില്‍ കലാജാഥ സമര്‍പ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *