കോഴിക്കോട് കൊല്ലഗൽ ദേശീയ പാത തത്സ്ഥിതി തുടരണം

0

വയനാട്‌: ഏഷ്യയിലെ സുപ്രധാനമായ കടുവാ റിസർവിലൂടെ കടന്നു പോകുന്ന കോഴിക്കോട്- കൊല്ലഗൽ ദേശീയ പാത 766 ല്‍ വനപ്രദേശത്തുകൂടി കടന്നു പോകുന്ന ഭാഗത്ത്‌ പകൽ സമയയാത്ര നിരോധിക്കുന്നതിനായുള്ള നീക്കം ഈ മേഖലയിലെ ജനങ്ങളുടെ ജീവിത ആവശ്യങ്ങളെ നിരാകരിക്കുമെന്നതിനാല്‍ ഒട്ടും തന്നെ സ്വീകാര്യമല്ലെന്ന് വയനാട്‌ ജില്ലാകമ്മറ്റി അഭിപ്രായപ്പെട്ടു.
നൂറിലധികം വർഷങ്ങളായി കോഴിക്കോട്- മൈസൂർ- ബാംഗളൂർ നഗരങ്ങളെ ബന്ധിപ്പിക്കുന്നതും ഉന്നത വിദ്യാഭ്യാസത്തിനും ചികിത്സക്കും കച്ചവടത്തിനുമായി കേരളീയർ ആശ്രയിക്കുന്നതുമായ പാതയാണ് ഇത്. കൃഷിപ്പണിക്കും നിർമ്മാണ ജോലിക്കുമായി ഗുണ്ടൽപേട്ടയിൽ നിന്നും അയൽദേശങ്ങളിൽ നിന്നുമായി നൂറുകണക്കിന് തൊഴിലാളികൾ ഈ പാതയെ മാത്രം ആശ്രയിച്ച് നിത്യേന സഞ്ചരിക്കുന്നുണ്ട്. നൂറ്റാണ്ടുകളുടെ ജനവാസ പാരമ്പര്യമുള്ള സുൽത്താൻ ബത്തേരി പ്രദേശത്തെ ഭേദപ്പെട്ട ഹെരിറ്റേജ്- ഇക്കോ ടൂറിസം മേഖലയായി വികസിപ്പിക്കുന്നതിലും പ്രസ്തുത പാത പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്.
വനമേഖലയിൽ വേഗതാനിയന്ത്രണവും ഫോറസ്റ്റ് അധികൃതരുടെ നിരീക്ഷണവുമുണ്ട് എന്നിരിക്കേ ഈ പാത മുഴുവൻ സമയവും അടച്ചു പൂട്ടുക എന്നത് തികച്ചും അനാവശ്യവും അപ്രസക്തവുമായ നീക്കമാണ്.
ബദൽ പാതയ്ക്കുള്ള ഏതൊരു നീക്കവും കൂടുതൽ പരിസ്ഥിതി നശീകരണത്തിനാണ് വഴിവയ്ക്കുക. ഋതുഭേദങ്ങൾ തിരിച്ചറിഞ്ഞ് പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് പകൽ യാത്ര നടത്തുന്നതിനുള്ള ജനങ്ങളുടെ അവകാശം നിലനിർത്തണമെന്നും ദീർഘകാലമായി നില നിൽക്കുന്ന സഞ്ചാര ബന്ധം അറുത്തുമാറ്റരുതെന്നും ഈ പാതയിലൂടെ പകൽ സമയത്തുള്ള സഞ്ചാരം നിലനിർത്തി തൽസ്ഥിതി തുടരാൻ അനുസൃതമായ രീതിയിൽ ഉള്ള റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ഇക്കാര്യം മന്ത്രാലയത്തെ ബോധ്യപ്പെടുത്താൻ കേരള സർക്കാരും തയ്യാറാവണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .
ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം കെ ദേവസ്യ, പ്രൊ കെ ബാലഗോപാൽ, സുമ ടി ആർ, വി പി ബാലചന്ദ്രൻ, എം എം ടോമി, പി സി മാത്യു, കെ ടി ശ്രീവത്സൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *