തിരുവനന്തപുരം നഗരാതിര്‍ത്തിയിലെ മുഴുവന്‍ സ്‌കൂളുകളിലും ക്ലാസ്‌റൂം വായനശാലകള്‍ ഒരുങ്ങുന്നു ശാസ്ത്രമാസികാ വിതരണം ആരംഭിച്ചു

0

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ ക്ലാസ്‌റൂം വായനശാലകള്‍ ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരാതിര്‍ത്തിയിലെ മുഴുവന്‍ സ്‌കൂളുകളിലെ ക്ലാസ് മുറികളിലും യുറീക്ക-ശാസ്ത്രകേരളം വായനശാല പദ്ധതിയുടെ ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ്പ്രസിഡണ്ട് മൂസക്കോയ നിര്‍വഹിച്ചു.

കേരളത്തിന്റെ സാമൂഹ്യമേഖലയില്‍ അനുദിനം കൂടിക്കൂടി വരുന്ന അശാസ്ത്രീയതയുടെയും അന്ധവിശ്വാസത്തിന്റെയും കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ യുറീക്ക പോലുള്ള ശാസ്ത്രമാസികകള്‍ക്ക് കഴിയുമെന്ന് മൂസക്കോയ പറഞ്ഞു. കുട്ടികളിലെ അന്വേഷണത്വരയെയും ജിജ്ഞാസയും നിലനിര്‍ത്താനും അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കാനും ഇത്തരം ശാസ്ത്രപ്രസിദ്ധീകരണങ്ങള്‍ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ ഭാഗമായി സ്‌കൂളിലെ മുഴുവന്‍ ക്ലാസുകളിലും യുറീക്കയും ശാസ്ത്രകേരളവും എത്തും. യുറീക്ക വിജ്ഞാനോത്സവവും യുറീക്ക വായനശാലാ പ്രവര്‍ത്തനവും സംയോജിപ്പിച്ച് വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിമുഖ്യവും സര്‍ഗാത്മക കഴിവുകളും പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.

ചടങ്ങില്‍ യുറീക്കയുടെയും ശാസ്ത്രകേരളത്തിന്റെയും സൂക്ഷ്മജീവി പതിപ്പിന്റെ പ്രകാശനവും നടന്നു. മേഖലാ പ്രസിഡണ്ട് അഡ്വ.വി.കെ.നന്ദനന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കെ. മോഹന്‍ദാസ്, അഡീഷണല്‍ ഹെഡ്മിസ്ട്രസ് എല്‍ ഉഷാദേവി, മേഖലാ സെക്രട്ടറി പി. ഗിരീശന്‍, പി. പ്രദീപ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഹെഡ്മിസ്ട്രസ് എസ്. സുജന സ്വാഗതവും പി.വേണുഗോവിന്ദ് കുമാര്‍ നന്ദിയും പറഞ്ഞു. ജി.കൃഷ്ണന്‍കുട്ടി, ജെ.കെ.സെല്‍വരാജ്, പി.വേണുഗോപാല്‍, ഹസീന എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *