നാടകം തിമിര്‍ത്താടി ജനോത്സവം ആരംഭിച്ചു

0

ചാവക്കാട് : ചാവക്കാട് മേഖലയിലെ ഗുരുവായൂര്‍ നഗരസഭയില്‍പ്പെട്ട തമ്പുരാന്‍പടിയിലെ ജനോത്സവം നാടകങ്ങള്‍ക്കൊണ്ട് നിറയുകയാണ്. കാവീട് എ.എല്‍.പി.എസ് എന്ന പൊതുവിദ്യാലയത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് നാടകം ഉണ്ടാക്കി വീട്ടുമുറ്റങ്ങളില്‍ അവതരിപ്പിച്ചുകൊണ്ടാണ് ജനോത്സവത്തിന് അവിടെ തുടക്കം കുറിച്ചത്. ബാബു വയലത്തൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘കിനാശ്ശേരി സ്കൂള്‍’ എന്ന നാടകം ഇതുവരെ 12 വീട്ടുമുറ്റങ്ങളില്‍ അവതരിപ്പിച്ചു. സുരേഷ്ബാബു, ശശി ആഴ്ചത്ത്, ഭരതന്‍, ലത്തീഫ് മമ്മിയൂര്‍ തുടങ്ങിയ ആറ് നാട്ടുകാരാണ് നാടകത്തില്‍ വേഷമിട്ടത്. പൊതുജനങ്ങളും നാടകാവതാരകരും ഒന്നാകുന്ന ദൃശ്യമാണ് നാടകത്തിലുടനീളം അനുഭവപ്പെട്ടത്. വൈകുന്നേരങ്ങളില്‍ ഏഴുമണിക്ക് ശേഷമാണ് എല്ലാ നാടകങ്ങളും അവതരിപ്പിച്ചത്.
നാടകരാവ്
ജനുവരി 28ന് കാവീട് എഎല്‍പി സ്കൂള്‍ അങ്കണത്തില്‍ എണ്‍പതോളം നാടക കലാകാരന്മാര്‍ ഒത്തുകൂടി നാടകങ്ങള്‍ അവതരിപ്പിച്ചു. ശ്രീജ ആറങ്ങോട്ടുകര ഉദ്ഘാടനം ചെയ്തു. നാടകപ്രവര്‍ത്തകനായ നാരായണന്റെ നേതൃത്വത്തില്‍ ഭരണഘടനയുടെ ആമുഖം തത്സമയം രൂപപ്പെടുത്തിയ സ്കിറ്റായി അവതരിപ്പിച്ചു. കാണികളുള്‍പ്പടെ ഇരുപതിലധികം പേര്‍ അഭിനേതാക്കളായി. ഭരണഘടന വിഭാവനം ചെയ്യുന്ന നീതി, സമത്വം, ജനാധിപത്യം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ വ്യവസ്ഥകളെ സമകാലീന രംഗത്തു നിന്നുകൊണ്ട് സ്കിറ്റ് ചോദ്യം ചെയ്യുന്നു. ജനങ്ങളുടെ ഭരണഘടന വിശകലനമായി മാറി നാടകം. തുടര്‍ന്ന് വിവിധ കലാസംഘങ്ങള്‍ അവതരിപ്പിച്ച ഏഴ് നാടകങ്ങള്‍ അരങ്ങേറി. 12 പെണ്‍കുട്ടികളുടെ സംഘം അവതരിപ്പിച്ച കുതിരപ്പൊറാട്ട് എന്ന നാടകം ജന്റര്‍ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. മാങ്ങ, കുപ്പായങ്ങള്‍, നാവടക്ക്, പൊറാട്ട് നാടകങ്ങള്‍ എന്നീ നാടകങ്ങളും അവതരിപ്പിച്ചു. അക്ഷരാര്‍ഥത്തില്‍ തന്നെ നാടകരാവായി മാറി കാവീട് എഎല്‍പി സ്കൂള്‍ അങ്കണം.

Leave a Reply

Your email address will not be published. Required fields are marked *