പരിഷത്ത് തൃശൂർ ജില്ലാസമ്മേളനം: സംഘാടകസമിതിയായി.

0

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പത്തിയാറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള തൃശൂർ ജില്ലാ സമ്മേളനത്തിന് സംഘാടകസമിതി രൂപീകരിച്ചു. 2019 ഏപ്രിൽ 6 ,7 തീയതികളിൽ മണലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സമ്മേളനം നടക്കുക. പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗവും പ്രസിദ്ധീകരണ സമിതി ചെയർമാനുമായ ഡോ.കാവുമ്പായി ബാലകൃഷ്ണൻ സംഘാടകസമിതി രൂപീകരണയോഗം കാഞ്ഞാണിയിൽ ഉദ്ഘാടനം ചെയ്തു. പി. ടി. ഭാസ്കര പണിക്കരുടെയും സി.ജി ശാന്തകുമാറിന്റെയും ഉജ്ജ്വലമായ ഓർമ്മകൾ ഇരമ്പുന്ന മണ്ണിലാണ് സമ്മേളനം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വളരെ സങ്കീർണമായ സാഹചര്യമാണ് ഇന്ത്യയിലും കേരളത്തിലും നിലനിൽക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. സമാനതകളില്ലാത്ത പ്രളയദുരന്തവും തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങളും, ചരിത്രത്തിൽ ഇടം നേടിയ സുപ്രീംകോടതി വിധികളും തുടർന്നുണ്ടായികൊണ്ടിരിക്കുന്ന കോലാഹലങ്ങളും ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കും ഭരണഘടനയ്ക്കും എതിരായുള്ള പ്രവർത്തനങ്ങളും സ്ഥിതി സങ്കീർണമാക്കുന്നു. ഈ സാഹചര്യത്തിൽ നടക്കുന്ന പരിഷത്തിന്റെ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിഷത്ത് ജില്ലാ പ്രസിഡൻറ് കെ.എസ്. ജയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ വിജി ശശി (മണലൂർ) എ.കെ. ഹുസൈൻ (മുല്ലശ്ശേരി) എം.എസ്. രതി (വെങ്കിടങ്ങ് ) രാഷ്ട്രീയ കക്ഷി നേതാക്കളായ പി.കെ .അരവിന്ദൻ (സിപിഎം) എം .ആർ. മോഹനൻ (സിപിഐ) പരിഷത്ത് ജില്ലാസെക്രട്ടറി ടി. സത്യനാരായണൻ, കേന്ദ്ര നിർവാഹകസമിതി അംഗം ഡോ.കെ .രാജേഷ് , പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. കെ.ആർ.ജനാർദ്ദനൻ, അന്തിക്കാട് മേഖലാ പ്രസിഡണ്ട് വി.ബി. കൈലാസൻ , സെക്രട്ടറി കെ.പി .അനിത, ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. ടി.വി.രാജു, കെ.എം.ഗോപീദാസൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വിജിേ ശശി (ചെയർപേഴ്സൺ) ടി.വി. വിശ്വംഭരൻ (ജനറൽ കൺവീനർ)
വിവിധ ഉപസമിതികൾ ഉൾപ്പെടെ 251 അംഗങ്ങളുള്ള സംഘാടകസമിതി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *