All India People’s Science Network (AISPN) തമിഴ്‌നാട് സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ സംസ്ഥാനങ്ങളിലുള്ള ശാസ്ത്ര സംഘടനകളിലെ (BGVS, KSSP) എലിമെന്ററി സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി 2018 ഡിസംബർ 28, 29, 30 തിയതികളിലായി മധുരയിലെ മാന്നാർ തിരുമെയ് നായ്ക്കർ കോളേജിൽ സംഘടിപ്പിച്ച “ശാസ്ത്രം & ബാല്യം ആസ്വദിക്കൽ” – ദേശീയ ശാസ്ത്രോത്സവത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് 5 ബാലവേദി കൂട്ടുകാരും 2 അധ്യാപക പ്രവർത്തകരും പങ്കെടുത്തു. വിനോദത്തോടൊപ്പം വിജ്ഞാനം പ്രദാനം ചെയ്യും വിധം വേണ്ട മുന്നൊരുക്കത്തോടെ ക്രമീകരിച്ചിരുന്ന വിവിധ പരിപാടികൾ എല്ലാവർക്കും അനുഭവവേദ്യമായി. വിവിധ സംസ്ഥാനങ്ങളിലെ – വസ്ത്രധാരണം, ഭാഷ, സംസ്ക്കാരം, ആചാരാനുഷ്ഠാനങ്ങൾ, സാംസ്ക്കാരിക / കലാ മേഖലകൾ തുടങ്ങിയവയിലെ വൈവിധ്യങ്ങൾ അനുഭവിച്ചറിയുന്നതിന് കുട്ടികള്‍ക്ക് കഴിഞ്ഞു. ആതിഥേയരുമായുള്ള സഹവാസവും കൂടിച്ചേരലും വളരെ ഹൃദ്യമായി. നാനാത്വത്തിലെ ഏകത്വം വളരെ പ്രകടമായിരുന്ന അന്തർ സംസ്ഥാന ശാസ്ത്രോത്സവം 2018 വേറിട്ട അനുഭവം പ്രദാനം ചെയ്തു എന്നത്എടുത്തു പറയേണ്ട ഒന്നാണ്. ആദ്യത്തെ രണ്ടു ദിവസങ്ങളിൽ 1) Light & life – Light & Shades and Light & vision, 2) Backyard & Life – Flying Birds & Flowering plants, 3) Home & Life – Cooking and Health Science എന്നീ 3 വിഭാഗങ്ങളിലായി 5 വീതം സംഘ പ്രവർത്തനങ്ങള്‍ നടന്നു. മൂന്നാം ദിവസം മധുരയിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ ഉൾപ്പെടുത്തി പൈതൃക പഠന യാത്ര ക്രമീകരിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ അതിഥികളെ ആതിഥേയരായ ഓരോരുത്തരുമായി കൂട്ടുചേർക്കുകയും അവരോടൊപ്പം രണ്ടു നാൾ സഹവസിച്ച് വിരുന്ന് പാർക്കാൻ ഗ്രാമങ്ങളിലേക്ക് പോകുക യുമുണ്ടായി. ഞങ്ങൾ ഉച്ചപ്പട്ടി ഗ്രാമത്തിലാണ് പോയത്. ആ ഗ്രാമത്തിലേക്ക് ബീഹാറിലെയും കേരളത്തിലെയും അഞ്ച് കുട്ടികളും 2 വീതം അധ്യാപകരുമുണ്ടായിരുന്നു. 10 തമിഴ് കുട്ടികളുടെ വീടുകളിൽ ഓരോ കൂട്ടുകാരെ അതിഥിയായി കൊണ്ടു പോയി. അവർ പഠിക്കുന്ന സ്കൂളിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് അവരുടെ വീട്‌. അത്താഴത്തിനു ശേഷം എല്ലാവരും സ്കൂളിലേക്ക് മടങ്ങിയെത്തി. രാവിലെ തയ്യാറായി 8 മണിയോടെ അവരവരുടെ കൂട്ടുകാരന്റെ വീട്ടിൽ പോയി പ്രഭാത ഭക്ഷണം കഴിച്ച് തിരികെ പരിപാടി നടക്കുന്ന കോളേജിൽ വരികയും ചെയ്തു. വിവിധ സംസ്ഥാനങ്ങളുടെ കൂട്ടക്കളി – ഡാൻസ്, തുടർന്ന് സംഘപ്രവർത്തനങ്ങള്‍ തുടങ്ങിയവയിലേര്‍പ്പെട്ടു. ഇന്ത്യയിലെ 20ൽ പരം സംസ്ഥാനങ്ങളിൽ നിന്നായി 300 ഓളം പേർ പങ്കെടുത്തു. AlSPN, TNSF നേൃതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട കുട്ടികളുടെ ശാസ്ത്ര കൂട്ടായ്‌മയായ ദേശീയ ശാസ്ത്രോത്സവത്തിലെ പങ്കാളികള്‍ സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ് അവിടെ നിന്നും പിരിഞ്ഞുപോയത്.

Leave a Reply

Your email address will not be published. Required fields are marked *