മാതൃഭാഷാ സംരക്ഷണത്തിനായി

0

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എല്ലാ പരീക്ഷകളുടേയും ചോദ്യങ്ങൾ മലയാളത്തിലും വേണമെന്ന ആവശ്യം പി.എസ്.സിയെ കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടല്‍ സ്വാഗതാര്‍ഹമാണ്. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ പി.എസ്.സി. ആസ്ഥാനത്തിനു മുന്നിൽ 19 ദിവസം നീണ്ട നിരാഹാര സമരത്തിനൊടുവിലാണ് എല്ലാവര്‍ക്കും സ്വീകാര്യമായ ഈ തീരുമാനമുണ്ടായത്.
ആഗസ്റ്റ് 29 ന് ആരംഭിച്ച നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് തിരുവോണനാളിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലും നടന്ന ഉപവാസ സമരത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്‍പ്പെടെ വിവിധ സംഘടനകളും സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരും അണിനിരന്നത് ആദ്യഘട്ടത്തില്‍ മാധ്യമങ്ങളടക്കം അവഗണിച്ച സമരത്തിന് ബഹുജനശ്രദ്ധ ലഭിച്ചു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപം കൊണ്ട് ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും ഭരണഭാഷ മാതൃഭാഷ ആയ ഒരു സംസ്ഥാനത്തു നടക്കുന്ന തൊഴിൽ പരീക്ഷകൾ മാതൃഭാഷയിൽ വേണമെന്ന് ആവശ്യപ്പെട്ട് പട്ടിണിസമരം നടത്തേണ്ടി വന്നു എന്നത് തികച്ചും ലജ്ജാകരമാണ്.
കേവലം ഭാഷാപ്രേമത്തിന്റെ പേരിലല്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈ സമരത്തോടൊപ്പം നിന്നത്. മാതൃഭാഷയില്‍ ശാസ്ത്രവിജ്ഞാനം സാധാരണക്കാരിലേക്കു വരെ എത്തിക്കുക എന്ന പ്രഥമ ലക്ഷ്യത്തോടുകൂടിയാണ് അഞ്ചര പതിറ്റാണ്ട് മുമ്പ് പരിഷത്ത് ജന്മം കൊള്ളുന്നത്. ശാസ്ത്രാവബോധമുള്ള ഒരു ജനസമൂഹത്തിന്റെ നിര്‍മിതിയില്‍ മാതൃഭാഷയിലൂടെ ശാസ്ത്രകാര്യങ്ങള്‍ പറയണമെന്ന തിരിച്ചറിവായിരുന്നു അത്. ശാസ്ത്രപുസ്തകങ്ങളുടെ പ്രചാരണത്തിലൂടെയും ആനുകാലികങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെയും ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ നടത്തിയ ഇടപെടലുകളിലൂടെയും പരിഷത്ത് മുന്നോട്ട് വെച്ചത് ഇതേ ആശയം തന്നെയാണ്.
തൊഴില്‍ പരീക്ഷകള്‍ മലയാളത്തിലാക്കുമ്പോള്‍ സാങ്കേതിക പദങ്ങളുടെ കാര്യത്തില്‍ വരാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സാങ്കേതിക പദ നിഘണ്ടു തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അതിനായി ഒരു സമിതിയെ നിയോഗിക്കുമെന്നുമുള്ള സര്‍ക്കാര്‍ തീരുമാനവും ശ്രദ്ധേയമാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രൂപീകരണം തന്നെ ഈയൊരു ലക്ഷ്യവും മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. മലയാളം സര്‍വകലാശാല, എസ്.സി.ഇ.ആര്‍.ടി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നേതൃത്വപരമായ പങ്ക് നിര്‍വഹിക്കാന്‍ കഴിയും.
ഒരു ഇംഗ്ലീഷ് പദത്തിനുതന്നെ പത്രമാധ്യമങ്ങള്‍ ഓരോരുത്തരും വ്യത്യസ്ത പരിഭാഷകള്‍ ഉപയോഗിക്കുന്ന രീതിയാണ് നിലവിലുള്ളത്. പാഠപുസ്തകങ്ങളിലും ഇങ്ങനെ വിവിധ പദങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പത്രമാധ്യമങ്ങള്‍, ഇതര പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ നിര്‍ദ്ദേശങ്ങളും പരിഗണിച്ച് ഒരു സ്റ്റൈല്‍ബുക്ക് രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഏറ്റവും അനുയോജ്യമായ പദം ഏതാണെന്ന് സമവായത്തിലൂടെ തീരുമാനമെടുക്കുകയും അതുതന്നെ എല്ലാവരും ഉപയോഗിക്കുന്നു എന്നുറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ഇവിടെ നമ്മള്‍ പ്രസിദ്ധീകരിച്ച ശാസ്ത്രനിഘണ്ടുവിനു് വലിയ പ്രസക്തിയുണ്ട്. ഇപ്പോള്‍ 6500 ലധികം വാക്കുകളോടെ ശാസ്ത്രനിഘണ്ടു ലൂക്കയിലും ലഭ്യമായതിനാല്‍ പദങ്ങള്‍ തിരയുന്നതിന് കൂടുതല്‍ സൗകര്യമാണ്.
തൊഴില്‍ പരീക്ഷകള്‍ മലയാളത്തിലാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം ഒരു വഴിത്തിരിവാണ്. കമ്പോളാടിസ്ഥിത മനോഭാവത്തിനടിപ്പെട്ട് സമൂഹത്തില്‍ വളര്‍ന്നുവന്ന ഇംഗ്ലീഷ് മാധ്യമ ഭ്രമം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെപോലും മാറ്റി മറിച്ചു. ഒരു ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് നന്നായി പഠിക്കണം എന്നതിനു പകരം എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ തന്നെ തുടക്കം മുതല്‍ പഠിക്കണമെന്ന പൊതുബോധം രൂപപ്പെട്ടു. ഈ ജ്വരം ബാധിച്ചതിനാല്‍ പൊതു വിദ്യാലയങ്ങളിലടക്കം മലയാളം മാധ്യമ ഡിവിഷനുകള്‍ അപ്രത്യക്ഷമാകുന്ന അവസ്ഥ സംജാതമായിരിക്കുകയാണ്. ഈ അണ്‍എയിഡഡ് സംസ്കാരം കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ അപകടപ്പെടുത്താന്‍ ഒരിക്കലും അനുവദിച്ചുകൂട. നിലനില്‍ക്കുന്ന സാമാന്യബോധത്തെ ചോദ്യം ചെയ്യാന്‍ പൊതു വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഈ ലക്ഷ്യത്തോടെ നാം നേരത്തെ ചര്‍ച്ച ചെയ്ത പൊതുവിദ്യാഭ്യാസ കാമ്പയിന്‍ കൂടുതല്‍ ശക്തമായി പൊതു സമൂഹത്തിലേക്കെത്തിക്കാന്‍ ഈ അവസരം നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിയണം.
പാരിഷത്തികാഭിവാദനങ്ങളോടെ,
രാധന്‍ കെ
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *