യുറീക്കോത്സവങ്ങള്‍ക്ക് ഒരുങ്ങാം

0

യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്കാണ് ജൂലൈ 13 ന് തൃശൂരില്‍ തുടക്കമായത്. കുട്ടികളിൽ ശാസ്ത്രബോധം, മതേതരത്വം, ജനാധിപത്യം, മാനവികത, ലിംഗനീതി തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതിനാണ് ആനുകാലികങ്ങളിലൂടെയും വിജ്ഞാനോത്സവങ്ങളിലൂടെയും ബാലവേദികളിലൂടെയും മറ്റും നാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടുന്ന സാമൂഹ്യ സാഹചര്യമാണ് നിലവിലുള്ളത്.
സമൂഹത്തിന്റെ വിവിധതലങ്ങളില്‍ ശാസ്ത്രബോധത്തെ തകര്‍ക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. അസമത്വങ്ങള്‍ വര്‍ധിക്കുന്നു. മതേതരത്വം തകര്‍ക്കപ്പെടുന്നു. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും വേര്‍തിരിവിന്റേയും മൂല്യങ്ങള്‍ പ്രചരിക്കപ്പെടുന്നു. ഇതെല്ലാം മറ്റെല്ലാ ജനവിഭാഗങ്ങളെയും പോലെയോ അതിലേറെയോ നമ്മുടെ ഇളംതലമുറയായ കുട്ടികളെയും ബാധിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്.
കമ്പോളശക്തികളും മതവര്‍ഗീയശക്തികളും ശ്രദ്ധാപൂര്‍വം തങ്ങളുടെ ആശയങ്ങള്‍ കുഞ്ഞുങ്ങളിലേക്ക് കടത്തിവിടുന്നുണ്ട്. ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആകര്‍ഷകമായ പരസ്യങ്ങളിലേറെയും കുട്ടികളെ വലയിലാക്കാന്‍ ആസൂത്രണം ചെയ്തവയാണ്. വിവിധ വഴികളിലൂടെ ഇളംമനസ്സുകളിലേക്ക് നുഴഞ്ഞുകയറി ഇതര മതങ്ങളോടുള്ള വിദ്വേഷം കുത്തിനിറയ്ക്കാന്‍ മതവര്‍ഗീയശക്തികളും ശ്രമിക്കുന്നു.‍ ആധുനിക ശാസ്ത്രത്തെയും സാങ്കേതിക വിദ്യകളേയും ആവുന്നത്ര ഉപയോഗപ്പെടുത്തുകയും ഇവയ്ക്കെല്ലാം ആധാരമായ ശാസ്ത്രീയ ധാരണകളേയും യുക്തിചിന്തയേയും തമസ്‍കരിച്ച് അന്ധവിശ്വാസങ്ങള്‍ പ്രബലമാക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്‍. വിദ്യാഭ്യാസത്തെ പണമുണ്ടാക്കാനുള്ള ഒരുപകരണം മാത്രമായി കാണുകയും ഇതുവഴി കുട്ടികളുടെ സഹജമായ സര്‍ഗവാസനകളെ ഞെരിച്ചു തകര്‍ത്ത് ‍അവരെ കമ്പോളത്തിന് അനുയോജ്യമായ പന്തയക്കുതിരകളാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
തന്റെ ചുറ്റുപാടില്‍ നിന്നുമാണ് കുട്ടികള്‍ സാമാന്യബോധം ആര്‍ജിക്കുന്നത്. ജനിച്ചു വീഴുന്ന കാലം മുതല്‍ തന്റെ വീട്ടില്‍നിന്നും ചുറ്റുപാടുനിന്നും ആര്‍ജിക്കുന്ന ഇത്തരം അറിവുകളില്‍ മിത്തും യാഥാര്‍ത്ഥ്യവുമുണ്ടാവും, തെറ്റും ശരിയുമുണ്ടാവും, ആചാരങ്ങളും വിശ്വാസങ്ങളുമുണ്ടാവും, ജാതിയും മതവും ചെലുത്തുന്ന സ്വാധീനങ്ങളുമുണ്ടാവും. ഇവയെല്ലാം ഇഴപിരിച്ചെടുക്കാനുള്ള ശാസ്ത്രവിജ്ഞാനവും ശാസ്ത്രീയ സമീപനവുമാ‍ണ് വിദ്യാഭ്യാസ പ്രക്രിയയില്‍ കുട്ടി നേടേണ്ടത്.
ശാസ്ത്രവിജ്ഞാനത്തേയും ശാസ്ത്രീയ സമീപനത്തേയും കുട്ടികളുടെ പ്രകൃതത്തിനും പ്രായത്തിനും ഇണങ്ങുന്ന വിധം രസകരമായും ജീവിതഗന്ധിയായും പരിസരബന്ധിതമായും വിവിധ വ്യവഹാര രൂപങ്ങളിലൂടെ കുട്ടികള്‍ക്ക് നല്‍കാനാണ് യുറീക്കയും ശാസ്ത്രകേരളവും ഇക്കാലമത്രയും പരിശ്രമിച്ചു പോന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ മാസികകള്‍ കേരളത്തിലെ പരമാവധി വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തിക്കുക എന്നത് പ്രധാനമാണ്.
യുറീക്ക-ശാസ്ത്രകേരളം അമ്പതാം വാര്‍ഷികാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായാണ് യുറീക്കോത്സവം നാം വിഭാവനം ചെയ്തത്. സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷം കുട്ടികളെയെങ്കിലും പങ്കാളികളാക്കുന്ന രീതിയില്‍ വ്യാപകമായി നടക്കേണ്ട ഒന്നാണ് യുറീക്കോത്സവങ്ങള്‍. ശാസ്ത്രബോധമെന്ന അടിത്തറയിലൂന്നിയാണ് യുറീക്കോത്സവം സംഘടിപ്പിക്കുന്നത്. ജില്ലാതലത്തില്‍ രണ്ടു ദിവസവും തുടര്‍ന്ന് പ്രാദേശിക തലത്തില്‍ വ്യാപകമായും നടക്കുന്ന യുറീക്കോത്സവത്തിലൂടെ ഒരു ലക്ഷം കുട്ടികളെയെങ്കിലും നമുക്ക് ഇതില്‍ പങ്കാളികളാക്കാന്‍ കഴിയണം.
പരമാവധി സ്ഥലങ്ങളിൽ പുതിയ ബാലവേദികൾ രൂപീകരിക്കുകയും നിലവിലുള്ളവയെ സ്ഥിരമായി പ്രവർത്തിക്കുന്നവയാക്കി മാറ്റുകയും ചെയ്യുക എന്ന ഉദ്ദേശ്യം കൂടി യുറീക്കോത്സവം സംഘടിപ്പിക്കുന്നതിന്റെ പിന്നിലുണ്ട്. ബാലവേദി കൂട്ടുകാരെ പങ്കെടുപ്പിക്കുന്നതോടൊപ്പം തന്നെ പഞ്ചായത്തുതല വിജ്ഞാനോത്സവത്തിൽ യൂ പി വിഭാഗത്തിൽ പങ്കെടുത്ത കുട്ടികളെയും സഹകരിച്ച അധ്യാപികാധ്യാപകരേയും ക്ഷണിക്കണം.
ജില്ലാ യുറീക്കോത്സവത്തിൽ പങ്കെടുത്ത കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ൽ യൂനിറ്റുകളിലും വിദ്യാലയങ്ങളിലും വ്യാപകമായി പ്രാദേശിക യുറീക്കോത്സവങ്ങൾ സംഘടിക്കലാണ് അടുത്ത തലം. അതിനുള്ള റിസോഴ്‌സ് പരിശീലനം കൂടിയായി ജില്ലാതല യുറീക്കോത്സവത്തെ കാണണമെന്ന് അഭ്യർഥിക്കുന്നു..

പാരിഷത്തികാഭിവാദനങ്ങളോടെ,
രാധന്‍ കെ
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *