ലക്ഷ്മണരേഖ കടന്നു

0

ഇന്ത്യയും ഒട്ടും പിന്നിലല്ല. ഇന്ത്യയുടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ(CO2) സാന്ദ്രത വെളിവാക്കുന്ന ആദ്യ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നു. ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ നിരീക്ഷിച്ചതിനു സമാനമാണ് നമ്മുടെ രാജ്യത്തെ സ്ഥിതി. അതായത് സുരക്ഷിത രേഖയുടെ എത്രയോ മുകളിലാണ് ഇവിടെയും അന്തരീക്ഷ Co2 വിന്റെ സാന്ദ്രത.
ഹവായിലെ മൗനലോവ അന്തരീക്ഷ നിരീക്ഷണകേന്ദ്രത്തില്‍ 1950 മുതല്‍ co2 വിന്റെ അളവ് രേഖപ്പെടുത്തുന്നുണ്ട്. 1990 കളില്‍ ഉപഗ്രഹ പ്രതിബിംഭങ്ങള്‍ ഉപയോഗിച്ച് വളരെ കൃത്യമായി അന്തരീക്ഷ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രത അളന്നുതുടങ്ങി. അന്തരീക്ഷത്തിലെ ദശലക്ഷം വാതക തന്മാത്രകളില്‍ co2 തന്മാത്രകളുടെ സംഖ്യ 350 ല്‍ കൂടുതലായാല്‍ ആപത്കരമായി പരിഗണിക്കപ്പെടുന്നു. ലോകമെമ്പാടും അതിതീവ്രകാലാവസ്ഥാ പ്രതിഭാസങ്ങളിലേക്ക് നയിക്കത്തക്കവണ്ണം ചൂടിനെ പിടിച്ചു നിര്‍ത്താന്‍ ഈ ഉയര്‍ന്ന സാന്ദ്രതയിലുള്ള ഹരിതഗൃഹവാതകങ്ങള്‍ക്കു കഴിയും. അധികമുള്ള co2 വിനെ ആഗിരണം ചെയ്യുക എന്നത് കാലം ചെല്ലുന്തോറുമുള്ള കൂടുതല്‍ കഠിനവും ചെലവേറിയതുമായ പ്രക്രിയ ആയിരിക്കും. മൗനലോവയില്‍ നിന്നുള്ള റിപോര്‍ട്ടുപ്രകാരം 2015 Co2 വിന്റെ ആഗോള ശരാശരി സാന്ദ്രത 400ppm ആയിരുന്നു. കറന്റ് സയന്‍സിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ അക്കാലത്ത് ഇന്ത്യയുടെ ശരാശരി co2 അളവ് 390ppm ആണെന്ന് കാണുന്നു.
എന്നാല്‍ ഗോവയിലെ കേപ്‌രാമ തീരദേശ നിരീക്ഷണശാല (കഴിഞ്ഞ ഒരു ദശകക്കാലമായി അവിടെ co2 വിന്റെ അളവ് രേഖപ്പെടുത്തുന്നു) യില്‍ രേഖപ്പെടുത്തിയത് 408 ppm ആണ്. നാസയുടെ കാര്‍ബണ്‍ ഒബ്സര്‍വേറ്റര്‍ – 2 എന്ന ഭൂമിയെ ചുറ്റുന്ന കൃത്രിമോപഗ്രഹം കുറേക്കാലമായി അന്തരീക്ഷ പാരിസ്ഥിതിക സ്ഥിതിവിശേഷണങ്ങളെ മോണിറ്റര്‍ ചെയ്തുവരികയാണ്. അതില്‍ നിന്നു ലഭിച്ച ഡാറ്റകളനുസരിച്ച് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ co2 സാന്ദ്രത 405 മുതല്‍ 410 വരെ ppm ഉയര്‍ന്നതായി കാണുന്നു. ദക്ഷിണേന്ത്യയിലും പടിഞ്ഞാറ് തീരപ്രദേശത്തും co2 വിന്റെ അളവ് 395 മുതല്‍ 400 ppm വരെയാണ്. മധ്യഭാരതത്തിലും ഉത്തരേന്ത്യയിലെ മറ്റുചില ഭാഗങ്ങളിലും 400 മുതല്‍ 405 ppm വരെ രേഖപ്പെടുത്തിയിരിക്കുന്നു.
co2 സാന്ദ്രത ഇത്രയും ഉയരാന്‍ കാരണമെന്ത്? കൃത്യമായി ഉത്തരം പറയാന്‍ കഴിയില്ലെങ്കിലും സംഭാവ്യമായ ചില കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. കാട്ടുതീ, ബയോമാസ് ജ്വലനം, ഗതാഗതം ഇവയില്‍ നിന്നെല്ലാം വര്‍ധിതമായി അന്തരീക്ഷത്തിലെത്തുന്ന Co2 വിനെ പിടിച്ചെടുത്ത് വെക്കാനുള്ള അറകള്‍ (Sinks) ഇല്ലാത്തതാണ് ഒരു കാരണം. ISRO യുടെ സ്പേസ് അപ്ലിക്കേഷന്‍ സെന്ററില്‍ സേവനമനുഷ്ടിക്കുന്ന ആഭാചന്ദ്ര, അജിത് ഗോപാല്‍ എന്നീ ശാസ്‌ത്രജ്ഞര്‍ പറയുന്നത് ശൈത്യകാലത്ത് സസ്യവല്‌കരണം കുറയുന്നതിനാല്‍ Co2 വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ്. തുടര്‍ച്ചയായ നിരീക്ഷണങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും അന്തരീക്ഷ രസതന്ത്രത്തില്‍ വന്ന മാറ്റങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *