വ്യാജചികിത്സകള്‍ക്കെതിരായ ജനകീയ പൊതുജനാരോഗ്യ കൂട്ടായ്മ (CAPSULE) രൂപീകരിച്ചു.

0

അശാസ്ത്രീയ ചികിത്സാ സംവിധാനങ്ങളെയും വ്യാജമായ പരസ്യങ്ങളിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന കപടചികിത്സകളെയും തുറന്നുകാണിക്കുന്നതിനുവേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ കാപ്‌സ്യൂള്‍ (CAPSULE – Campaign against Pseudoscience using Law and Ethics) എന്ന പൊതുജനാരോഗ്യ കൂട്ടായ്മ രൂപികരിച്ചു. തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ ചേര്‍ന്ന യോഗം പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.കെ. മീരാഭായ് ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി ആയുര്‍വേദ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.ജി.വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ഡോ.യു.നന്ദകുമാര്‍ ആമുഖപ്രഭാഷണവും എം.പി.അനില്‍കുമാര്‍ വിഷയാവതരണവും നടത്തി. കപടചികിത്സക്കെതിരായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനടിസ്ഥാനത്തില്‍ ഏകോപിപ്പിക്കാന്‍ ഡോ.യു.നന്ദകുമാര്‍ ചെയര്‍പേഴ്‌സണായും എം.പി.അനില്‍കുമാര്‍ കണ്‍വീനറുമായി ഇരുപതംഗ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ ലക്ഷ്യങ്ങള്‍ പ്രധാനമായും ഇവയാണ്.
1. വ്യാജചികിത്സകള്‍ പരസ്യം ചെയ്യുന്നതിനും നിയമവിരുദ്ധമായ ചികിത്സകള്‍ നടത്തുന്നതിനും എതിരെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക
2. വ്യാജപരസ്യങ്ങള്‍, നിയമവിരുദ്ധമായ ചികിത്സകള്‍ അവയുടെ നിയമവശങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ വെബ്-സൈറ്റിലൂടെ പരസ്യപ്പെടുത്തുകയും മാധ്യമങ്ങളിലൂടെ ചര്‍ച്ചയ്ക്കു വിധേയമാക്കുകയും ചെയ്യുക.
3. വ്യാജപ്രചാരണങ്ങള്‍/നിയമവിരുദ്ധ ചികിത്സകള്‍ എന്നിവയ്‌ക്കെതിരെ പരാതി ഉന്നയിക്കുന്നവര്‍ക്ക് ശാസ്ത്രീയമായ വിവരങ്ങള്‍ ലഭ്യമാക്കുകയും മറ്റു സാഹയങ്ങള്‍ നല്‍കുകയും ചെയ്യുക.
4. വ്യാജചികിത്സയുടെ ഫലമായി ഉണ്ടാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി പഠിക്കുക.
ആരോഗ്യപ്രവര്‍ത്തകരും പരിഷത്ത് പ്രവര്‍ത്തകരും ഡോക്ടര്‍മാരുമടക്കം 30 പേര്‍ യോഗത്തില്‍ പങ്കെടുത്തു. ഡോ.മിഥുന്‍, ഡോ. പുരുഷോത്തമന്‍, ഡോ. ഹരികുമാരന്‍ നായര്‍, ഡോ.എ.പി.വിജയന്‍, ഡോ.സാദത്ത്, ഡോ.ജയകുമാര്‍, ഡോ.ഷര്‍മദ് ഖാന്‍, ഡോ.രഘുപ്രസാദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പരിഷത്ത് മുന്‍ പ്രസിഡണ്ട് ഡോ.കെ.പി.അരവിന്ദന്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *