സംഘടനാവിദ്യാഭ്യാസം മലപ്പുറത്ത് ആദ്യഘട്ടം പൂര്‍ത്തിയായി

0
മലപ്പുറം സംഘടനാ വിദ്യാഭ്യാസ ക്യാമ്പിൽ ഡോ. അനിൽ ചേലേമ്പ്ര ആമുഖ ഭാഷണം നടത്തുന്നു

മേഖലാ – യൂണിറ്റ് ഭാരവാഹികള്‍, ജില്ലാകമ്മിറ്റിയംഗങ്ങള്‍, നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിങ്ങനെ 160 പേരെ പങ്കാളികളാക്കി മലപ്പുറം ജില്ലയിലെ സംഘടനാ വിദ്യാഭ്യാസ പ്രക്രിയയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ജൂണ്‍ 22, 23 ന് കാടാമ്പുഴയിലും ജൂലൈ 6, 7ന് വണ്ടൂരിലും നടന്ന രണ്ടു ക്യാമ്പുകളിലൂടെയാണ് ജില്ലയിലെ 11 മേഖലകളിലുള്ള പ്രധാന പ്രവര്‍ത്തകരിലേക്ക് സംഘടനയുടെ ആശയതലം എത്തിക്കുന്നതിനും പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസമുണര്‍ത്തുന്നതിനും ശ്രമിച്ചത്.
സജീവമായിരുന്നു ക്യാമ്പുകളും ക്യാമ്പുകളുടെ ഉള്ളടക്കവും. രണ്ടു ക്യാമ്പുകളിലും ഒരേ മൊഡ്യൂളും അവതരണങ്ങള്‍ക്ക് ഒരേ വ്യക്തികളെയുമാണ് പങ്കെടുപ്പിച്ചത്. ആമുഖഭാഷണം നടത്തിയ സാംസ്കാരിക പ്രവര്‍ത്തകന്‍ ഡോ. അനില്‍ ചേലേമ്പ്രയുടെ വാക്കുകള്‍ സാമൂഹികവും സംഘടനാപരവുമായ പരിഷത്തിന്റെ ഉത്തരവാദിത്തം ബോധ്യപ്പെടുത്തുന്നതായിരുന്നു. ബുദ്ധന്റെ കാലത്തില്‍നിന്ന് തുടര്‍ച്ചയുള്ള നവോത്ഥാന പാരമ്പര്യത്തിന്റെ പാതയിലാണ് പരിഷത്ത് നില്‍ക്കു ന്നതെന്നും പരിഷത്തില്ലാത്ത കേരളത്തെപ്പറ്റി ചിന്തിക്കുമ്പോഴാണ് ഈ സംഘടനയുടെ പ്രസക്തി ബോധ്യപ്പെടുന്നത് എന്നുമാണ് അദ്ദേഹം പറഞ്ഞത്. എങ്കിലും വര്‍ത്തമാനകാലത്തെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടുന്നതില്‍, പുത്തനുണര്‍വുകള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍, സാംസ്കാരിക മൂലധനം നിര്‍മിച്ചെടുക്കുന്നതില്‍, പുതിയ വ്യവഹാരരൂപങ്ങള്‍ രൂപപ്പെടുത്തുന്നതില്‍….. ഇതിലൊക്കെ പരിഷത്ത് ഇന്ന് പതറുന്നുണ്ടോ എന്നത് ആത്മപ്രതിഫലന ബോധത്തോടെ പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ചെറുതും വലുതുമായ ഭാവനകള്‍ ഓരോ പരിഷത്തുകാരനിലുമുണ്ടെന്നും അത് വികസിപ്പിച്ച് പരിഷത്ത് യൂണിറ്റിന്റെ ക്രിയാത്മകത സംഭരിക്കലാണ് കാലഘട്ടം ആവശ്യപ്പെടുന്നത് എന്നതായിരുന്നു അനില്‍മാഷിന്റെ നിര്‍ദേശം.
ക്യാമ്പുകളുടെ ഊര്‍ജമായി മാറിയ ഒന്നായിരുന്നു പരിഷത്ത് നിര്‍വാഹകസമിതിയംഗം പി.എ. തങ്കച്ചന്‍ അവതരിപ്പിച്ച ക്ലാസ്. ഒരു പരിഷത്ത് യൂണിറ്റ് നാടിന്റെ ഉപ്പായി മാറുന്നത് എങ്ങനെയെന്നതിന്റെ അനുഭവസാക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ക്ലാസിനുശേഷം ക്യാമ്പംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന അപൂര്‍വ അനുഭവമായിരുന്നു കണ്ടത്. ഇച്ഛാശക്തിയും അറിവും സന്നദ്ധതയുമാണ് പരിഷത്ത് പ്രവര്‍ത്തനത്തിന്റെ കാതല്‍ എന്ന് അദ്ദേഹം തനിമയുള്ള ശൈലിയിലൂടെ ബോധ്യപ്പെടുത്തിത്തന്നു. പൊതുബോധത്തില്‍ പരിഷത്ത് യൂണിറ്റ് ഇടപെടേണ്ടത് എങ്ങിനെയാകണമെന്ന് ക്യാമ്പംഗങ്ങളെ അവിശ്വസനീയതയോടെ പഠിപ്പിക്കുകയായിരുന്നു. പ്രവര്‍ത്തിക്കാനിറങ്ങാതെ അറിയലും പറയലും മാത്രമായി ചുരുങ്ങി അടയിരിക്കുന്ന സാമ്പ്രദായിക പരിഷദ് സംഘടനാരീതിക്കുമേലുള്ള പ്രഹരമായിരുന്നു ഈ ക്ലാസ്.
രജിസ്ട്രേഷനോടുകൂടിത്തന്നെ ക്യാമ്പ് ആരംഭിക്കുന്നവിധമായിരുന്നു മോഡ്യൂള്‍ തയാറാക്കിയത്. രജിസ്റ്റര്‍ ചെയ്യുന്ന മുറക്ക്, പരിഷത്തിന്റെ ചരിത്രം പറയുന്ന പാനലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഹാളിലേക്ക് അംഗങ്ങള്‍ കടന്നുചെന്ന് അവ സ്വാംശീകരിച്ച് വ്യക്തിഗതമായി രണ്ടുവിധം കുറിപ്പുകള്‍ തയാറാക്കലോടെയായിരുന്നു ക്യാമ്പിന് തുടക്കം. ഒന്ന് പരിഷത്ത് പിന്നിട്ടപാതകള്‍ എന്നതും രണ്ട്, വിദ്യാഭ്യാസം, പരിസരം, ആരോഗ്യം, ജന്റര്‍ വിഷയമേഖലകളിലൊന്നിലും. രണ്ടാംദിവസം ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ചചെയ്ത് കുറിപ്പുകള്‍ ക്രോഡീകരിക്കുകയും ഓരോ ഗ്രൂപ്പും അവതരിപ്പിക്കുകയും ചെയ്തു. കാടാമ്പുഴ ക്യാമ്പില്‍ എന്‍. ജഗജീവനും വണ്ടൂര്‍ ക്യാമ്പില്‍ കെ.ടി.രാധാകൃഷ്ണനുമാണ് ഇവ ക്രോഡീകരിച്ച് പരിഷത്ത് പിന്നിട്ട പാതകള്‍ എന്ന വിഷയത്തില്‍ സംസാരിച്ചത്. സംഘടന കടന്നുവന്ന പാത ഓര്‍മിപ്പിച്ചു എന്നതുമാത്രമല്ല, നമ്മള്‍ ഇപ്പോള്‍ നടത്തുന്ന ഓരോ പ്രവര്‍ത്തനങ്ങളുടേയും നാള്‍വഴികളും അവക്കു പിന്നിലെ ആശയതലവും സൂക്ഷ്മതയോടെ വരച്ചുകാണിച്ച ഇരുവരും സംഘടനയുടെ വലിപ്പവും പ്രസക്തിയും ശക്തി-ദൗര്‍ബല്യങ്ങളും തനിമയുമെല്ലാം ബോധ്യപ്പെടുത്തി.
തുടര്‍ന്ന് ജില്ലയില്‍ നടത്താനിരിക്കുന്ന ശാസ്ത്രമധുരം (വിദ്യാഭ്യാസം, ബാലവേദി, മാസിക, വിജ്ഞാനോത്സവം), സാമ്പത്തികം, മാതൃഭാഷാകാമ്പയിന്‍, ആസ്ട്രോ ക്ലബ് എന്നിവയും ആസന്ന ഭാവിപ്രവര്‍ത്തനങ്ങളും അവതരിപ്പിച്ച് മേഖലാടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്ത് ധാരണയാക്കി. പരിഷദ്ഗാനങ്ങള്‍ ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കുകയും അവയുള്‍പ്പെടെയുള്ള ഗാനങ്ങളുടെ അവതരണ ങ്ങളും ഏറെ ആവേശകരമായി. പ്രതീക്ഷാനിര്‍ഭരമായിരുന്നു രണ്ടു ക്യാമ്പുകളും. ഓരോരുത്തരും സംഘടനയിലൂടെ കടന്നു പോവുകയായിരുന്നു ഈ നാലു ദിനങ്ങളിലൂടെ. പരിഷത്തിനെ ചുറ്റുവട്ടത്ത് അടയാളപ്പെടുത്താനും പരിഷദ്പ്രവര്‍ത്തനം ബാധ്യതയല്ല ഉത്തരവാദിത്തമാണ് എന്ന ഏറ്റെടുക്കലിലേക്ക് വികസിക്കുന്ന തിനും പരിമിതികളെ സന്നദ്ധതകൊണ്ട് മറികടന്ന് സംഘടനാപ്രവര്‍ത്തനം സര്‍ഗാത്മക മാക്കുന്നതിനും ഈ ക്യാമ്പുകളിലൂടെ ഒട്ടൊക്കെ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *