സ്റ്റീഫൻ ഹോക്കിങ്ങിനെ അനുസ്മരിച്ചു.

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സ്റ്റീഫൻ ഹോക്കിങ്ങ് അനുസ്മരണ സമ്മേളനത്തിൽ ഡോ. ടൈറ്റസ് കെ.മാത്യു മുഖ്യ പ്രഭാഷണം നടത്തുന്നു.

തൃശ്ശൂർ: പ്രപഞ്ചത്തിന്റെ തുടക്കത്തിന്റെ തുടക്കവും തമോഗർത്തങ്ങളുടെ ഒടുക്കവും ശാസ്ത്രീയമായി പ്രവചിച്ച അസാമാന്യ പ്രതിഭയാണ് ഈയിടെ അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് എന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഊർജ്ജതന്ത്ര വിഭാഗം പ്രൊഫസർ ഡോ. ടൈറ്റസ് കെ മാത്യു പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാര്‍ച്ച് 23ന് സാഹിത്യ അക്കാദമിയില്‍ വച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രപഞ്ചശാസ്ത്രത്തിലും (കോസ്മോളജി) തമോഗർത്തങ്ങളെ സംബന്ധിച്ച പഠനത്തിലും (ബ്ലാക്ക് ഹോൾസ് ) അദ്ദേഹം ശാസ്ത്രലോകത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ഡോ. ടൈറ്റസ് പറഞ്ഞു‌. സ്ഥിരസ്ഥിതി സിദ്ധാന്തം അട്ടിമറിച്ചാണ് വികസിക്കുന്ന പ്രപഞ്ചം (Expanding Universe) എന്ന സിദ്ധാന്തത്തെ ശക്തമായ തെളിവുകളോടെ ഹോക്കിങ്ങ് പിന്തുണച്ചത്. ഗാലക്സികൾ അകന്നുപോകുന്നു എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. എന്നാൽ, ഭീമൻ നക്ഷത്രങ്ങൾ എരിഞ്ഞടങ്ങിയുണ്ടാകുന്ന തമോഗർത്തങ്ങളെ പറ്റിയുള്ള പഠനമാണ് അദ്ദേഹത്തിന്റെ മികച്ച സംഭാവന. തമോഗർത്തങ്ങളിൽ നിന്ന് ഒന്നും വരുന്നില്ല എന്ന നിലവിലുണ്ടായിരുന്ന ആശയത്തെ അദ്ദേഹം ചോദ്യംചെയ്തു. ഹോക്കിങ്ങ് റേഡിയേഷൻ എന്ന പേരിൽ പിന്നീട് അറിയപ്പെട്ട വികിരണങ്ങൾ സംബന്ധിച്ച അറിവ് ശാസ്ത്രലോകത്തിന് ലഭിച്ച വലിയ നേട്ടമാണ്. കേന്ദ്രസർക്കാരിന്റെ ഗവേഷണ സ്ഥാപനമായ സീമെറ്റ് – ലെ ശാസ്ത്രജ്ഞ ഡോ.ടി.രാധിക അധ്യക്ഷത വഹിച്ചു. വാനനിരീക്ഷകനായ പി.ആർ.ചന്ദ്രമോഹൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ കോഡിനേറ്റർ പ്രൊഫ.കെ.ആർ.ജനാർദനൻ, ഡോ.എ. പി. ജയദേവൻ, പരിഷത്ത് ജില്ലാ സെക്രട്ടറി കെ.എസ്.സുധീർ, ശാസ്ത്രാവബോധ സമിതി ജില്ലാ കൺവീനർ ടി. സത്യനാരായണൻ എന്നിവർ സംസാരിച്ചു. ടി.ആർ. ചന്ദ്രദത്ത് മാസ്റ്ററുടെ നിര്യാണത്തിൽ സമ്മേളനം അനുശോചിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *