സ്വയം പ്രതിരോധിക്കുന്ന ഹൃദയം

0

“തകരാന്‍ വേണ്ടി നിര്‍മിക്കപ്പെട്ടതാണ് ഹൃദയം” അങ്ങനെ പറഞ്ഞത് ഒസ്ക്കാര്‍വൈല്‍ഡ് ആണ്. മുറിവുണക്കുന്ന കാലവുമായി ഒത്തുചേര്‍ന്ന് വൈകാരികക്ഷോഭങ്ങളെ അസ്സലായി കൈകാര്യം ചെയ്യാന്‍ ഹൃദയത്തിന് കഴിയുന്നു. ഹൃദയത്തിനേറ്റ നൊമ്പരങ്ങളെ മെല്ലെ ഓര്‍മയുടെ ഇരുണ്ട ഗര്‍ത്തങ്ങളിലേക്ക് തള്ളിവിടുന്നു. വേദന വീണ്ടും തല പൊക്കിയാല്‍ അതിനെ വേണ്ടവിധം പ്രതിരോധിക്കാനുള്ള വൈദഗ്ധ്യം കാലക്രമേണ ഒരാള്‍ നേടിയിരിക്കും.
ഇനി ഹൃദയത്തിനേറ്റ ശാരീരിക ക്ഷത(physical injury)ങ്ങളോ? ബൈപാസ് സര്‍ജറി, വാല്‍പ് പുനസ്ഥാപിക്കല്‍, ഹൃദയം മാറ്റിവെക്കല്‍ തുടങ്ങിയ ചികിത്സാവിധികള്‍ വൈദ്യശാസ്ത്രനിപുണര്‍ നിര്‍ദേശിക്കുന്നതും ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. ഒട്ടും വിട്ടുകൊടുക്കാത്ത ഒരു യന്ത്രമത്രെ ഹൃദയം. പ്രതിദിനം ഏതാണ്ട് 100,000 സ്പന്ദനങ്ങളിലൂടെ 9100 ലിറ്റര്‍ ഓക്സിജന്‍സമൃദ്ധമായ രക്തം ധമനികളിലൂടെ ശരീരത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുന്ന പ്രവര്‍ത്തനം സുഖകരമാക്കുന്നത് ഹൃദയമാണ്. ഇടതുവശത്തും വലതുവശത്തുമുള്ള ഹൃദയപേശികളില്‍ രക്തം എത്തിക്കുന്ന ധമനികളാണ് ഹൃദത്തിന്റെ സ്വന്തം ആവശ്യങ്ങള്‍ നോക്കി നടത്തുന്നത്. ഈ ധമനികള്‍ വിഭജിച്ച് അവ വീണ്ടും വിഭജിച്ച് ചെറു ചെറു ശാഖകളും ഉപശാഖകളുമായി പിരിഞ്ഞ് ഹൃദയപേശികളുടെ ഓരോ തന്തുവിലും എത്തുന്നു. രക്തചംക്രമണ ജാലക കര്‍മ(network) ത്തിലെ തടസ്സങ്ങളെ (blockages) നേരിടേണ്ടിവരുമ്പോള്‍ ഹൃദയപേശി ധമനികള്‍ (coronary arteries) അതിസമര്‍ഥമായി അതിനോട് പ്രതികരിക്കുമെന്ന് അടുത്തകാലത്ത് കണ്ടുപിടിക്കപ്പെട്ടിരുന്നു. സയന്റിഫിക് അമേരിക്കന്‍ മാസികയുടെ 2017 ജനുവരി മാസ ലക്കത്തില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊളാറ്ററല്‍ ചാനലുകള്‍ (collaterel channels) എന്നറിയപ്പെടുന്ന ഉറങ്ങിക്കിടക്കുന്ന (dorment) ചാനലുകളെ അടിയന്തിരഘട്ടങ്ങളില്‍ സജീവമാക്കാന്‍ ഹൃദയപേശികള്‍ മുന്നോട്ടുവരുന്നു. അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗയോഗ്യമാക്കാന്‍ വേണ്ടി പിറവിയില്‍ തന്നെ കൊളാറ്ററല്‍ ‍ചാനലുകളുടെ പ്ലംബിങ് നടന്നിരിക്കും. പ്രവര്‍ത്തനക്ഷമമാക്കേണ്ടിവരുമ്പോള്‍ അവ എല്ലാ തടസ്സങ്ങളെയും മറികടന്ന് എവിടെ ആവശ്യമുണ്ടോ അവിടെ രക്തവും പോഷകങ്ങളും എത്തിക്കുന്നു. തുടര്‍ച്ചയായി ഉപയോഗിക്കപ്പെടുമ്പോള്‍ ഈ ചാനലുകള്‍ വളര്‍ന്നുവലുതാകുന്നു. ശക്തിയാര്‍ജിക്കുന്നു. അങ്ങനെ 40 ശതമാനം പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കുവാന്‍ കഴിയുന്നു. ചുരുക്കം ചില സമയങ്ങളില്‍ പുതുപുത്തന്‍ ചാനലുകള്‍ തന്നെ തുറക്കപ്പെടും. അടിയന്തിരഘട്ടങ്ങളില്‍ പുത്തന്‍ രക്തവാഹിനികള്‍ വളര്‍ത്തിയെടുക്കുവാന്‍ ഹൃദയത്തെ സ്നേഹപൂര്‍വം നിര്‍ബന്ധിപ്പിക്കുവാനുള്ള വഴികള്‍ കണ്ടെത്താമെന്ന് ഡോ.റുബാന്‍യി അവകാശപ്പെടുന്നു. പക്ഷേ അതിന് ഏതെല്ലാം സാഹചര്യങ്ങളിലാണ് കൊളാറ്ററല്‍ രക്തവാഹിനികള്‍ സജീവമാകണമെന്നറിയണം. എങ്കില്‍ മാത്രമേ ഈ പഠനം അന്ത്യഘട്ടത്തിലേക്ക് നീങ്ങുകയുള്ളൂ.
ഉറങ്ങിക്കിടക്കുന്ന കൊളാറ്ററല്‍ ചാനലിലേക്ക് രക്തം പമ്പ് ചെയ്തുകയറ്റാന്‍ അതികഠിനമായ കായികാഭ്യാസങ്ങള്‍ക്ക് കഴിയുമെന്നതിന് ചില സൂചനകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. പക്ഷെ ഒട്ടുംതന്നെ കായികാധ്വാനം അഭികാമ്യമല്ലാത്തവരാണ് ഭൂരിപക്ഷം ഹൃദ്രോഗികളും. ഹൃദയത്തെ അതിന്റെ കൊളാറ്ററല്‍ ചാനലുകള്‍ വികസിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഡിസൈനര്‍ പ്രോട്ടീനുകള്‍, ജീനുകള്‍ അല്ലെങ്കില്‍ കോശങ്ങള്‍ എന്നിവയുടെ ഉത്തമമായ സമ്മിശ്രണം കണ്ടെത്തണം. ആ അന്വേഷണം അനിവാര്യമായിരിക്കുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഡോ.റുബാന്‍യി തന്റെ പ്രബന്ധം അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *