ഡെങ്കിപ്പനി അറിയേണ്ട കാര്യങ്ങള്‍

0

ആർബോ വൈറസുകളുടെ ഗണത്തിൽപ്പെട്ട ഡെങ്കിവൈറസ് കാരണം ഉണ്ടാകുന്ന ഒരു വൈറൽ രോഗമാണ് ഡെങ്കിപ്പനി. സാരമല്ലാത്ത പനി മുതൽ മാരകമായ രോഗാവസ്ഥകൾ വരെ സൃഷ്ടിക്കുവാൻ തക്കവണ്ണം അപകടകാരിയായ ഈ വൈറൽ രോഗം കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രസക്തമാണ്. (ഈഡിസ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്). ഭൂമിശാസ്ത്രപരമായി കേരളം ഒരു ഉഷ്ണമേഖലാ പ്രദേശമായതുകൊണ്ടും രോഗവാഹക രായ കൊതുകുകൾക്ക് അനുകൂലമായൊരു വിഹാരരംഗമായതുകൊണ്ടും ഡെങ്കിപ്പനി കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയ്ക്ക് ഒരു വെല്ലുവിളിയായി നിലനിൽക്കുന്നു.
അല്പം ചരിത്രം
18-ാംനൂറ്റാണ്ടിൽ 1780കളിൽ ഡെങ്കിപ്പനിയോടു സമാനമായ ലക്ഷണങ്ങളോട് കൂടിയ രോഗം ഏഷ്യയിലും ആഫ്രിക്കയിലും വടക്കേ അമേരിക്കയിലും ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നു. ഡെങ്കി (Dengue) എന്ന വാക്കിന്റെ ഉല്പ ത്തിയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. അതിൽ ഒന്ന് സ്വാഹിലി ഭാഷയിലെ കാ-ഡിങ്കാ-പെപോ (ka-dinga pepo) എന്ന ഒരു ശൈലിയാണ്. പ്രേതഭൂതാദികൾ കാരണമുണ്ടാകുന്ന രോഗം എന്നർത്ഥം. ഡിങ്കാ (dinga) എന്ന വാക്കിൽ നിന്നുമാണ് സ്പാനിഷിൽ ഡെങ്കി (Dengue) ഉണ്ടായതെന്നു വിവക്ഷ. ഡെങ്കിക്ക് ബ്രേക്ക്-ബോണ്‍ ഫീവര്‍ എന്നും ഒരു പേരുണ്ട്. സന്ധിവേദന ഈ രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമായതിനാലാവാം ഇങ്ങനെയൊരു നാമം ഡെങ്കിപ്പനിക്ക് ലഭിച്ചത്. ആദ്യമായി കൃത്യമായ ലക്ഷണങ്ങളോട് കൂടി രോഗം റിപ്പോര്‍ട്ടു ചെയ്ത ബെഞ്ചമിൻ റെഷ് ആണത്രെ ഡെങ്കിക്ക് നാമം നൽകിയത്. രണ്ടാംലോകമഹായുദ്ധവുമായി അനുബന്ധിച്ച ജനസഞ്ചാരങ്ങൾ ഡെങ്കിയുടെ ലോകവ്യാപക പകർച്ചയ്ക്കു കാരണമായി പറയപ്പെടുന്നു. 1950കളിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കണ്ടുതുടങ്ങിയ പകർച്ചപ്പനി 80 കളായപ്പോഴേക്കും ലോകവ്യാപകമായ ഒരു പകർച്ചവ്യാധിയായി മാറി. പിന്നീടുള്ള മൂന്നു പതിറ്റാണ്ടു കാലംകൊണ്ട് ലോക ആരോഗ്യമേഖലയ്‌ക്കു തന്നെ ഡെങ്കി ഒരു വെല്ലുവിളിയായി വളർന്നു. ജനപ്പെരുപ്പവും നഗരവത്കരണവും അതിന്റെ പ്രചാരത്തിന് ആക്കം കൂട്ടി. ഇന്ന് ലോകത്തിൽ വർഷാവർഷം 50 മില്യൺ ആളുകളെ ഡെങ്കിപ്പനി ബാധിക്കുന്നു.
പ്രധാന ലക്ഷണങ്ങൾ
പനി
പനി ഈ അസുഖത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ്. പൊടുന്നനെ ആരംഭിക്കുന്ന പനിയോടൊപ്പം വിറയൽ, അസഹ്യമായ തലവേദന, പേശികളിലും സന്ധികളിലും വേദന എന്നിവ കാണാറുണ്ട്. 24 മണിക്കുറിനുള്ളിൽ കണ്ണുകൾക്കു വേദന, കണ്ണുകഴപ്പ്, വെളിച്ചത്തോട് അസഹ്യത (photophobia) തുടങ്ങിയവ ഉണ്ടാകാറുണ്ട്. 39-40 ഡിഗ്രിസെല്ഷ്യസ് വരെ ശരീരത്തിന്റെ താപം ഉയരാം. പനിയുടെ സ്വഭാവത്തിൽ മിക്കവാറും ഒരു വൃദ്ധിക്ഷയം (biphasic nature) കണ്ടുവരുന്നു. 5 മുതൽ 7 ദിവസം വരെ പനിയുണ്ടാകാം.
അനുബന്ധലക്ഷണങ്ങൾ
മുകളിൽ സൂചിപ്പിച്ച ലക്ഷണങ്ങൾക്കു പുറമേ അതിയായ ക്ഷീണം, തളർച്ച, വിശപ്പില്ലായ്മ, രുചിയില്ലായ്മ, വയറുവേദന, വയർ കൊളുത്തിവലിക്കൽ, അരക്കെട്ടിൽ വേദന, മലബന്ധം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളും ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ടു കണ്ടുവരുന്നു.
ഡെങ്കിയും ത്വക്കിലെ തടിപ്പും
80 ശതമാനം ആളുകളിൽ പനിയുടെ രണ്ടാംഘട്ടത്തിൽ കണ്ടുവരുന്നത് തൊലിപ്പുറത്തുള്ള തടിപ്പ്/കരപ്പൻ. ഇത് 3-4 ദിവസം വരെ നീണ്ടുനിൽക്കും. മുഖം, കഴുത്ത്, നെഞ്ച് തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ഇതു കണ്ടുവരുന്നത്. ചൊറിച്ചിലും വേദനയും ഇതിനോടൊപ്പം ഉണ്ടാകാം.
ഡെങ്കിപ്പനി പ്രധാനലക്ഷണങ്ങൾ
പനി
സന്ധിവേദന, പേശിവേദന
കണ്ണുവേദന/ കഴപ്പ്
വിറയൽ
അതിയായ ക്ഷീണം
തൊലിപ്പുറത്തു തടിപ്പ്
ഡെങ്കി – സങ്കീര്‍ണതകള്‍
മുകളിൽ സൂചിപ്പിച്ച ഡെങ്കിപ്പനി സാരമല്ലാത്തതും ഒരു പരിധിവരെ സ്വയം നിയന്ത്രിതവുമായ ഒരു രോഗമാണ്. എന്നാൽ തീർത്തും മാരകമായ സങ്കീർണതകളും ഈ വൈറസ് ബാധകൊണ്ട് ഉണ്ടാകാം. ഡെങ്കി ഹെമറാജിക്സ് ഫീവർ (DHF) ഡെങ്കിഷോക്സ് സിൻഡ്രോം (DSS) എന്നിവയാണ് ഇവയിൽ പ്രമുഖം.
ഡെങ്കി ഹെമറാജിക് ഫീവർ (DHF)
ഒന്നിൽ കൂടുതൽ ഡെങ്കി വൈറസ് ബാധയാൽ ഉണ്ടാകുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ് ഡെങ്കി ഹെമറാജിക് ഫീവർ. പനിയുടെ കാഠിന്യം കൊണ്ടും രക്തസ്രാവത്തിനുള്ള സാധ്യതകൾ കൊണ്ടും ഈ രോഗം സാധാ രണ ഡെങ്കിപ്പനിയേക്കാൾ ഗൗരവം അർഹിക്കുന്നു. പൊടുന്നനെയുള്ള അതികഠിനമായ പനി (40-410C) യിലാണ് രോഗം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. മുഖത്തു തടിപ്പോ, തലവേദനയോ പനിയോടൊപ്പം കണ്ടുവരാറുണ്ട്.
മറ്റു ലക്ഷണങ്ങൾ
വിശപ്പില്ലായ്മ, വയറുവേദന, ഛർദ്ദി, വയറിന്റെ വലതുഭാഗത്ത് വേദന (righl costal margintenderness) തുടങ്ങിയവയാണു മറ്റു പ്രധാന ലക്ഷണങ്ങൾ. ത്വക്കിലുള്ള തടിപ്പ് (rash) സാധാരണയായി കണ്ടുവരാറില്ല. ചെറിയ കുട്ടികളിൽ പനിയുടെ കാഠിന്യം നിമിത്തം അപസ്മാരം വരാനുള്ള സാധ്യത ഏറെയാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ (രക്തം കട്ടപിടിക്കാൻ ആവശ്യമായ കോശം) ക്രമാതീതമായ കുറവുകാരണമാണ് രക്തസ്രാവവും അനുബന്ധ ലക്ഷണങ്ങളും ഉണ്ടാകുന്നത്.
രോഗനിർണ്ണയം – പ്രധാന നിബന്ധനകൾ
1. പനി – പൊടുന്നനെയുള്ള കഠിനമായ തുടർച്ചയായുള്ള (2-7 ദിവസം വരെ) പനി.
2. രക്തസ്രാവലക്ഷണങ്ങൾ മൂക്കിലൂടെയും മോണകളിൽ നിന്നും രക്തം വരിക, ചർമ്മത്തിൽ രക്തസ്രാവം നിമിത്തമുള്ള കലകൾ, രക്തം ഛർദ്ദിക്കുക/ശോധിക്കുക
3. കരൾവീക്കം
ഡെങ്കിഷോക്സ് സിന്‍ഡ്രോം (DSS)
മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രോഗത്തിന്റെ ഏറ്റവും മൂർഛിച്ച അവസ്ഥയിൽ രോഗിയുടെ രക്തചംക്രമണ വ്യവസ്ഥ സ്തംഭിച്ചുപോകുന്ന ഘട്ടത്തിനാണ് ഡെങ്കി ഷോക്സ് സിൻഡ്രോം എന്നു പറയുന്നത്. മുകളിൽ സൂചിപ്പിച്ച ലക്ഷണങ്ങളോടൊപ്പം തീരെ കുറഞ്ഞ രക്തസമ്മർദ്ദം, ദുർബലമായ നാഡിമിടിപ്പ്, തണുത്ത ചർമ്മം, അസ്വസ്ഥത തുടങ്ങിയവ കണ്ടാൽ ഡെങ്കി ഷോക്സ് സിൻഡ്രോം ആണെന്നു രോഗനിർണ്ണയം നടത്താവുന്നതാണ്.
ഡെങ്കിപ്പനി – ചികിത്സ
ഡെങ്കിപ്പനിയുടെ ചികിത്സ പ്രധാനമായും ലക്ഷണാനുസൃതമാണ്. ശരീരത്തിന്റെ താപം കുറയ്ക്കുവാൻ ഉതകുന്ന മരുന്നുകൾ നൽകുക, ശരീരത്തിൽ നിന്നും നഷ്ടപ്പെട്ട ജലവും ധാതുക്കളും പകരം നല്കുക, രക്തം/പ്ലേറ്റ്‌ലെറ്റ് തുടങ്ങിയവയുടെ നഷ്ടം നികത്തുക, രോഗിയുടെ ആരോഗ്യനില ശ്രദ്ധാപൂർവ്വം തുടർച്ചയായി വിലയിരുത്തിക്കൊണ്ടിരിക്കുക. ഡെങ്കിക്ക് എതിരെയുള്ള ആന്റി വൈറൽ മരുന്നുകൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
ഡെങ്കിൈവറസ്
ആർബോ വൈറസുകളുടെ ഗണത്തിൽപ്പെട്ട ഒരിനം വൈറസാണ് ഡെങ്കിൈവറസ്. 1,2,3,4 എന്നിങ്ങനെ നാലു ഉപഗണങ്ങൾ ഡെങ്കിപ്പനിയുടെ കാരണമായി കണ്ടെത്തിയിട്ടുണ്ട്. മനുഷ്യനെയും ഈഡിസ് കൊതുകുകളെയും ഈ ൈവറസ് ബാധിക്കുന്നു. 3-10 ദിവസം വരെയാണ് മനുഷ്യനിലുള്ള ഇൻക്യുബേഷൻ കാലം. മനുഷ്യൻ – കൊതുക് – മനുഷ്യൻ എന്നിങ്ങനെയാണ് ഈ വൈറസിന്റെ ചംക്രമണ രീതി.
ഡെങ്കി ഒരു കൊതുകുജന്യരോഗം
ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനിയുടെ പ്രധാനവാഹകർ. ‘ഈഡിസ് ആൽബോപിറ്റിക്സ് (ടൈഗർ കൊതുക്) ഈഡിസ് പോളിസിയൻസ് തുടങ്ങിയ മറ്റു ചില ഈഡിസ് കൊതുകുകളും ഡെങ്കിപ്പനിക്കു കാരണമായി കണ്ടെത്തിയിട്ടുണ്ട്. രോഗിയായ ഒരു മനുഷ്യന്റെ ശരീരത്തിൽ നിന്നും രക്തം കുടിക്കുമ്പോൾ ഈഡിസ് കൊതുകുകളുടെ (പെൺകൊതുകുകൾ) ശരീരത്തിൽ രോഗാണു കയറുന്നു. 8-ാം ദിവസം കൊണ്ട് ആ കൊതുക് രോഗം പരത്തുവാൻ കെല്പുള്ളതായി മാറുന്നു. ജീവിതകാലം മുഴുവൻ രോഗവാഹിയായ ആ കൊതുക് മറ്റു മനുഷ്യരിലേയ്ക്ക് രോഗം പകർത്തുന്നു. തുറന്ന ജലസംഭരണികളിലും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലുമാണ് ഈഡിസ് കൊതുക്സ് മുട്ടയിട്ട് പെരുകുന്നത്. പൊതുവേ പകൽ സമയത്താണ് ഈ ഇനത്തിൽപ്പെട്ട കൊതുകുകൾ കടിക്കാറ്. രോഗവാഹകരായ കൊതുകുകളുടെ ആവാസവ്യവസ്ഥ നശിപ്പിക്കുക വഴി ഡെങ്കിപ്പനി വലിയ ഒരളവിൽ തടയാനാകും എന്നതിൽ തർക്കമില്ല. വ്യക്തിശുചിത്വവും അതോടൊപ്പം സാമൂഹ്യശുചിത്വവും പുലർത്തിയാലേ ഇത് സംഭവ്യമാകുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *