മുപ്പത്തിഏഴാമത്തെ വര്‍ഷവും ശാസ്ത്രകലാജാഥ വരികയായി. നവോത്ഥാനജാഥ 2017 എന്നാണ് ഈ വര്‍ഷത്തെ ജാഥയ്ക് പേരിട്ടിരിക്കുന്നത്. 2017 നവോത്ഥാനവര്‍ഷമായി ആചരിക്കണമെന്നും ഈ വര്‍ഷത്തെ കലാജാഥയിലൂടെ ആകണം നവോത്ഥാനവര്‍ഷാചരണത്തിന്റെ ആരംഭം എന്നും നാം തീരുമാനിച്ചിട്ടുണ്ട്. നവോത്ഥാനവര്‍ഷത്തിന്റെ പ്രാരംഭം കുറിക്കുന്ന ജാഥ എന്നനിലയിലാണ് നവോത്ഥാനജാഥ 2017 എന്ന പേരിലേക്കെത്തിയത്.
ജാഥയില്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ചിട്ടപ്പെടുത്തുന്നതിനായുള്ള സംസ്ഥാനതല ക്യാമ്പ് മുക്കം മേഖലയില്‍ മണാശ്ശേരി സര്‍ക്കാര്‍ യു.പി സ്കൂളില്‍ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു മണിക്കൂര്‍ നീളുന്ന ഒറ്റ പരിപാടി എന്നതിന് പകരം പതിനഞ്ച് മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വിവിധ കലാപരിപാടികളായിട്ടാണ് ഈ വര്‍ഷത്തെ ജാഥ ചിട്ടപ്പെടുത്തിയിട്ടുള്ളത്. പ്രഗത്ഭ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ജാഥയിലേക്ക് സ്ക്രിപ്റ്റുകള്‍ നല്‍കിയിട്ടുണ്ട്. അതിനുപുറമെ സഹോദരന്‍ അയ്യപ്പന്റെ സയന്‍സ്ദശകം, മുന്‍കലാജാഥയില്‍ അവതരിപ്പിച്ച നാടകം- അതിര്‍ത്തികള്‍ക്കപ്പുറം- എന്നിവയും പരിപാടികളില്‍ ഉള്‍പ്പെടുന്നു. ജനുവരി 2ന് സംസ്ഥാന ക്യാമ്പ് അവസാനിച്ച് പശ്ചാത്തലസംഗീതം, ഗാനങ്ങള്‍ എന്നിവയുടെ റെക്കോര്‍ഡിംഗ് തുടങ്ങിയ സാങ്കേതികജോലികള്‍ പൂര്‍ത്തിയാക്കി ജനുവരി 8 മുതല്‍ വിവിധ ജില്ലകളില്‍ ജാഥയുടെ പരിശീലന ക്യാമ്പുകള്‍ ആരംഭിക്കും. പതിനൊന്ന് ജാഥകളിലായി നാനൂറില്‍ പരം കേന്ദ്രങ്ങളില്‍ ഇത്തവണയും കലാപരിപാടികള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വര്‍ഗീയ ഫാസിസം ഇന്ത്യയുടെ സാമൂഹിക ജീവിതത്തിലേക്കുള്ള കടന്നാക്രമണം രൂക്ഷമാക്കിക്കഴിഞ്ഞു. ഇതിനെതിരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളില്‍നിന്നുള്‍പ്പെടെ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ പലഭാഗത്തും ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം ചെറുത്തുനില്‍പുകള്‍ക്ക് ശക്തിപകരുക എന്നത് ജനാധിപത്യശക്തികളുടെ വര്‍ത്തമാനകാല കടമകളിലൊന്നാണ്. ഈ ചെറുത്തുനില്‍പുകള്‍ക്ക് ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും പിന്‍ബലം നല്‍കാനുള്ള ഉത്തരവാദിത്തം ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ക്കുണ്ട്. ഈ ലക്ഷ്യത്തില്‍നിന്നുകൊണ്ടാണ് ജാഥാ സ്വീകരണത്തിന് അനുബന്ധമായി സാംസ്കാരികരേഖാ ചര്‍ച്ചയും, സയന്‍സ് ഡയലോഗുകള്‍, നവോത്ഥാനസംവാദങ്ങള്‍ തുടങ്ങിയ അനുബന്ധപരിപാടികളും സംഘടിപ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. വിവിധ അനുബന്ധപരിപാടികളിലൂടെ വിദ്യാര്‍ഥികളും യുവാക്കളും സ്ത്രീകളുമ ടങ്ങുന്ന വിലയൊരു സദസ്സിനെ ജാഥാകേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാനാകണം.
പതിവുപോലെ പുസ്തകപ്രചാരണം തന്നെയാണ് സംഘാടന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികത്തിന്റെ മുഖ്യ സ്രോതസ്സ്. ഓരോ ജാഥാകേന്ദ്രങ്ങളിലും രൂപീകരിക്കുന്ന വിപുലമായ സ്വാഗതസംഘങ്ങളുടെ നേതൃത്വത്തിലാണ് ജാഥാസ്വീകരണവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കേണ്ടത്. എല്ലാ സ്വീകരണകേന്ദ്രങ്ങളിലും സ്വാഗതസംഘം രൂപീകരിച്ചും വിപുലമായ അനുബന്ധപരിപാടികള്‍ സംഘടിപ്പിച്ചും വന്‍തോതില്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും ജാഥാസ്വീകരണം വന്‍വിജയമാക്കാന്‍ എല്ലാ പരിഷത്തംഗങ്ങളും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നു.
പി.മുരളീധരന്‍
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *