ജി.എസ്.ടി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണം തകര്‍ക്കും: ഡോ. ആര്‍. മോഹന്‍

0

തിരുവനന്തപുരം: ജി.എസ്.ടി. രാജ്യത്ത് നടപ്പാക്കുന്നതുവഴി കേരളത്തിന് ഏകദേശം 17ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമെങ്കിലും സംസ്ഥാനത്തിന് നികുതിവരുമാനത്തിലൂടെ ആസൂത്രണപ്രക്രിയ ചെയ്യുന്ന സമ്പ്രദായത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ സീനിയര്‍ സയന്റിസ്റ്റുമായ ഡോ. ആര്‍. മോഹന്‍ അഭിപ്രായപ്പെട്ടു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട “ജി.എസ്.ടിയും കേരളവും” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നികുതിച്ചോര്‍ച്ച 25-30ശതമാനത്തില്‍ നിന്ന് ഒരുപക്ഷെ 10-15 ശതമാനമായി കുറഞ്ഞേക്കാം. എന്നാല്‍ നിലവിലുള്ള സേവനനികുതി ഇനത്തില്‍ ലഭിക്കുന്ന തുക ഏതാണ്ട് മൂന്നിലൊന്നായി കുറയാനും ഇടയുണ്ട്. സംസ്ഥാനത്തിന് ഏതെങ്കിലുംതരത്തിലുള്ള നികുതിയിളവ് വേണമെങ്കില്‍ ജി.എസ്.ടി. കൗണ്‍സിലിലിന്റെ അംഗീകാരവും വേണമെന്നുണ്ട്. അതിന് നാലില്‍ മൂന്ന് ഭൂരിപക്ഷം ഉണ്ടാവേണ്ടുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഎസ്‌ടിയുടെ ഗുണഗണങ്ങള്‍ വിപുലമായ ക്യാമ്പയിനിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തുവാനും വ്യാപാരസമൂഹം യഥാര്‍ഥത്തില്‍ നിലവില്‍വന്ന തുകമാത്രമേ ജനങ്ങളില്‍നിന്ന് ഈടാക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്താനും സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ ശ്ലാഘനീയമാണ്. ഈ തരത്തിലുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരും ജി.എസ്.ടി. കൗണ്‍സിലും അടിയന്തിരപ്രാധാന്യത്തോടെ ചെയ്യണമെന്നും അദ്ദേഹം സൂചിപ്പിച്ചു. മേഖലാ പഠനകേന്ദ്രം കണ്‍വീനര്‍ അഡ്വ. വി.കെ. നന്ദനന്‍ അധ്യക്ഷത വഹിച്ചു. വൈദ്യശാസ്‌ത്രമഞ്ജരി പുസ്തകങ്ങളുടെ പ്രകാശനം ഡോ.ആര്‍. മോഹന്‍ നിര്‍വഹിച്ചു. ഡോ. ആര്‍.വി.ജി. മേനോന്റെ “ശാസ്‌ത്രസാങ്കേതികവിദ്യകളുടെ ചരിത്രം” എന്ന പുസ്തകത്തിന്റെ പ്രീപബ്ലിക്കേഷന്‍ തുക ഭവന്‍ യൂണിറ്റ് പ്രസിഡണ്ട് അഡ്വ. കെ. രാധാകൃഷ്ണനില്‍നിന്നും ജില്ലാ സെക്രട്ടറി ഷിബു അരുവിപ്പുറം സ്വീകരിച്ചു. മേഖലാപ്രസിഡണ്ട് ടി.പി. സുധാകരന്‍ സ്വാഗതവും സെക്രട്ടറി പി. പ്രദീപ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *