ഇന്ത്യ എന്റെ രാജ്യം പ്രഭാഷണപരമ്പര

0

fb_004

രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി ഭരണകൂടം പൗരന്മാരുടെ രക്തമൊഴുക്കുന്ന അവസ്ഥ എത്ര ദാരുണമാണെന്ന് ആലോചിച്ചു നോക്കൂ. പൗരാവകാശങ്ങളെ ഒട്ടും മാനിക്കാതെയും പൗരാവകാശധ്വംസനത്തെ നൂറുകണക്കിന് നുണകള്‍ പ്രചരിപ്പിച്ച് ആഘോഷിക്കുകയും ചെയ്തുകൊണ്ടാണ് ഇന്ത്യന്‍ഭരണകൂടം മുന്നോട്ടുപോകുന്നത്. ഇന്ത്യയുടെ പരമാധികാരം ഏറെ ദുര്‍ബലമായ ഘട്ടമാണ് ആഗോളീകരണത്തിന്റെ ഈ കാല്‍നൂറ്റാണ്ട്.
എന്തുകൊണ്ടാണ് അധിനിവേശ പ്രത്യയശാസ്ത്രത്തിന് ഇത്ര സ്വീകാര്യത ലഭിച്ചത്? എന്തുകൊ ണ്ട് വര്‍ഗീയഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന് നാള്‍ ക്കുനാള്‍ സ്വീകാര്യത കൂടുന്നു? ഗാന്ധി-നെഹ്‌റു-ആസൂത്രണ-മതനിരപേക്ഷ പാരമ്പര്യങ്ങളെ എന്തുകൊണ്ട് കൂടുതല്‍ ശാസ്ത്രീയമായി മുന്നോട്ടു നയിക്കാനായില്ല? അയോധ്യയിലെ കര്‍സേവയുടെയും ഗുജറാത്തിലെ നരഹത്യയുടെയും ഭീകരത എന്തുകൊണ്ട് ഇന്ത്യന്‍ ജനതയ്ക്ക് പാഠമായില്ല? ഇന്ത്യ വിഭജനത്തിന്റെ നാളുകളിലെ വിദ്വേഷത്തിലേക്ക് മടങ്ങുകയാണോ? ഇത്തരം നിരവധി ചോദ്യങ്ങള്‍ ചോദിച്ചില്ലെങ്കില്‍ സാമ്രാജ്യത്വാഗോളീകരണവും ഫാസിസവും നമ്മെ ഉന്മൂലനം ചെയ്‌തേക്കാം. നിര്‍ഭയമായി ജീവിക്കാനുള്ള സാഹചര്യം ഭരണഘടന ഉറപ്പുനല്‍കുന്നുവെങ്കിലും അതിനെ അട്ടിമറിക്കുകയാണ് ഭരണകൂടം. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഉണര്‍ന്നു ചിന്തിക്കേണ്ട, ഉയര്‍ന്നു പ്രവര്‍ത്തിക്കേണ്ട സാംസ്‌കാരികരാഷ്ട്രീയപദ്ധതികള്‍ രൂപപ്പെട്ടു വരേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഭരണഘടനയുടെ നെടുംതൂണുകളായ ആശയങ്ങളെ മുന്‍ നിര്‍ത്തി 5 ദിവസത്തെ പ്രഭാഷണങ്ങള്‍ 2016 നവംബര്‍ 21 മുതല്‍ 25 വരെ തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്ത്യ എന്റെ രാജ്യം എന്ന വിഷയത്തില്‍ നടത്തുന്ന പഞ്ചദിന പ്രഭാഷണപര സംഘടിപ്പിച്ചത്

ജനപ്രതിനിധികളെ നിരന്തരം അലോസരപ്പെടുത്തുന്ന ജനമുന്നേറ്റങ്ങള്‍ അനിവാര്യം – ഡോ.പി.കെ.മൈക്കിള്‍ തരകന്‍

Sasthra Sahithya parishath sangadipicha India ente Rajam enna panja Prabashanathil Indian Janadipthyam enna vishayathil Dr. PK maikil Tharakan prabashanam nadathunnu
ഡോ.പി.കെ.മൈക്കിള്‍ തരകന്‍ സംസാരിക്കുന്നു

സാര്‍ത്ഥകമായ ജനാധിപത്യത്തിന് ജനപ്രതിനിധികളെ നിരന്തരം അലോസരപ്പെടുത്തുന്ന ജനകീയമുന്നേറ്റങ്ങള്‍ അനിവാര്യമാണെന്ന് വിഖ്യാത ചരിത്രകാരനും ചിന്തകനുമായ ഡോ.പി.കെ.മൈക്കിള്‍തരകന്‍ അഭിപ്രായപ്പെട്ടു. നിലവിലെ ജനാധിപത്യ ഭരണക്രമത്തില്‍ ജനങ്ങളുടെ വികാരം പലപ്പോഴും പ്രതിഫലിക്കുന്നില്ല. ഉദ്യോഗസ്ഥ ഏകാധിപത്യ പ്രവണതയാണ് കാണുന്നത്. ജനകീയ നിയന്ത്രണങ്ങള്‍ക്ക് ശക്തി കുറയുമ്പോള്‍ പ്രാമാണിത്തം ലഭിക്കുന്നത് ഉദ്യോഗസ്ഥന്മാര്‍ക്കാണ്. അധ്യാപകരെ മൂല്യനിര്‍ണയം ചെയ്യുമ്പോഴും ഇവിടെ ഉദ്യാഗസ്ഥരെ മൂല്യനിര്‍ണയം ചെയ്യാന്‍ സംവിധാനമില്ല. ജില്ലാഭരണത്തില്‍ കളക്ടറുടെ ഏകാധിപത്യ തീരുമാനങ്ങളാണ് പലപ്പോഴും നടപ്പിലാകുന്നത്. ഉദ്യോഗസ്ഥരുടെ അപ്രായോഗികവും അപക്വവുമായ അഭിപ്രായങ്ങളാണ് നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള വിവാദ തീരുമാനങ്ങളിലേക്ക് സര്‍ക്കാരുകള്‍ നീങ്ങാന്‍ കാരണം. പരിഷത്ത് സംസ്ഥാന നിര്‍വാഹകസമിതിയംഗം ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍ മുരളിയുടെ ഒരു ധീരസ്വപ്നം എന്ന കവിത ജില്ലാപ്രസിഡണ്ട് എം.എ.മണി ആലപിച്ചു. പ്രൊഫ.സി.ജെ.ശിവശങ്കരന്‍, കെ.എസ്.സുധീര്‍ എന്നിവര്‍ സംസാരിച്ചു.

 

ഇന്ത്യയുടെ പരമാധികാരം അടിയറ വെക്കുന്നു – ഡോ.സെബാസ്റ്റ്യന്‍ പോള്‍

sebastian-pr-3

ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും മൂലധനശക്തികള്‍ക്ക് മുമ്പില്‍ അടിയറ വെക്കുന്നു എന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും നിയമജ്ഞനും മുന്‍ എം.പിയുമായ ഡോ.സെബാസ്റ്റ്യന്‍ പോള്‍ നിരവധി ഉദാഹരണങ്ങള്‍ സഹിതം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ജനോപകാരപ്രദമായ പേറ്റന്റ് നിയമം ബഹുരാഷ്ട്ര കുത്തകകള്‍ക്കു വേണ്ടി തിരക്കുപിടിച്ച് മാറ്റിയെഴുതി. അതുവഴി മൂന്നാംലോകരാജ്യങ്ങളുടെ ഫാര്‍മസി എന്നറിയപ്പെട്ടിരുന്ന ഇന്ത്യയില്‍, മരുന്ന് വില കുത്തനെ വര്‍ധിക്കാന്‍ കാരണമായി. ഇന്ത്യയിലെ മാധ്യമങ്ങളെ വിലയ്ക്കുവാങ്ങാന്‍ മര്‍ഡോക്കുമാര്‍ എത്തുന്നു. പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമവും തൊഴില്‍ നിയമവും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നിര്‍മിക്കുന്നു. ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളെ വെടിവെച്ചിട്ടപ്പോള്‍ ഇന്ത്യന്‍ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും നിസ്സഹായരായി നിന്നു. ബാഹ്യ ആക്രമണങ്ങളില്ലാതെ, സൈനിക ശക്തി ഇല്ലാതെ സാമ്പത്തിക ശക്തികൊണ്ടാണ് ഇന്ത്യയുള്‍പ്പെടെയുള്ള സ്വതന്ത്ര്യ രാജ്യങ്ങളെ ലോക വ്യാപാര സംഘടനയുള്‍പ്പെടെയുള്ള ശക്തികള്‍ ഇന്ന് കോളനികളാക്കുന്നത്. മൂലധനത്തിന്റെ അന്താരാഷ്ട്ര യാത്രയ്ക്ക് ഈ ആഗോളീകരണ കാലത്ത് ഒരു തടസ്സവും ഉണ്ടാകുന്നില്ല. ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു എന്ന നിര്‍ഭാഗ്യകരമായ അവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്ന് സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടി. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ.രമ അധ്യക്ഷത വഹിച്ചു. എന്‍.വി.കൃഷ്ണവാര്യരുടെ “ആഗസ്റ്റ് കാറ്റില്‍ ഒരില’ എന്ന കവിത ശ്രീലക്ഷ്മി ബാലകൃഷ്ണന്‍ ആലപിച്ചു. പി.എസ്.ഇക്ബാല്‍, ടി.വി.വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു.

മതരാഷ്ട്രവാദം ഉയര്‍ത്തുന്ന മതസ്വാതന്ത്ര്യം വിലക്കണം – പ്രൊഫ.ഹമീദ് ചേന്ദമംഗലൂര്‍

Sasthra Sahithya Parishath Panjadhina Prabahsahanam  Indian Mathanirapeshatha enna vishayathil   Prof.. Hameed chennamangalam prabashanam nadathunnu

ജനാധിപത്യ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് പൊതുസിവില്‍കോഡ് നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് പ്രൊഫ.ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്ര്യത്തിന് മൂന്ന് ഉപാധികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ധാര്‍മികത, പൊതുജനാരോഗ്യം, പൊതുസമാധാനം എന്നിവയെ ഹനിക്കുന്ന മതസ്വാതന്ത്ര്യം അനുവദിക്കുന്നില്ല എന്നതാണത്. അതുപോലെ മറ്റൊരു സുപ്രധാന ഉപാധി കൂടി ഇന്ത്യന്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. മതരാഷ്ട്രവാദമുയര്‍ത്തുന്ന മതസ്വാതന്ത്ര്യം വിലക്കണം എന്നതാണ് അത് എന്ന് ഹമീദ് ചേന്ദമംഗലൂര്‍ ചൂണ്ടിക്കാട്ടി. ശുദ്ധമായ സംസ്കാരം എന്നൊന്നില്ല. തങ്ങളുടെ സംസ്കാരത്തിന് പോറലേല്‍പ്പിക്കുന്ന ആളുകളെ ഉള്‍ക്കൊള്ളാനാവാത്തവരാണ് ശുദ്ധ സംസ്കാര വാദികള്‍. കൊടുക്കല്‍ വാങ്ങലുകളിലൂടെ സമ്പുഷ്ടമാകേണ്ടതാണ് സംസ്കാരം. നിരവധി നൂലുകള്‍ ചേര്‍ന്നുണ്ടാകുന്ന തുണി പോലെയാണത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിഷത്ത് ജില്ലാ ജന്റര്‍ വിഷയസമിതി ചെയര്‍പേഴ്ണ്‍ സി.വിമല അധ്യക്ഷത വഹിച്ചു. എം.സി.നമ്പൂതിരിപ്പാട് അനുസ്മരണം സി.ബാലചന്ദ്രന്‍ നിര്‍വഹിച്ചു. എം.എം.സചീന്ദ്രന്റെ ‘മനുഷ്യരുടെ ഇടം’ എന്ന കവിത രാജന്‍ നെല്ലായി ആലപിച്ചു. വി.മനോജ്കുമാര്‍ ടി.സത്യനാരായണന്‍ എന്നിവര്‍ സംസാരിച്ചു.

 

നെഹ്റുവിയന്‍ കാലഘട്ടത്തിന് ശേഷം
ഇന്ത്യന്‍ സോഷ്യലിസം തിരിച്ചുപോക്കിലാണ് – കെ.ടി.കുഞ്ഞിക്കണ്ണന്‍

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ഇന്ത്യ എൻറെ രാജ്യം എന്ന പഞ്ച പ്രഭാഷണത്തിൽ ഇന്ത്യൻ സോഷ്യലിസം  എന്ന വിഷയത്തിൽ  കെ ടി   കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തുന്നു
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ഇന്ത്യ എൻറെ രാജ്യം എന്ന പഞ്ച പ്രഭാഷണത്തിൽ ഇന്ത്യൻ സോഷ്യലിസം എന്ന വിഷയത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തുന്നു

നെഹ്റുവിയന്‍ കാലഘട്ടത്തിന് ശേഷം ഇന്ത്യയിലെ സോഷ്യലിസം തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണെന്ന് വിഖ്യാത ചിന്തകനും പ്രഭാഷകനുമായ കെ.ടി.കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണകൂടം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായ സോഷ്യലിസം, ജനാധിപത്യം, മതനിരപേക്ഷത, പരമാധികാരം എന്നിവയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. സോഷ്യലിസത്തിന്റെ സ്ഥാനത്ത് നവഉദാരവല്‍കരണം കടന്നുവരുന്നു. കൃഷി ഭക്ഷ്യസുരക്ഷയ്ക്ക് പകരം ബിസിനസ്സ് ആവശ്യത്തിനായി കോര്‍പ്പറേറ്റ് കൃഷിയായി മാറുന്നു. സകലമേഖലകളിലും വിദേശനിക്ഷേപം അനുവദിച്ചതു വഴി ഇന്ത്യന്‍സോഷ്യലിസത്തിന്റെ ഉദാത്ത മാതൃകകളായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ന്നടിയുന്നു. നീതി ആയോഗിന്റെ കണക്ക് പ്രകാരം ഇന്ത്യന്‍ കറന്‍സിക്ക് മുകളിലുള്ള കള്ളപ്പണ നിക്ഷേപം കേവലം മൂന്ന് ശതമാനം മാത്രമാണ്. ബാക്കിയെല്ലാം ഡോളറില്‍ വിദേശ നിക്ഷേപമാണ്. കോടിക്കണക്കിന് രൂപയുടെ വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കാതെ ഇന്ത്യയിലെ പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുകയും അവരുടെ സഹകരണ ബാങ്കുകളെ ഇല്ലായ്മ ചെയ്യുകയുമാണ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. നോട്ട് അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രഗവണ്‍മെന്റിന്റെ കള്ളപ്പണത്തിനെതിരെയുള്ള യുദ്ധം ഫലത്തില്‍ ജനങ്ങള്‍ക്കെതിരെ ആയി എന്ന് കുഞ്ഞിക്കണ്ണന്‍ കൂട്ടിച്ചേര്‍ത്തു. എ.പി.ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. എന്‍.വി.കൃഷ്ണവാര്യരുടെ ‘ഹേ..ലെനിന്‍’ എന്ന കവിത അമൃതന്‍ ആലപിച്ചു. എം.എ.മണി, ടി.എ.ഫസീല എന്നിവര്‍ സംസാരിച്ചു.

 

ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ മുദ്രാവാക്യങ്ങള്‍ക്കൊണ്ട് പരിഹരിക്കാനാകില്ല
– ഡോ.കെ.എന്‍.ഗണേഷ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ഇന്ത്യ എൻറെ രാജ്യം എന്ന പഞ്ച പ്രഭാഷണത്തിൽ ഇന്ത്യ: സങ്കല്പവും യാഥാർഥ്യവും   എന്ന വിഷയത്തിൽ ഡോ : കെ എൻ ഗണേശ്  പ്രഭാഷണം നടത്തുന്നു
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ഇന്ത്യ എൻറെ രാജ്യം എന്ന പഞ്ച പ്രഭാഷണത്തിൽ ഇന്ത്യ: സങ്കല്പവും യാഥാർഥ്യവും എന്ന വിഷയത്തിൽ ഡോ : കെ എൻ ഗണേശ് പ്രഭാഷണം നടത്തുന്നു

ഇന്ത്യയുടെ ദേശീയോദ് ഗ്രഥനത്തിന് ബഹുസ്വരതയുടെ ഏകീഭാവം അനിവാര്യമാണെന്നും അത് മുദ്രാവാക്യങ്ങള്‍ക്കൊണ്ട് പരിഹരിക്കാനാകില്ലെന്നും ചരിത്രകാരനായ ഡോ.കെ.എന്‍ ഗണേഷ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് സാങ്കേതികവിദ്യയും സാംസ്കാരിക ദേശീയതയുമാണ് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത്. സാങ്കേതിക പരിഹാരത്തില്‍ ‘വിദഗ്ധര്‍’ അവരുടെ വികൃതവം അപകടകരവുമായ ഉപദേശങ്ങള്‍ക്കൊണ്ട് ഭരണകൂടത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നു. സാംസ്കാരിക ദേശീയതയില്‍ മിത്തുകള്‍ ഉപയോഗിച്ചുകൊണ്ട് കാല്‍പനികമായ ദേശീയതയാല്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. യഥാര്‍ഥ ഇന്ത്യന്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ വ്യത്യസ്ത ചിന്ത പുലര്‍ത്തുമ്പോഴും പ്രയോഗതലത്തിലുള്ള ബഹുത്വത്തിന്റെ ഏകീഭാവം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിഷത്ത് മുന്‍ പ്രസിഡണ്ട് പ്രൊഫ.കെ.ആര്‍.ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ‘സുഖകാല കീര്‍ത്തനം’ എന്ന കവിത രാജന്‍ നെല്ലായി ആലപിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടറി ടി.കെ.മീരാഭായ്, ഇ.ഡി.ഡേവിസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *