സഞ്ചരിക്കുന്ന തുറന്ന വിദ്യാലയം

0

തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് മേഖലയിലെ വെള്ളനാട് യൂണിറ്റില്‍ നടന്നുവരുന്ന വേറിട്ടൊരു വിദ്യാഭ്യാസ പരിപാടിയാണിത്. കുട്ടികളും രക്ഷിതാക്കളും പരിഷദ് പ്രവര്‍ത്തകരും അധ്യാപകരും ചേര്‍ന്ന ഒരു പഠനസംഘം എല്ലാ രണ്ടാം ശനിയാഴ്ചയും ഒത്തുചേരുന്നു. ഓരോ കൂടിച്ചേരലും പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. തുറന്ന വിദ്യാലയത്തിലെ കുട്ടികളും കൂടിച്ചേരല്‍ നടക്കുന്ന വിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും ഒക്കെ ചേര്‍ന്ന് ഒരു ദിവസത്തെ കളി, പഠനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു. കൂടുന്ന സ്ഥലത്ത് ഓര്‍മ മരം നടീല്‍, പ്രകൃതി നടത്തം, വായനയും വരയും ഡോക്യുമെന്ററി പ്രദര്‍ശനം, പാട്ടും കളികളും, സംവാദങ്ങള്‍ എന്നിവ ഉണ്ടാകും. കൂടാതെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷാപഠന പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നുവരുന്നു. 2016 ഏപ്രില്‍മാസത്തില്‍ തുടങ്ങിയ തുറന്ന വിദ്യാലയത്തിലേക്ക് ഓരോ പ്രാവശ്യവും കൂടുതല്‍ കുട്ടികള്‍ വന്നുകൊണ്ടിരിക്കുന്നു. പഞ്ചായത്തില്‍ പതിനൊന്നു വിദ്യാലയങ്ങളും സന്ദര്‍ശിച്ചുകഴിഞ്ഞാല്‍ തുടര്‍ന്ന് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലേക്കും സ്ഥലങ്ങളിലേക്കുമാവും യാത്ര. കാല്‍നടയായും അത്യാവശ്യം ബസ്സിലുമാണ് യാത്രകള്‍. ഏതാനും അധ്യാപകരും കൂട്ടത്തിലുണ്ട്. പുതിയ പഠന ബോധനതന്ത്രങ്ങള്‍ സാധ്യതകള്‍ തിരിച്ചറിയുന്നതിനും കുട്ടികള്‍ക്ക് സ്വാഭാവിക പഠനത്തിനും അവസരമൊരുക്കുന്ന ‘തുറന്ന വിദ്യാലയം’ മറ്റ് യൂണിറ്റുകളിലേക്കും വ്യാപിപ്പിക്കുവാന്‍ മേഖലാക്കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *