നോട്ട്‌ പിന്‍വലിക്കല്‍- ഇന്ത്യയെ ഭക്ഷ്യക്ഷാമത്തിലേക്ക്‌ നയിക്കും പ്രൊഫ. അനില്‍വര്‍മ

0

കോഴിക്കോട് : ഇന്ത്യയിലെ കര്‍ഷകര്‍ വിത്തും വളവും വാങ്ങാനുള്ള പണം നിരോധിച്ചത് ഇന്ത്യയില്‍ ഭക്ഷ്യക്ഷാമമുണ്ടാക്കാനിടയുണ്ടെന്ന് ഗുരുവായൂരപ്പന്‍ കോളേജ്‌ സാമ്പത്തികശാസ്‌ത്രവിഭാഗം അസോ. പ്രൊഫസര്‍ അനില്‍ വര്‍മ പറഞ്ഞു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കോഴിക്കോട്‌ സിറ്റി യൂണിറ്റ്‌ സംഘടിപ്പിച്ച നോട്ട്‌ പിന്‍വലിക്കലിനെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ധര്‍ണ പുതിയ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴേതട്ടില്‍ നിന്ന്‌ തുടങ്ങി മുകളിലേക്ക്‌ പടര്‍ന്നു കയറുന്ന സാമ്പത്തിക മാന്ദ്യം വരാന്‍ പോവുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. പണരഹിത ക്രയവിക്രയം നല്ലതാണെന്ന്‌ തോന്നാമെങ്കിലും ഇന്ത്യയില്‍ ചെലവുകള്‍ക്ക്‌ നികുതി വരുന്ന ഒരേര്‍പ്പാടാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു ശതമാനം സേവന നികുതിവെച്ച്‌ വര്‍ഷം 800 ലക്ഷം കോടിയുടെ ക്രയവിക്രയത്തില്‍ നിന്ന്‌ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക്‌ ലഭിക്കാന്‍ പോകുന്ന ലാഭം ഭീമമായിരിക്കും. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന പണരഹിത ഇടപാട്‌ സാധാരണക്കാരന്റെ ചെലവിലായിരിക്കും.
യോഗത്തില്‍ ലാംബര്‍ട്ട്‌ ജോസഫ്‌ അധ്യക്ഷത വഹിച്ചു. പി യു മര്‍ക്കോസ്‌, ഉദയകുമാര്‍, വി ടി നാസര്‍, എം രാമദാസ്‌, എന്‍ എം പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിറ്റി യൂണിറ്റ്‌ സെക്രട്ടറി വിജേഷ്‌ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *