ബഹിരാകാശത്ത് ഒരു ഓണസദ്യ

0

astronaut-928882_1280

കീശയില്‍ കാശുണ്ടെങ്കില്‍ ബഹിരാകാശ പേടകത്തിലിരുന്ന് ഓണമുണ്ണാം. വിനോദത്തിനായോ പഠനത്തിനാലോ, ഒഴിവുകാലം ചെലവഴിക്കാനോ ബഹിരാകാശയാത്ര നടത്താനുള്ള സാധ്യതകള്‍ തെളിയുകയാണ്. പക്ഷെ ഇതു യാഥാര്‍ഥ്യമാകണമെങ്കില്‍ സാങ്കേതികവും അല്ലാത്തതുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. മുടങ്ങാതെ അന്നമെത്തിക്കുകയെന്നത് തന്നെ അവയില്‍ മുഖ്യപ്രശ്‌നം. നീണ്ട യാത്രക്ക് വേണ്ടത്ര ആഹാരം കരുതണമല്ലോ? ഗവേഷകര്‍ കണ്ടെത്തിയ ഒരു പരിഹാരമാര്‍ഗം സൂചിപ്പിക്കട്ടെ.

മനുഷ്യനുള്‍പ്പെടെയുള്ള ജന്തുക്കളുടെ കോശങ്ങളില്‍ കാണുന്ന കറുത്തതോ, കറുത്ത തവിട്ടുനിറത്തിലുള്ളതോ ആയ ഒരു വര്‍ണകമത്രെ മെലാനിന്‍. ത്വക്കിന് അല്പം തവിട്ടുരാശി ലഭിക്കാന്‍വേണ്ടിയാണ് വെള്ളക്കാര്‍ നമ്മുടെ കടല്‍ത്തീരങ്ങളില്‍ വെയിലേല്ക്കാനായി എത്തുന്നത്. U.V. രശ്മികളെ വലിച്ചെടുക്കാനുള്ള കഴിവ് ഈ വര്‍ണകത്തിനുണ്ട്. 30 വര്‍ഷങ്ങള്‍ക്കുമുമ്പ് പൊട്ടിത്തെറിച്ച ചെര്‍ണോബില്‍ ന്യൂക്ലിയാര്‍ റിയാക്ടറിന്റെ ഉള്ളിലെ, ഉയര്‍ന്നതോതില്‍ റേഡിയോ ആക്ടീവ് വികിരണം പതിക്കുന്ന കാമ്പില്‍ (cure) കുമിളുകള്‍ (Fungi) സമൃദ്ധമായി വളരുന്നത് മെലാനിനിന്റെ സഹായത്താലാണെന്ന് ചില ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂയോര്‍ക് ആല്‍ബെര്‍ട് ഐന്‍സ്‌റ്റൈന്‍ കോളേജ് ഓഫ് മെഡിസിന്‍ എന്ന സ്ഥാപനത്തിലെ മുഖ്യഗവേഷകനായ എ. കാസാഡെവാള്‍ PLOS എന്ന ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ നല്‍കിയിരിക്കുന്നു. ചെര്‍ണോബില്‍ ന്യൂക്ലിയാര്‍ റിയാക്ടറിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളിലേക്ക് അയച്ച ഒരു റോബോട്ട് തിരിച്ചെത്തിയത് ധാരാളം മെലാനിന്‍ അടങ്ങിയിട്ടുള്ള കറുത്ത കുമിളകളുടെ സാമ്പിളുകളുമായിട്ടാണ്. U.V. കിരണങ്ങളെ പ്രതിരോധിക്കാന്‍ കുമിളുകള്‍ സ്വാഭാവികമായിതന്നെ അല്പം മെലാനിന്‍ നിര്‍മിക്കും. മനുഷ്യന്റെ ത്വക്കിലും മെലാനിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് ഇതേ ആവശ്യത്തിനാണ്. പക്ഷെ കുമിളുകളുടെ കാര്യത്തില്‍ ഒരു സുപ്രധാന വ്യത്യാസം ഗവേഷകര്‍ ശ്രദ്ധിച്ചു. അവയ്ക്ക് റേഡിയോ ആക്ടിവ് വികിരണത്തില്‍നിന്ന് ഊര്‍ജം പിടിച്ചെടുക്കുവാന്‍ ശേഷിയുണ്ടെന്ന് അവര്‍ സംശയിച്ചു. പരീക്ഷണങ്ങളിലൂടെ തങ്ങളുടെ ധാരണ ശരിയാണോയെന്ന് നോക്കാന്‍ അവര്‍ തീരുമാനിച്ചു. Cryptococcus neoformans, Wangiella dermatitidis എന്നീ രണ്ടു സ്പീഷീസുകളില്‍പ്പെട്ട കുമിളുകളെ പരീക്ഷണശാലയില്‍ കള്‍ച്ചര്‍ചെയ്തു. പശ്ചാത്തലവികിരണത്തിന്റെ 500 മടങ്ങ് റേഡിയോ ആക്ടിവ് വികിരണത്തിന് അവയെ വിധേയമാക്കി. അതിശയമെന്ന് പറയട്ടെ, കുമിളുകള്‍ തഴച്ചുവളര്‍ന്നു. കുമിളുകളുടെ കോശങ്ങളിലുള്ള മെലാനിന്‍, വികിരണ ഊര്‍ജം പിടിച്ചെടുത്ത് ശരീരത്തിന് ഇണങ്ങുന്ന ഒരു മെറ്റബൊളൈറ്റ് (Metabolite) ആവി ശേഖരിച്ചുവയ്‌ക്കുന്നു. കോശങ്ങള്‍ അവയെ അപ്പപ്പോള്‍ ദഹിപ്പിക്കുന്നു. ക്ലോറോഫില്‍ എന്ന ഹരിതവര്‍ണകം, സൗരോര്‍ജത്തെ രാസികോര്‍ജമാക്കി മാറ്റുകയും, അതുവഴി ഹരിതസസ്യങ്ങളെ ജീവിക്കാനും വളരാനും അനുവദിക്കുകയും ചെയ്യുന്നുണ്ടല്ലോ? പ്രകാശസംശ്ലേഷണം എന്നറിയപ്പെടുന്ന ഈ പ്രക്രിയയ്ക്ക് സമാനമാണ് കുമിളുകളുടെ മേല്‍സൂചിപ്പിച്ച പ്രവര്‍ത്തനം. എന്നാല്‍ ഒരു വ്യത്യാസം ഉണ്ടുതാനും. വിദ്യുത്കാന്തിക സ്‌പെക്ട്രത്തിലെ മറ്റൊരു ഭാഗം വികിരണത്തെ – അതായത് അയണീകരണശേഷിയുള്ള വികിരണത്തെയാണ് മെലാനിന്‍ പിടിച്ചെടുക്കുന്നത്. അതുവഴി ലഭ്യമാകുന്ന ഊര്‍ജം ഉപയോഗിച്ചാണ് കുമിള്‍ വളരുന്നത്.

എ. കാസാഡെവാളിന്റെ സഹപ്രവര്‍ത്തകയായ ഇക്കാടെറിന ഡാഡാചോവ (Ekaterina Dadachova) യുടെ അഭിപ്രായത്തില്‍, ഈ ഗവേഷണ പദ്ധതിയുടെ മുഖ്യഗുണകാംക്ഷികള്‍ ഭാവി ബഹിരാകാശയാത്രികര്‍ ആയിരിക്കും. അയണികരണ വികിരണങ്ങള്‍ക്ക് ക്ഷാമമില്ലാത്ത ബഹിരാകാശത്ത്, യാത്രികര്‍ക്ക് കുമിള്‍ കൃഷി ചെയ്യാന്‍ കഴിയും. നല്ല വിളവും കിട്ടും. കുമിള്‍ ഉപയോഗിച്ച് അനേകം രുചിയേറിയ ഭക്ഷണപദാര്‍ഥങ്ങള്‍ തയ്യാറാക്കാം. ദീര്‍ഘകാല ബഹിരാകാശയാത്രികര്‍ക്ക് ഇതൊരു അനുഗ്രഹമാകും. ‘മാരിമൈറ്റ്’ എന്നറിയപ്പെടുന്ന ഈ ഭക്ഷ്യോല്‍പന്നങ്ങള്‍ ബഹിരാകാശയാത്രികര്‍ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *