പോട്ടറി: ദേശീയ ശില്പശാല

0

ഐ.ആര്‍.ടി.സി : പരമ്പരാഗത മണ്‍പാത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കരകൗശല വിദഗ്ധര്‍ക്ക് മൂല്യ വര്‍ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ 2016 നവംബര്‍ 21 മുതല്‍ 25 വരെ അഞ്ചുദിവസത്തെ ഒരു ദേശീയ ശില്പശാല ഐ.ആര്‍.ടി.സിയില്‍ വച്ച് നടത്തുകയുണ്ടായി. ശില്പശാലയുടെ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചത് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.ശാന്തകുമാരി ആയിരുന്നു. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.സുരേഷ്ദാസ് ആയിരുന്നു മുഖ്യാതിഥി. ഐ.ആര്‍.ടി.സി ഡയറക്ടര്‍ ഡോ.എന്‍.കെ.ശശിധരന്‍ പിള്ള എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ഐ.ആര്‍.ടി.സിയില്‍ കഴിഞ്ഞ 15 വര്‍ഷമായി പാരമ്പര്യ കളിമണ്‍പാത്ര നിര്‍മാണ മേഖലയില്‍ നടന്ന ജോലിയെപ്പറ്റിയും ഗവേഷണങ്ങളെപ്പറ്റിയും അതുകൊണ്ട് കുംഭാരന്മാര്‍ക്കുണ്ടായിട്ടുള്ള ഗുണങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന, ഡോ.ലളിതാംബിക തയ്യാറാക്കിയ Modernization of Traditional Pottery എന്ന പുസ്തകം ഡോ.സുരേഷ്ദാസ് പ്രകാശനം ചെയ്തു.
52 പഠിതാക്കള്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 35 പേര്‍ കുംഭാരന്മാരും 17 പേര്‍ കളിമണ്ണുമായി ബന്ധപ്പെട്ട പലതരം ജോലികള്‍ ചെയ്യുന്നവരും ആയിരുന്നു. കളിമണ്ണില്‍ ആഭരണങ്ങള്‍ ഉണ്ടാക്കുക, ഭിത്തിയില്‍ പതിപ്പിക്കാനുള്ള അലങ്കാര വസ്തുക്കള്‍ (Murals) ഉണ്ടാക്കുക, ഡെക്കോപാഷ് അഥവാ Pot painting എന്നിവ കൂടാതെ മണ്‍പാത്രം കറുപ്പിക്കുന്ന വിദ്യയും പ്ലാസ്റ്റര്‍ ഓഫ് പാരീസ് മോള്‍ഡ് ഉണ്ടാക്കി അതില്‍ നിന്നും ഒരേ പാത്രങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാക്കിയെടുക്കുന്ന സ്ലിപ്പ് കാസ്റ്റിങ്ങും പഠിപ്പിച്ചു കൊടുക്കുകയുണ്ടായി.
പരിശീലനം നല്‍കുന്നതിനായി കേരളത്തിനകത്തും പുറത്തുനിന്നുമായി 6 കരകൗശല വിദഗ്ധര്‍ എത്തിയിരുന്നു. റിജ്യയണല്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നിക്കല്‍ ഡവലപ്പ്‌മെന്റ് വിങ്ങ,് ബാംഗ്ലൂര്‍ (മിനിസ്ട്രി ഓഫ് ടെക്‌സ്റ്റൈയില്‍സ്), ക്ലേസ്റ്റേഷന്‍, ബാഗ്ലൂര്‍, സെന്റര്‍ ഫോര്‍ സോഷ്യല്‍ െഡവലപ്പ്‌മെന്റ്, തലക്കുളം, തമിള്‍നാട് എന്നീ സ്ഥാപനങ്ങളില്‍ നിന്നുമാണ് ഇവര്‍ എത്തിയത്. ഇവരാണ് മണ്‍പാത്രം കറുപ്പിക്കുക, സ്ലിപ്പ് കാസ്റ്റിങ്, ആഭരണമുണ്ടാക്കുക എന്നിവ പഠിപ്പിച്ചത്, ഡെക്കോപാഷ്, മ്യൂറല്‍ എന്നിവ കേരളത്തില്‍ നിന്നുള്ള വിദഗ്ധരും പഠിപ്പിച്ചു. പഠിതാക്കള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍നിന്നും ആയിരുന്നു.
25-ാം തിയ്യതിസമാപന സമ്മേളനത്തില്‍ ഡയറക്ടര്‍ പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. രജിസ്ട്രാര്‍ പി.കെ.നാരായണന്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. പുതിയ ഊര്‍ജ്ജവും, ഉണര്‍വ്വും കൈക്കൊണ്ട് ഈ മേഖലയില്‍ മുന്നോട്ടു പോകുമെന്ന് ഉറച്ച തീരുമാനത്തോടുകൂടിയാണ് പഠിതാക്കള്‍ 5-ാമത്തെ ദിവസം ശില്പശാലയോട് വിടപറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *