ബദൽ ഉത്പാദന മേഖല സൃഷ്ടിക്കണം : പ്രഭാത് പട്നായിക്ക്

0

പരിഷത്ത‌് സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ തൃശൂരിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. പ്രഭാത‌് പട‌്നായിക‌് സംസാരിക്കുന്നു

‘പുതിയകേരളം ജനപങ്കാളിത്തത്തോടെ’   ജനകീയ കണ്‍വെന്‍ഷന്‍ ആവേശ്വോജ്ജ്വലം

പരിഷത്ത‌് സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ തൃശൂരിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. പ്രഭാത‌് പട‌്നായിക‌് സംസാരിക്കുന്നു
പരിഷത്ത‌് സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ തൃശൂരിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. പ്രഭാത‌് പട‌്നായിക‌് സംസാരിക്കുന്നു

തൃശ്ശൂര്‍ : അധികാരങ്ങള്‍ മുഴുവന്‍ കേന്ദ്രസര്‍ക്കാരിലേയ്ക്ക് കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരുടേയും യോഗം വിളിച്ച് കര്‍മ്മപരിപാടി ആസൂത്രണം ചെയ്യാന്‍ കേരള മുഖ്യമന്ത്രി മുന്‍കയ്യെടുക്കണമെന്ന് ഡോ. പ്രഭാത്പട്നായക് ആവശ്യപ്പെട്ടു. ‘ പുതിയ കേരളം , ജനപങ്കാളിത്തത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം മുഴുവനും നവഉദാരവത്കരണത്തിന് കീഴ്പ്പെടുമ്പോഴും ആഗോളവത്കരണ സാമ്പത്തികനയങ്ങളെ ചെറുക്കുന്ന സമീപനമാണ് കേരളം മുന്നോട്ട് വച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇന്ത്യാസര്‍ക്കാര്‍ കേരളത്തിന് ധനവിഹിതവും ഭക്ഷ്യവിഹിതവും നല്കാതെ ശ്വാസം മുട്ടിക്കാന്‍ ഇടയുണ്ട്. ധനം തടഞ്ഞത് നോട്ട് നിര്‍മൂല്യവത്കരണത്തില്‍ കണ്ടതാണ്. അരിവിഹിതം തടഞ്ഞാല്‍ അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഇത് നേരിടാന്‍ കേരളത്തിന്റെ ഓരോ ചതുരശ്ര ഇഞ്ച് വയലും മറ്റ് കൃഷി ഭൂമിയും സംരക്ഷിച്ച് പരമാവധി ഉല്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അദ്ദേഹം പറഞ്ഞു.
ചെറുകിട ഉല്പാദനരീതികളെ പൂര്‍ണമായി നശിപ്പിക്കാന്‍ മുതലാളിത്തത്തിന് കഴിഞ്ഞിരുന്നില്ല. പക്ഷെ നവ ഉദാരവത്കരണ നയങ്ങള്‍ ഈ മേഖലയില്‍ കടുത്ത അധിനിവേശം നടത്തുകയാണ്. അത് ചെറുകിട മേഖലയെ ഗുരുതരായി ബാധിക്കുന്നുണ്ട്. കേരളത്തില്‍ ദാരിദ്ര്യമില്ല എന്ന് പറയുന്നുണ്ടെങ്കിലും ചെറുകിട കൃഷിക്കാര്‍ക്കും മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുമൊക്കെ വരുമാനം ഗണ്യമായി കുറയുന്നു. ഇതാണ് കേരളത്തില്‍ വളര്‍ന്നുവരുന്ന അസമത്വത്തിന്റെ കാരണം. കേരളത്തില്‍ ശക്തമായ സഹകരണപ്രസ്ഥാനമുണ്ട്. ഇതിനെ പഞ്ചായത്തുകളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട് ബദല്‍ ഉല്പാദന മാതൃക സൃഷ്ടിച്ചെടുക്കുകയാണ് ഇപ്പോഴത്തെ പ്രതിസന്ധി നേരിടാന്‍ അടിയന്തിരമായി ചെയ്യേണ്ടത്. ഇതിനായി അധികാരവികേന്ദ്രീകരണത്തെ ജനപങ്കാളിത്തത്തോടെ പുനരാവിഷ്കരിക്കണം. പരിഷത്ത് പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ ആമുഖാവതരണം നടത്തി. ഡോ. പി.കെ.മൈക്കിള്‍ തരകന്‍, ഡോ. കെ.പി.കണ്ണന്‍, പ്രൊഫ. ലളിതാലെനിന്‍ എന്നിവര്‍ സംസാരിച്ചു. പരിഷത്ത് ജനറല്‍ സെക്രട്ടറി പി.മുരളീധരന്‍ സ്വാഗതവും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.എസ്. സുധീര്‍ നന്ദിയും രേഖപ്പെടുത്തി.

 

vikas

Leave a Reply

Your email address will not be published. Required fields are marked *