കുഷ്ടരോഗത്തിന് വാക്സിന്‍ ഇന്ത്യയില്‍ നിന്ന്

0
mycobacterium_leprae
Mycobacterium leprae

ഓരോ വര്‍ഷവും ഇന്ത്യയില്‍ ഏതാണ്ട് ഒന്നരലക്ഷം ജനങ്ങള്‍ക്ക് കുഷ്ഠരോഗം പിടിപെടുന്നുണ്ട് എന്നാണ് സ്ഥിതിവിവരകണക്കുകള്‍ സൂചിപ്പിക്കുന്നത്. മൈക്കോബാക്ടീരിയം ലെപ്രേ (Mycobacterium leprae) എന്ന രോഗാണുവാണ് ഈ രോഗത്തിന്റെ ഉത്തരവാദി. ലോകത്തിലുള്ള കുഷ്ടരോഗികകളില്‍ 60 ശതമാനം പേരും ഇന്ത്യയിലാണത്രേ ജീവിക്കുന്നത്. യഥാര്‍ഥത്തില്‍ രോഗബാധിതരുടെ എണ്ണം സര്‍ക്കാര്‍ കണക്കുകളേക്കാള്‍ കൂടുതലാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു മ്ലേച്ചരോഗമെന്നറിയപ്പെടുന്ന കുഷ്ടരോഗം പിടിപെട്ടാല്‍ അത് പുറത്ത് പറയാന്‍ പലരും മടിക്കും. അതിനാല്‍ ചികിത്സ കിട്ടാതെ നരകിക്കുന്നവര്‍ ഏറെയാണ്. പരമ്പരാഗതമായി മള്‍ട്ടി ഡ്രഗ് തെറാപ്പി (MDP) എന്ന ചികിത്സാ സമ്പ്രദായമാണ് കുഷ്ടരോഗ ചികിത്സയ്ക്കായി ഉപയോഗിച്ചു വരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഈ ചികിത്സാവിധി ഫലപ്രദമല്ലാതായിക്കൊണ്ടിരിക്കുന്നു.
കുഷ്ടരോഗവ്യാപനത്തെ നിയന്ത്രിക്കുവാന്‍ വേണ്ടി മാത്രമായുള്ള ഒരു വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി വിജയിച്ചിരിക്കുന്നു. ഇത്തരം ഒരു വാക്സിന്‍ നിര്‍മിക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് ഇന്ത്യ. ഈ വാക്സിന് Drug Control General of India (DCGI) യുടെയും അമേരിക്കയിലെ Food and Drug Administration ന്റെയും അംഗീകാരം ലഭിച്ചുകഴിഞ്ഞു.
ചത്ത മൈക്കോ ബാക്ടീരിയം ഇന്‍ഡികസ് പ്രാണി Mycobacterium Indicus Prani (MIP) എന്ന ബാക്ടീരിയയില്‍നിന്നാണ് വാക്സിന്‍ നിര്‍മിച്ചത്. ഇതിന് കുഷ്ടരോഗത്തെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്ന് നിസ്സംശയം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ വ്യൂഹത്തെ ശക്തിപ്പെടുത്തി കുഷ്ടരോഗാണുക്കളെ നേരിടുവാന്‍ പ്രാപ്തമാക്കുന്നു. ബീഹാറിലെയും ഗുജറാത്തിലെയും അഞ്ചു ഗ്രാമങ്ങളില്‍ പൈലറ്റ് പദ്ധതി എന്ന നിലയില്‍ വാക്സിന്‍ പ്രയോഗിക്കുകയുണ്ടായി. കുഷ്ടരോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ.സൗമ്യ സ്വാമിനാഥന്റെ അഭിപ്രായത്തില്‍ കുഷ്ടരോഗികളുമായി അടുത്ത് ഇടപഴകുന്നവരില്‍ വാക്സിന്‍ പരീക്ഷിച്ചപ്പോള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ രോഗവ്യാപനം അറുപത് ശതമാനമായിക്കണ്ട് കുറഞ്ഞിട്ടുണ്ട്. ത്വക്കില്‍ കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടവരില്‍ വാക്സിന്‍ പ്രയോഗിച്ചപ്പോള്‍ രോഗം തടയപ്പെട്ടതായും കണ്ടു. 2005ലാണ് ആദ്യമായി MIP വാക്സിന്‍ പരീക്ഷിച്ചത്. 7-8 വര്‍ഷം വരെ ഇതിന്റെ ഫലപ്രാപ്തി നീണ്ടു നില്‍ക്കുന്നതായി ഗവേഷകര്‍ മനസ്സിലാക്കി. അതിനു ശേഷം ബൂസ്റ്റര്‍ഡോസ് കൊടുക്കേണ്ടിവരും. ഈ നൂതന കുഷ്ഠരോഗ പദ്ധതി വിജയിച്ചാല്‍ കുഷ്ഠരോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കെല്ലാം ദേശീയതലത്തില്‍തന്നെ MIP വാക്സിന്‍ നല്‍കാന്‍ കഴിയും. ഇതിന്റെ ഭാഗമായി കുഷ്ടരോഗ ഭീതി നിലനില്‍ക്കുന്ന 50 ജില്ലകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ ജില്ലകളിലെ 7.5കോടി ജനങ്ങളെ പരിശോധിച്ചതില്‍ 5000 പേര്‍ക്ക് കുഷ്ഠരോഗം ബാധിച്ചതായി കണ്ടെത്തി. അടുത്ത ഘട്ടത്തില്‍ പദ്ധതി 163 ജില്ലകളിലേക്ക് വ്യാപിക്കും. ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ട ഈ വാക്സിന്‍ അറപ്പും വെറുപ്പും ഉണ്ടാക്കുന്ന കുഷ്ഠരോഗത്തെ എന്നെന്നേക്കുമായി ആട്ടിയകറ്റാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *