സംഘടനാവിദ്യാഭ്യാസ ക്യാമ്പ്

0

Purushan

ബാലുശ്ശേരി : കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലുള്ളവര്‍ക്കായി ജൂലൈ 1,2 തീയതികളില്‍ ബാലുശ്ശേരി KET College of Teacher Education ല്‍ നടന്ന സംസ്ഥാന സംഘടനാവിദ്യാഭ്യാസ ക്യാമ്പ് ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സ്വാഗതസംഘം ചെയര്‍പേഴ്‌സണുമായ രൂപകല കൊമ്പിലാട്ട് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി എന്‍ അശോകന്‍, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം എന്‍ പി നദീഷ്‌കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
മേഖലാ സെക്രട്ടറി, സെക്രട്ടറിയെ സഹായിക്കുന്ന ഒരു മേഖലാക്കമ്മിറ്റി അംഗം, മേഖലാ ചുമതലയുള്ള ജില്ലാ കമ്മിറ്റി അംഗം, എന്നിവരെ കൂടാതെ ഒരു ജില്ലയില്‍ നിന്നും 5 യുവസമിതി പ്രവര്‍ത്തകരേയും ആണ് ക്യാമ്പിലേക്ക് ക്ഷണിച്ചിരുന്നത്. മൊത്തം 118 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
പരിഷത്ത് പ്രവര്‍ത്തനശൈലിയുടെ പ്രത്യേകതകള്‍ അനുസ്മരിച്ചുകൊണ്ടുള്ള ക്യാമ്പംഗങ്ങളുടെ പരിചയപ്പെടല്‍ മൂന്നു ഡിവിഷനുകളായി തിരിഞ്ഞു നടത്തി. മാറി വരേണ്ട സമൂഹത്തില്‍ ഉണ്ടാവണമെന്ന് നാം വിഭാവനം ചെയ്യുന്ന പ്രത്യേകതകള്‍ വ്യക്തിഗത അഭിപ്രായങ്ങളിലൂടെ ക്രോഡീകരിച്ചു. തുടര്‍ന്ന് പരിഷത്തിന്റെ വികസന കാഴ്ചപ്പാട് കലാസംസ്ക്കാരം ഉപസമിതി സംസ്ഥാന കണ്‍വീനര്‍ റിസ്വാന്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസ കാഴ്ചപ്പാട് നിര്‍വാഹക സമിതി അംഗം അപര്‍ണ മര്‍ക്കോസ്, ആരോഗ്യസമീപനങ്ങള്‍ ഡോ. സരിന്‍ (പരിയാരം മെഡിക്കല്‍ കോളേജ്), പരിസ്ഥിതി കാഴ്ചപ്പാട് നിര്‍വാഹക സമിതി അംഗം ഇ അബ്ദുള്‍ഹമീദ്, ജന്റര്‍ സമീപനങ്ങള്‍ നിര്‍വാഹകസമിതി അംഗം എന്‍ ശാന്തകുമാരി, ശാസ്‌ത്രബോധവും ശാസ്‌ത്രത്തിന്റെ രീതിശാസ്‌ത്രവും സംസ്ഥാന ആരോഗ്യസമിതി കണ്‍വീനര്‍ ഡോ എസ് മിഥുന്‍ എന്നിവര്‍ അവതരിപ്പിച്ചു.
കേരളപഠനം എന്തിന് എങ്ങനെ എന്ന അവതരണം പ്രൊഫ ടിപി കുഞ്ഞിക്കണ്ണന്‍ നടത്തി. യൂണിറ്റ് മേഖലാ പ്രവര്‍ത്തനത്തിന്റെ പ്രസക്തി എന്ത്, പ്രവര്‍ത്തനത്തിന്റെ സംവിധാനം എങ്ങനെയായിരിക്കണം, ഒരു ജനകീയ ശാസ്‌ത്രപ്രസ്ഥാനം ഏറ്റെടുത്തു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം തരത്തിലായിരിക്കണം എന്നീ ചര്‍ച്ചകള്‍ ക്രോഡീകരിച്ചുകൊണ്ട് നിര്‍വാഹകസമിതി അംഗം ടി കെ ദേവരാജന്‍ സംസാരിച്ചു. രാവിലെ ക്യാമ്പ് തുടങ്ങുന്നതിനുണ്ടായ ചെറിയ താമസവും ചില സെഷനുകളില്‍ ചര്‍ച്ചകള്‍ നീണ്ടതും കാരണം ആദ്യദിവസത്തെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയത് 11 മണിയ്ക്കാണ്.
ഒന്നാം ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്തുകൊണ്ടാണ് രണ്ടാം ദിവസം ക്യാമ്പ് ആരംഭിച്ചത്. പ്രശ്നങ്ങള്‍ എങ്ങനെ പഠിച്ചു തുടങ്ങാം എന്ന സെഷനില്‍ യൂണിറ്റുതലത്തില്‍ തീരുമാനിച്ച പ്രശ്നങ്ങളുടെ പഠനരൂപരേഖ തയ്യാറാക്കുന്നതെങ്ങിനെയെന്നു ചര്‍ച്ച ചെയ്തു. മേഖലാ പഠനസംഘം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതായിരുന്നു അടുത്ത സെഷന്റെ കാതല്‍. കൂട്ടായ്മ, നേതൃത്വം, ആശയവിനിമയം എന്ന സെഷനില്‍ സംഘ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതെങ്ങനെ, സഹപ്രവര്‍ത്തകര്‍ എങ്ങനെ സഹായിക്കണം എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ക്യാമ്പ് ഡയറക്ടറും സംസ്ഥാന സംഘടനാ വിദ്യാഭ്യാസ സമിതി കണ്‍വീനറുമായ എ.പി.മുരളീധരനോടൊപ്പം ടി.കെ.ദേവരാജന്‍, പ്രൊഫ എന്‍.കെ.ഗോവിന്ദന്‍, സി.ചിഞ്ചു, കെ.അരുണ്‍കുമാര്‍ തുടങ്ങിയവര്‍ ഫെസിലിറ്റേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. മഴ വിട്ടുമാറാത്ത കാലാവസ്ഥയായിരുന്നെങ്കിലും പ്രതിനിധികളെ അത് അലോസരപ്പെടുത്താതിരിക്കാന്‍ സ്വാഗതസംഘം പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു. രണ്ടാം ദിവസം നാലിലൊന്ന് പ്രതിനിധികളില്‍ കുറവുണ്ടായി. രണ്ടുമണിയോടെ ക്യാമ്പ് പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *