ശാസ്ത്രസാംസ്കാരിക ജാഥ (ഡോ.എം.പി. പരമേശ്വരന്റെ – ആത്മകഥയില്‍നിന്ന്)

0

“ഇത്ര ജനസ്വാധീനം ഉള്ള ഒരു മാധ്യമത്തിനു രൂപംകൊടുക്കാന്‍ പരിഷത്തിനെ പ്രേരിപ്പിച്ച ചില മുന്‍അനുഭവങ്ങളും ഇവിടെ സ്മരിക്കേണ്ടതുണ്ട്. അക്കൂട്ടത്തില്‍  ആദ്യം സൂചിപ്പിക്കേണ്ടത് 1977-ല്‍ പരിഷത്ത് സംഘടിപ്പിച്ച “ശാസ്ത്രസാംസ്കാരിക ജാഥ” ആയിരുന്നു. “ഭരണവും പഠനവും മലയാളത്തിലാക്കുക”, “വ്യവസായവല്‍ക്കരിക്കുക, അല്ലെങ്കില്‍ മരിക്കുക”, “അധ്വാനം സമ്പത്ത്”, “സാക്ഷരതയെ ഒരു ബഹുജനപ്രസ്ഥാനമാക്കുക ” തുടങ്ങിയ  ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ആ ജാഥ സംഘടിപ്പിച്ചത്. 1977 ഒക്ടോബര്‍ -2-ാം തീയതിമുതല്‍ നവമ്പര്‍ 7 വരെയുള്ള  37 ദിവസങ്ങളിലാണ് ഈ ജാഥ പ്രയാണം നടത്തിയത്. ഈ ജാഥയുടെ ക്യാപ്റ്റനായിരുന്നത് അതുല്യ ജനകീയശാസ്ത്രപ്രവര്‍ത്തകനായിരുന്ന സി.ജി. ശാന്തകുമാറായിരുന്നു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2-ന് കണ്ണൂര്‍ ജില്ലയിലെ കൂവേരിയില്‍നിന്നും ആരംഭിച്ച് ഡോ.സി.വി. രാമന്റെ ജന്മദിനവും റഷ്യന്‍ വിപ്ലവത്തിന്റെ വാര്‍ഷികദിനവുമായ നവം. 7 ന് തിരുവനന്തപുരം ജില്ലയിലെ പൂവച്ചലില്‍ സമാപിപ്പിക്കത്തക്ക തരത്തിലാണ് ജാഥ സംഘടിപ്പിച്ചിരുന്നത്. ജാഥാംഗങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍, മുകളില്‍ സൂചിപ്പിച്ച പ്രശ്നങ്ങളില്‍ പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടാണ് ജാഥ പ്രയാണം നടത്തിയത്. ആകെ 866 സ്വീകരണയോഗങ്ങളില്‍ പങ്കെടുത്ത് നാലരലക്ഷം ജനങ്ങളുമായി ആശയവിനിമയം നടത്തിയതായിട്ടാണ് അന്ത്യത്തില്‍ വിലയിരുത്തിയത്. ജാഥയിലൂടെ 26000 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങള്‍ പ്രചരിപ്പിച്ചു. കൂടാതെ നാലു ലഘുലേഖകളും ജാഥയിലുടനീളം പ്രചരിപ്പിച്ചിരുന്നു.
ജാഥാപ്രയാണം നടന്നപ്പോള്‍ ജാഥാംഗങ്ങളുടെ കൂട്ടായ ഗാനാലാപനം ആളുകളെ വളരെയധികം ആകര്‍ഷിക്കുന്നത് പരിഷത്ത് പ്രവര്‍‌ത്തകര്‍ നിരീക്ഷിച്ചിരുന്നു. ഉടന്‍തന്നെ ആ ഗാനങ്ങളുടെ സാമാഹാരം അച്ചടിച്ചു ജനങ്ങളുടെയിടയില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ “ശാസ്ത്രഗീതം” ജനങ്ങളുടെ ഇടയിലെത്തി. എല്ലാ ജനവിഭാഗങ്ങളും ഇതില്‍ ആകര്‍ഷിക്കപ്പെട്ടതായി നിരീക്ഷിച്ചു. കാരണം എല്ലാവിഭാഗം ജനങ്ങളും ഈ പാട്ടുകള്‍ ഏറ്റുപാടാന്‍ എല്ലാ പ്രദേശങ്ങളിലും തയ്യാറായി. ജാഥാസമാപനം നടന്ന പൂവച്ചല്‍‌ ഗ്രാമത്തില്‍ ആയിരക്കണക്കിനു സ്ത്രീ-പുരുഷന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും “ശാസ്ത്രഗീതങ്ങള്‍” വളരെ ആകര്‍ഷകമായും ആവേശകരമായും ഏറ്റുപാടുകയും ഉണ്ടായി. സാധാരണക്കാരുടെയിടയില്‍ ശാസ്ത്രപ്രചാര ണത്തിന് ഫലപ്രദമായി കലയെ ഉപയോഗിക്കുവാന്‍ കഴിയും എന്ന ഉള്‍വിളി പരിഷത്തിനുണ്ടാവാന്‍ ഈ അനുഭവം പ്രേരകമായി.
കര്‍ണാടക സംസ്ഥാനത്തില്‍ പ്രസന്നയുടെ നേതൃത്വത്തിലുള്ള “സമുദായ” എന്ന സംഘടന ആശയവിനി മയരംഗത്ത് തെരുവുനാടകം വളരെ ഫലപ്രദമായി ഉപയോഗിച്ചിരുന്നത് പരിഷത്തിനും ആ ദിശയിലേക്ക് തിരിയാനുള്ള മറ്റൊരു പ്രേരണാഘടകമായി. അതുപോലെ മലപ്പുറം, തൃശ്ശൂര്‍, പത്തനംതിട്ട എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ പരിഷത്ത് പ്രവര്‍ത്തകരില്‍ ചിലര്‍തന്നെ ശാസ്ത്രപ്രചാരണത്തിനും മറ്റു  സാമൂഹിക പ്രശ്നങ്ങളിലെ ആശയപ്രചാരണത്തിനുമെല്ലാം പരിമിതമായ രീതിയില്‍ കലാമാധ്യമത്തെ പ്രയോജനപ്പെടുത്തുന്നതും പരിഷത്തിന് കലാമാധ്യമത്തിലേക്കു തിരിയാന്‍ ശക്തമായ പ്രേരണ നല്‍കിയിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് 1980-ല്‍ ഒരു ശാസ്ത്രകലാജാഥയ്ക്ക് രൂപംനല്‍കാന്‍ പരിഷത്ത് തീരുമാനിച്ചത്.
പ്രഥമ ശാസ്ത്രകലാജാഥ
അങ്ങനെ ശാസ്ത്രപ്രചാരണത്തിനായി ഒരു പുതിയ മാധ്യമംകൂടെ രംഗത്തുവരികയുണ്ടായി. പ്രത്യേകിച്ചും മറ്റു മാധ്യമങ്ങളിലൂടെ എത്തിപ്പെടാന്‍ കഴിയാത്ത ജനവിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ ഈ മാധ്യമം വളരെയധികം സഹായിച്ചു. ഈ പ്രവര്‍ത്തനത്തിലൂടെ നാം അനവധി സവിശേഷതകള്‍‌ കേരളീയസമൂഹത്തിനു സംഭാവന ചെയതു. പ്രത്യേകതരത്തിലുള്ള ജാഥാസംഘാടനം, പ്രവര്‍ത്തനത്തിലുള്ള സവിശേഷമായ കൂട്ടായ്മ, ഉള്ള‌ടക്കത്തിന്റെ വൈവിധ്യം, അവതരണത്തിന്റെ തനിമ, കലാകാരന്മാരുടേയും കലാകാരികളുടേയും അമച്വര്‍ സ്വഭാവം, പരിപാടികളുടെ കാപ്സ്യൂള്‍ സ്വഭാവം, വിവിധ കലാരൂപങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രയോഗം, എല്ലാറ്റിനുമുപരിയായി വേദിയിലെ മുന്നൊരുക്കങ്ങളിലുള്ള ലാളിത്യം എന്നിങ്ങനെ നിരവധി സവിശേഷതകള്‍ ശാസ്ത്രകലാജാഥയ്ക്ക് അവകാശപ്പെടാം. ജാഥാസംഘാടനത്തിനുള്ള  ചെലവു കണ്ടെത്തല്‍ പുസ്തകങ്ങള്‍ പ്രചരിപ്പിക്കുക എന്നതാണ് നിര്‍ദേശിക്കപ്പെട്ട മാര്‍ഗം. ഈ നിര്‍ദേശം നടപ്പിലാക്കുന്നതിലൂടെ ഓരോ ശാസ്ത്രകലാജാഥ കഴിയുമ്പോഴും അനേകം പുതിയ പുസ്തകങ്ങളുടെ ആയിരക്കണക്കിന് കോപ്പികള്‍ കേരളീയഭവനങ്ങളില്‍ എത്തുന്നുണ്ട്. ഈ പ്രവര്‍ത്തനരീതി  ഒരുപാടു പുതിയ പ്രവര്‍ത്തകരെ പരിഷത്തിലേക്ക് ആകര്‍ഷിക്കുകയുണ്ടായി.
“പട്ടിണിയായ മനുഷ്യാ നീ പുസ്തകം  കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണു നിനക്കത് പുസ്തകം കയ്യിലെടുത്തോളൂ”
എന്ന് ശാസ്ത്രകലാജാഥയിലൂടെ നാം നല്‍കിയ ആഹ്വാനം കൂടുതല്‍ സാര്‍ഥകമാക്കുന്നതിന് ഈ പ്രവര്‍ത്തനം സഹായിച്ചു. അറിവിനെ ആയുധമാക്കിക്കൊണ്ട് പടപൊരുതി അവര്‍ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാമാന്യജനത്തിന് പ്രേരണ നല്‍കുന്നതായിരുന്നു ഈ പ്രവര്‍ത്തനം.
കേരളത്തിലെ പ്രഥമശാസ്ത്രകലാജാഥ 1980 ഒക്ടോബര്‍ 2-ന് തിരുവനന്തപുരം ജില്ലയിലെ കാരക്കോണത്തു നിന്നും ആരംഭിച്ച് നവംബര്‍ 7-ന് അന്നത്തെ കണ്ണൂര്‍ ജില്ലയിലെ കാസര്‍ഗോഡ് എന്ന സ്ഥലത്ത് അവസാനിച്ചു.  ഓരോ സ്ഥലത്തും 45 മിനിട്ടുവീതം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ദിവസവും 5,6 സ്ഥലങ്ങളില്‍ അവതരിപ്പിക്കുക എന്നതായിരുന്നു തീരുമാനം. കലാരൂപങ്ങള്‍ തയ്യാറാക്കുന്നതിനുവേണ്ടി വി.കെ. ശശിധരന്‍ (വി.കെ.എസ്) കണ്‍വീനറായുള്ള ഒരു കര്‍മസമിതി രൂപീകരിച്ചു. പല വ്യക്തികളും ഗാനങ്ങളും തെരുവുനാടകങ്ങളും ഒക്കെ എഴുതി കണ്‍വീനറെ ഏല്പിച്ചു. എന്നിട്ട് വളരെ ശ്രദ്ധേയമായ കൂട്ടായ്മയോടെ പരിപാടികള്‍ക്കു രൂപംനല്‍കി. പരിപാടിയില്‍ ഉള്‍പ്പെടുന്ന എല്ലാ കലാരൂപങ്ങളും അച്ചടിപ്പിച്ച് ചെറു ലഘുലേഖകളുടെ രൂപത്തില്‍‌ ജനങ്ങളുടെയിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അവയുടെ അവസാനപേജില്‍ രേഖപ്പെടുത്തിയിരുന്ന താഴെ കൊടുത്തിരിക്കുന്ന കുറിപ്പ് സവിശേഷമാണ്. “ശാസ്ത്രകലാജാഥയിലെ ഗാനങ്ങളും സംഗീതശില്പങ്ങളും നാടകങ്ങളും ഒക്കെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഉല്‍പന്നങ്ങളാണ്. സമൂഹത്തോടു പ്രതിബദ്ധതയില്ലാത്ത സാഹിത്യകാരന്മാര്‍ സഹിക്കാനാവാത്ത ഉള്‍വിളിയാല്‍ നടത്തുന്ന ആവിഷ്കാരങ്ങളല്ല അവ. ശാസ്ത്രസാഹിത്യപരിഷത്തിന് ജനങ്ങളുമായി പല അനുഭവങ്ങളും പങ്കിടാനുണ്ട്. അതിനായി ഉപയോഗിക്കുന്ന മാധ്യമങ്ങളിലൊന്നാണ് ശാസ്ത്രകലാജാഥ. രണ്ടുമൂന്നു തവണകളായി നടന്ന ക്യാമ്പുകളിലൂടെ ഒട്ടേറെ പരിഷത്ത് പ്രവര്‍ത്തകരുടെ പ്രയത്നത്തിന്റെ ഫലമായാണ് ഇവയും ഉള്ളടക്കവും രൂപവും ഉരുത്തിരിഞ്ഞുവന്നത്. ഈ ഉദ്യമത്തില്‍‌ സഹകരിച്ച എല്ലാവരോടും കൃതജ്ഞത രേഖപ്പെടുത്തുവാന്‍ ഈ അവസരം ഉപയോഗിക്കട്ടെ.” അങ്ങനെ ഇത് കൂട്ടായ്മയുടെ ഉല്പന്നമാണ് എന്ന് ഉറക്കെ പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാണ് ആ കുറിപ്പ്.
പ്രഥമജാഥയില്‍ പങ്കെടുത്ത കലാകാരന്മാരെല്ലാം പരിഷത്ത് പ്രവര്‍ത്തകര്‍ തന്നെ ആയിരുന്നു. അവരാരും പ്രൊഫഷണല്‍ അഭിനേതാക്കളല്ലായിരുന്നു. ജീവിതത്തിന്റെ വിവധ കര്‍മരംഗങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആളുകളായിരുന്നു ജാഥാംഗങ്ങള്‍. കര്‍ഷകരും, പഠനം കഴിഞ്ഞ് ജോലി അന്വേഷിച്ചുകൊണ്ടിരിക്കുന്നവരും സര്‍ക്കാര്‍ ജീവനക്കാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ആദ്യ ജാഥയുടെ ക്യാപ്റ്റന്‍ എം.എസ്.മോഹനനും കണ്‍വീനര്‍ വി.കെ.ശശിധരനും മാനേജര്‍ പി.ജി.പത്മനാഭനും ആയിരുന്നു.
കൈലിയും തലയില്‍ക്കെട്ടും ചുവന്ന അരയില്‍ക്കെട്ടും ആയിരുന്നു ജാഥാംഗങ്ങളുടെ വേഷം. ആദ്യജാഥയില്‍ വനിതകളാരും അംഗങ്ങളായി പങ്കെടുത്തിരുന്നില്ല. ചെണ്ട, ഉടുക്ക്, ഗഞ്ചിറ, ഇലത്താളം എന്നീ വാദ്യോപകരണങ്ങള്‍ മാത്രമേ ജാഥയില്‍ ഉപയോഗിച്ചിരുന്നുള്ളൂ. അവതരണഗാനത്തോടെത്തന്നെ എല്ലാ കാണികളുടെയും പൂര്‍ണശ്രദ്ധ പിടിച്ചുപറ്റാന്‍ ജാഥയ്ക്ക് കഴിഞ്ഞിരുന്നു. സാധാരണക്കാന്റെ ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കാലതാമസം വരുത്തുന്ന ചുവപ്പുനാടയ്ക്കെതിരെ വിരല്‍ ചൂണ്ടുന്നതായിരുന്നു “ഓഫീസ്” എന്ന നാടകം. അന്ധവിശ്വാസങ്ങള്‍ തള്ളിക്കളഞ്ഞ് ശാസ്ത്രീയമായി ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന “വെളിച്ചത്തിലേക്ക്”എന്ന നാടകവും ജനങ്ങള്‍ നന്നായി ആസ്വദിച്ചു. വനനശീകരണത്തിനും പരിസരമലിനീകരണത്തിനും എതിരെ ശക്തമായി പ്രതികരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഒരു കലാസൃഷ്ടിയായിരുന്നു “കുറവരശികളി”. ചിന്തോദ്ദീപകങ്ങളായ അനവധി ഗാനങ്ങള്‍, ആരോഗ്യപ്രശ്നം കൈകാര്യം ചെയ്യുന്ന “ധര്‍മാശുപത്രി” എന്ന ഓട്ടംതുള്ളല്‍, വില്‍പ്പാട്ടുകള്‍ തുടങ്ങിയവയെല്ലാം പലകേന്ദ്രങ്ങളിലായി അവതരിപ്പിക്കപ്പെട്ടു. 37 ദിവസം നീണ്ടുനിന്ന ഈ ശാസ്ത്രകലാജാഥ 244 വേദികളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ചുരുങ്ങിയത് നാലു ലക്ഷം പേരെങ്കിലും കലാജാഥ കണ്ടിരിക്കും എന്നാണ് വിലിയിരുത്തുന്നത്. മൊത്തത്തില്‍ പ്രഥമ ശാസ്ത്രകലാജാഥ കേരളീയ മനസ്സില്‍ ഒരു നവ്യാനുഭവം പകര്‍ന്നതായും സമൂഹമദ്ധ്യത്തില്‍ ചിന്തയ്ക്കും ചര്‍ച്ചക്കുമായി അനവധി ഈടുറ്റ ആശയങ്ങള്‍ സംഭാവന ചെയ്തതായും പരക്കെ അംഗീകരിക്കപ്പെട്ടു. ഇതിന്റെ ഫലമായി ഒട്ടനവധി പുതിയ പ്രവര്‍ത്തകര്‍ പരിഷത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. 1980 ല്‍ 181 യൂണിറ്റുകളും 4016 അംഗങ്ങളും ഉണ്ടായിരുന്ന സംഘടന തൊട്ടടുത്ത വര്‍ഷത്തില്‍ 309 യൂണിറ്റുകളും 6163 അംഗങ്ങളും ആയി വളര്‍ന്നു. പ്രഥമകലാജാഥയിലൂടെ 1.75  ലക്ഷം രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രചരിപ്പിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *