ഏകീകൃത സിവിൽ നിയമം :കുറുക്കു വഴി പാടില്ല

0

[author title=”ആര്‍. പാര്‍വതി ദേവി” image=”http://parishadvartha.in/wp-content/uploads/2016/10/Parvathydevi_R.jpg”]ജന്റര്‍ വിഷയസമിതി കണ്‍വീനര്‍[/author]

 

sc

[dropcap]ഏ[/dropcap]കീകൃത സിവിൽ നിയമം ഏതൊരു പരിഷ്കൃത സമൂഹത്തിനും അനിവാര്യമാണെന്നതിനു സംശയമില്ല. ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 44 പറയുന്നത് ഇന്ത്യയിൽ ഒട്ടാകെയുള്ള പൗരർക്കു ഏകീകൃത സിവിൽ നിയമം കൊണ്ടുവരാൻ പരിശ്രമിക്കണം എന്ന് തന്നെ ആണ്. എന്നാൽ ഡോ ബി ആർ അബേദ്കർ ഉൾപ്പടെയുള്ളവർ അത് നിര്ബന്ധമാക്കാതിരുന്നത് ഇന്ത്യയുടെ അസാമാന്യമായ വൈവിധ്യവും നാനാത്വവും കണക്കിലെടുത്തു തന്നെ ആകണം. ഓരോ മത , ജാതി , ഉപജാതി വിഭാഗങ്ങൾക്കും അവരുടേതായ വ്യത്യസ്ത ആചാരരീതികളും ജീവിത ശൈലികളും ഉള്ളപ്പോൾ ആരുടേയും വികാരം വ്രണപ്പെടുത്താതെ എല്ലാവര്ക്കും ഒരുപോലെ ബാധകമായ വ്യക്തിനിയമം എന്നത് അനായാസേന നടപ്പാക്കാൻ കഴിയുന്ന ഒന്നല്ല . വളരെ സങ്കീർണമായ ഒരു പ്രക്രിയയിലൂടെ മാത്രമേ അത് സാധ്യമാകൂ. [box type=”note” align=”” class=”” width=””]ഇന്ത്യൻ പീനൽ കോഡും ക്രിമിനൽ നടപടി ചട്ടങ്ങളും മറ്റും എല്ലാവര്‍ക്കും ഇന്ത്യയിൽ ഒന്ന് തന്നെ ആണ്. എന്നാൽ വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ, സ്വത്തവകാശം, രക്ഷാകർതൃത്വം തുടങ്ങിയ വിഷയങ്ങളിൽ ആണ് വിവിധ വിഭാഗങ്ങൾക്കു വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ളത്. എല്ലാ മതങ്ങളും സ്ത്രീ വിരുദ്ധം ആയതു കൊണ്ട് വ്യക്തിനിയമങ്ങളും സ്ത്രീകൾക്ക് ദോഷകരമായാണ് എഴുതപ്പെട്ടിരിക്കുന്നത്. നിയമം ഉണ്ടാക്കുന്നതും നടപ്പാക്കുന്നതും ഭേദഗതി വരുത്തുന്നതും മതാധ്യക്ഷന്മാരായതു കൊണ്ട് സ്ത്രീകൾക്ക് അനുകൂലമായ നടപടികൾ വിരളമായേ ഉണ്ടാകാറുള്ളൂ. [/box]
ഹിന്ദു നിയമം പരിഷ്കൃതവും കുറ്റമറ്റതും ആണെന്ന പ്രചാരണം അസംബന്ധം ആണ്. ഹിന്ദുമതം ഒരു സംഘടിത മതം അല്ലാത്തത് കൊണ്ട് വ്യക്തി ജീവിതത്തിൽ മതത്തിനുള്ള സ്വാധീനം കുറവാണു. (ഇത് വിശദമായി ചർച്ച ചെയ്യാൻ ഈ കുറിപ്പിൽ ആവില്ല .) എന്നാൽ മുസ്‌ലിം, കൃസ്ത്യൻ മതങ്ങൾ അങ്ങനെ അല്ല. ഒരാൾ ജനിക്കുമ്പോൾ മുതൽ മരണം വരെയും മതം ഇടപെടുന്നു. ഒരു ഹിന്ദുവിന് ഒരിക്കൽ പോലും ക്ഷേത്രത്തിൽ പോകാതെ തന്നെ ഹിന്ദു ആയി മരണം വരെയും ജീവിക്കുന്നതിന് തടസ്സങ്ങൾ ഇല്ല. (ഇതിന്റെ കാരണങ്ങളും ഇപ്പോൾ വിശദീകരിക്കുന്നില്ല.) എന്നാൽ ഇന്നത്തെ ഹിന്ദുത്വ ശക്തികൾ ഇതിനും മാറ്റം വരുത്താനാണ് ശ്രമിക്കുന്നത്. ഹിന്ദുമതം ഏകശിലാരൂപത്തിലല്ല. ഹിന്ദുമതത്തിന്റെ അവാന്തര വിഭാഗങ്ങൾക്ക് വ്യത്യസ്തമായ ആചാരരീതികൾ ആണുള്ളത്. കൃസ്ത്യൻ, മുസ്ലിം മതങ്ങളിലും വ്യത്യസ്തത ഇല്ലെന്നല്ല. എന്നിട്ടും 1950കളിൽ ഹിന്ദു വ്യക്തി നിയമത്തിൽ ഭേദഗതി കൊണ്ട് വരാൻ പണ്ഡിറ്റ് നെഹ്‌റുവും അന്നത്തെ നിയമമന്ത്രി അംബേദ്‌കറും ശ്രമിച്ചപ്പോൾ ഇന്ത്യയിൽ ഉണ്ടായ കോലാഹലങ്ങൾ നിയമ ചരിത്ര വിദ്യാർത്ഥികൾക്ക് വിലപ്പെട്ട പാഠങ്ങളാണ്. ഡോ ബി ആർ അംബേദ്‌കർ അവതരിപ്പിച്ച ഹിന്ദു കോഡ് ബില്ല് ഹിന്ദു സ്ത്രീകൾക്ക് സ്വത്തവകാശവും പിന്തുടർച്ച അവകാശവും നൽകുന്നതായിരുന്നു. ഇന്ത്യയിലെ മുഴുവൻ ഹിന്ദു സ്ത്രീകൾക്കും തുല്യാവകാശം നൽകുന്ന ബില്ല് പാസാക്കുന്നതിൽ കോൺഗ്രസ്സ് ഉൾപ്പടെ ഒപ്പം നിൽക്കാത്തതിൽ പ്രതിഷേധിച്ചു അംബേദ്‌കർ മന്ത്രിസഭയിൽ നിന്നും രാജി വെച്ചതും സ്ത്രീകളുടെ തുല്യനീതിക്കു വേണ്ടിയുള്ള നിയമ പോരാട്ട ചരിത്രത്തിലെ സവിശേഷ ഏടായി കാണാം. പിന്നീട് നാലു വ്യത്യസ്ത ബില്ലുകൾ ആക്കിയാണ് നെഹ്‌റു പ്രശ്നം ഒരുവിധം പരിഹരിച്ചത്. എന്നാൽ ഇപ്പോഴും ഹിന്ദു വ്യക്തിനിയമം പൂർണമായും സ്ത്രീകൾക്ക് അനുകൂലമായിട്ടില്ല. ഹിന്ദു നിയമ പ്രകാരം കുട്ടികളുടെ സ്വാഭാവിക രക്ഷകർത്താവു അമ്മയല്ല എന്നതാണ് സ്ത്രീ പ്രസ്ഥാനങ്ങൾ ഉന്നയിക്കുന്ന ഒരു പ്രധാന വിമർശനം.
ഇത്തരത്തിൽ ഒരു വ്യക്തി നിയമവും ഇന്ത്യയിൽ പൂർണമായും പുരോഗമനപരമായ പരിഷ്കരിച്ചിട്ടില്ല. മേൽ സൂചിപ്പിച്ച കാരണങ്ങളാൽ കൃസ്ത്യൻ, മുസ്ലിം നിയമങ്ങൾ ആണ് കൂടുതൽ കർക്കശമായി സ്ത്രീവിരുദ്ധമായിരിക്കുന്നതു. മേരി റോയ് കേസിൽ കൃസ്ത്യൻ സ്ത്രീകൾക്ക് സ്വത്തവകാശം നൽകണമെന്ന് കോടതി വിധിച്ചുവെങ്കിലും എത്ര സ്ത്രീകൾക്ക് നീതി ലഭിക്കുന്നുണ്ടെന്നത് പരിശോധിക്കേണ്ടതാണ്. ഏതെങ്കിലും ഒരു പ്രത്യേക മതത്തിൽ പെട്ടു എന്നത് കൊണ്ട് സ്ത്രീകൾക്ക് ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടരുത് എന്നതാണ് ഏകീകൃത സിവിൽ നിയമത്തിന്റെ കാതൽ. എന്നാൽ വിവിധമതവിഭാഗങ്ങളുടെ വികാരം ഹനിച്ചു കൊണ്ട് ഇത് സാധ്യവുമല്ല. ഇപ്പോൾ ഹിന്ദുത്വ അജണ്ട എല്ലാ മേഖലകളിലും ആക്രമണോത്സുകമായി നടപ്പാക്കുന്ന ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിന്റെ ഉദ്ദേശശുദ്ധി സംശയത്തോടെ വീക്ഷിക്കാനേ കഴിയൂ. ഓരോ വ്യക്തിനിയമവും പരിഷ്കരിക്കുകയും വിശദമായ ചർച്ചകൾ നടത്തി പൗരസമൂഹത്തെ വിശ്വാസത്തിൽ എടുക്കുകയും ചെയ്തുകൊണ്ടേ ഇന്ത്യ പോലെ ഒരു രാജ്യത്തു ഏകീകൃത സിവിൽ നിയമം കൊണ്ട് വരാൻ പാടുള്ളൂ. മുത്തലാക്കും ബഹുഭാര്യാത്വവും ഉൾപ്പടെ പലതും ശരിയത്ത് നിയമം ആണെന്ന ചില മുസ്ളീം വിഭാഗങ്ങളുടെ വാദങ്ങൾ അസംബന്ധം ആണെന്നതിനു തർക്കമില്ല. എന്നാൽ ഒരു സുപ്രഭാതത്തിൽ ഏകീ കൃത സിവിൽ നിയമം കൊണ്ടുവരുന്നത് ഇന്ത്യയുടെ ‘നാനാത്വത്തിൽ ഏകത്വം ‘എന്ന മനോഹരസങ്കൽപ്പത്തെ വികൃതമാക്കില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *