‘വിജ്ഞാനോത്സവം’ കോതമംഗലം മാതൃകയായി

0

കോതമംഗലം : എറണാകുളം ജില്ലയിലെ മലയോര ഗ്രാമങ്ങളുൾക്കൊള്ളുന്ന കോതമംഗലം മേഖല സൂക്ഷ്മ ജീവികളുടെ ലോകം വിജ്ഞാനോത്സവം സംഘാടനത്തിലൂടെ മാതൃകയായി. ഏറെ പരന്നുകിടക്കുന്ന 11 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുൾക്കൊള്ളുന്ന മേഖലയിൽ 6 പഞ്ചായത്തുകളിൽ മാത്രമാണു യൂനിറ്റുള്ളത് . മേഖലയിലെ പരിഷത്ത് പ്രവർത്തകരുടെ മുൻകൈയിൽ വിദ്യാഭ്യാസ ജില്ലാ -ഉപജില്ലാ ഓഫീസർമാരുടെ സഹകരണത്തോടെ യൂണിറ്റില്ലാത്ത 5 പഞ്ചായത്തുകളിലുൾപ്പെടെ 11 കേന്ദ്രങ്ങളിൽ ഒക്ടോബർ 1 നു വിജ്ഞാനോത്സവം സംഘടിപ്പിച്ചു. 770 വിദ്യാർഥികൾ പങ്കെടുത്ത വിജ്ഞാനോത്സവത്തിൽ അധ്യാപക പങ്കാളിത്തം 121 ആണ് എന്നത് എടുത്ത് പറയേണ്ടതാണ്.
വിജ്ഞാനോത്സവസംഘാടനത്തിൽ മേഖലയിലെ മുതിർന്ന പ്രവർത്തകരെല്ലാം സജീവമായി പങ്കെടുത്തു. ഡിഇഒ. പി.പി.തങ്കം, എഇഒ പി.എൻ.അനിത എന്നിവർ നൽകിയ സഹകരണം വിജ്ഞാനോൽസവം വിജയിപ്പിക്കുന്നതിന് സഹായകമായി. ഹെഡ് മാസ്റ്റർമാരുടെ കോൺഫറൻസിൽ വിജ്ഞാനോത്സവ വിശദീകരണത്തിനു അവസരം നൽകുകയും പ്രാധാന്യം അധ്യാപരെ ബോദ്ധ്യപെടുത്തുകയും ചെയ്തു .
സ്‌കൂൾ തല വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നതിനും മേഖലയിൽ ചിട്ടയായ ഒരുക്കങ്ങൾ നടന്നു. പ്രവർത്തകർക്കു വേണ്ടി ഡോ . ഷാജു തോമസിന്റെ സൂക്ഷ്മ ജീവികളുടെ ലോകം ക്ലാസോടു കൂടിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. മേഖലയിലെ ആകെയുള്ള 95 സ്‌കൂളുകളിലും പാനൽ പ്രദർശിപ്പിക്കുന്നതിനും സ്‌കൂളുകളിൽ മൈക്രോസ്കോപ്പ് നിരീക്ഷണം, ആരോഗ്യ ക്ലാസ് തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു. കോതമംഗലം ബസ് സ്റ്റാന്റിലും നെല്ലിക്കുഴി കവലയിലും നടന്ന മൈക്രോസ്കോപ്പ് നിരീക്ഷണം പൊതുജനങ്ങളിൽ കൗതുകമുണർത്തി.
മുൻവർഷങ്ങളിൽ പരമാ വധി 3 കേന്ദ്രങ്ങളിൽ മാത്രമാണ് പഞ്ചായത്ത് തല വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നതിന് കഴിഞ്ഞിരുന്നുള്ളൂ എന്നതിനാൽ ഈ യജ്ഞത്തിൽ പങ്കാളികളായവരേവരും അഭിനന്ദനമർഹിക്കുന്നു . മേഖലാ സെക്രട്ടറി ജിതിൻ മോഹനും ജില്ലാകമ്മറ്റി അംഗം എൻ യു പൗലോസും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *