ആര്‍.ജി.സി.ബി. സെന്ററിന് ഗോള്‍വാള്‍ക്കറുടെ പേരുനല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക

തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാം ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനറല്‍ പോസ്‌റ്റോഫീസിനുമുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ആയുര്‍വേദ കോളജ് പരിസരത്തുനിന്നാരംഭിച്ച ജാഥ സെക്രട്ടറിയേറ്റ് മുന്‍വശംവഴി പുളിമൂട് പോസ്‌റ്റോഫീസിനു മുന്നില്‍ എത്തുകയായിരുന്നു.
സംസ്ഥാന കലാ-സംസ്‌കാരം സമിതി കണ്‍വീനര്‍ പി എസ് രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ മതരാഷ്ട്രമാക്കണമെന്നാവശ്യപ്പെടുകയും തീവ്രഹിന്ദുത്വം പ്രചരിപ്പിക്കുകയും ചെയ്ത ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്രതീരുമാനം ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് പി എസ് രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശാസ്ത്രചിന്തയുടെയും മാനവികതയുടെയും പ്രതീകങ്ങളായി നിലകൊള്ളുന്ന ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെ വര്‍ഗ്ഗീയവല്‍ക്കരിക്കാനും മതവല്‍ക്കരിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും പി.എസ്.ആര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അനില്‍ നാരായണര് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷിബു അരുവിപ്പുറം ധര്‍ണയെ അഭിസംബോധന ചെയ്തു. ജില്ലാ സെക്രട്ടറി എസ്.എല്‍. സുനില്‍കുമാര്‍ സ്വാഗതവും ജോ. സെക്രട്ടറി അഡ്വ. വി.കെ. നന്ദനന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *