ഉന്നതവിദ്യാഭ്യാസം കേന്ദ്രീകരണത്തിന്റെയും വിപണിവൽക്കരണത്തിന്റെയും പിടിയിൽ: ഡോ. കെ.എൻ. ഗണേഷ് ഉന്നത വിദ്യാഭ്യാസ നയപരിഷ്കാരങ്ങൾക്കെതിരെ സംസ്ഥാനവ്യാപക ജനകീയ ക്യാമ്പയിന് തുടക്കം; പരിഷത്തും അധ്യാപക-സാമൂഹ്യ സംഘടനകളും രംഗത്ത്

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം (NEP-2020), വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബിൽ, കേരളത്തിലെ നാലുവർഷ ബിരുദപഠനം (FYUGP) എന്നിവ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസത്തിന്റെ ജനാധിപത്യ സ്വഭാവത്തെയും സർവകലാശാലകളുടെ സ്വയംഭരണത്തെയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങളെയും ഗുരുതരമായി ബാധിക്കുന്നുവെന്ന മുന്നറിയിപ്പുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനവ്യാപക ജനകീയ വിദ്യാഭ്യാസ ക്യാമ്പയിന് തുടക്കം കുറിച്ചു. വിവിധ അധ്യാപക, ഗവേഷണ, സാമൂഹ്യ സംഘടനകളുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല അക്കാദമിക ശില്പശാലയിലാണ് ക്യാമ്പയിൻ പ്രഖ്യാപിച്ചത്.
ശില്പശാല ഉദ്ഘാടനം ചെയ്ത കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. സി. രാമകൃഷ്ണൻ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ അക്കാദമിക വിഷയമായി മാത്രം കാണാനാവില്ലെന്നും അത് ജനാധിപത്യത്തിന്റെയും ഫെഡറൽ സംവിധാനത്തിന്റെയും ഭാവിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ ഡോ. സി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി. പി. ബാബു സ്വാഗതവും സംസ്ഥാന സെക്രട്ടറി അഡ്വ. വി.കെ. നന്ദനൻ നന്ദിയും രേഖപ്പെടുത്തി.
“വിദ്യാഭ്യാസം വിപണിക്കല്ല, സമൂഹത്തിനാണ്” – ഡോ. കെ.എൻ. ഗണേഷ്
“വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബിൽ: ഇന്ത്യൻ ഉന്നതവിദ്യാഭ്യാസത്തിന്റെ ഘടന, സർവകലാശാലാ സ്വയംഭരണം, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ – ഒരു വിമർശനാത്മക വായന” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസവിദഗ്ധനുമായ ഡോ. കെ.എൻ. ഗണേഷ്, രാജ്യത്തെ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കേന്ദ്രീകരണത്തിന്റെയും വിപണിവൽക്കരണത്തിന്റെയും പാതയിലൂടെയാണ് മുന്നേറുന്നതെന്ന് വിലയിരുത്തി.
1976-ൽ വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയതോടെ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങൾ ക്രമേണ കേന്ദ്രത്തിലേക്ക് നീങ്ങിയെന്നും VBSA ബിൽ ആ പ്രക്രിയയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകളുടെ സ്വയംഭരണം, സംസ്ഥാനങ്ങളുടെ നയനിർണയ അധികാരം, ജനാധിപത്യപരമായ അക്കാദമിക സംസ്കാരം എന്നിവയെ ദുർബലപ്പെടുത്തുന്ന നീക്കമായാണ് പുതിയ നിയമനിർദേശങ്ങളെ കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവേശനപരീക്ഷകളുടെയും കോച്ചിംഗ് വ്യവസായത്തിന്റെയും വ്യാപനം ഉന്നതവിദ്യാഭ്യാസത്തെ വരേണ്യവൽക്കരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിദ്യാഭ്യാസം തൊഴിൽവിപണിക്ക് ആവശ്യമായ മനുഷ്യവിഭവം സൃഷ്ടിക്കുന്നതിൽ ഒതുങ്ങുന്നതല്ലെന്നും, ശാസ്ത്രബോധം, വിമർശനാത്മക ചിന്ത, ജനാധിപത്യബോധം, സാമൂഹിക ഉത്തരവാദിത്തം എന്നിവ വളർത്തുന്ന പ്രക്രിയയായിരിക്കണമെന്നുമാണ് ഊന്നിപ്പറഞ്ഞത്. എൻ.സി.എച്ച്.ഇ.ആർ മുതൽ VBSA വരെയുള്ള നിർദേശങ്ങൾ രാജ്യത്തിന്റെ ഫെഡറൽ ഘടനയെയും പൊതുഉന്നതവിദ്യാഭ്യാസ സംവിധാനത്തെയും ദീർഘകാലമായി ബാധിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
തുടർന്ന് ആലുവ അൽ അമീൻ കോളേജിലെ ഡോ. ശ്രീജ എസ്. “കേരളത്തിലെ നാലുവർഷ ബിരുദപഠനം (FYUGP): അനുഭവങ്ങൾ, സാധ്യതകൾ, വെല്ലുവിളികൾ” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. FYUGP നടപ്പാക്കലിന്റെ ആദ്യഘട്ട അനുഭവങ്ങൾ, അക്കാദമികവും ഭരണപരവുമായ വെല്ലുവിളികൾ, തുടർപരിഷ്കാരങ്ങളുടെ ആവശ്യകത എന്നിവ അവർ വിശദീകരിച്ചു.
ശില്പശാലയിൽ പരിഷത്ത് പ്രസിദ്ധീകരിച്ച “ഉന്നതവിദ്യാഭ്യാസം: പരിഷ്കാരങ്ങളും പ്രതിരോധങ്ങളും” എന്ന പുസ്തകം ഡോ. കെ.എൻ. ഗണേഷ് പ്രകാശനം ചെയ്തു. AKGCRT ജനറൽ സെക്രട്ടറി ടി. കെ. ജി. നായർ പുസ്തകം ഏറ്റുവാങ്ങി.
തുടർന്ന് നടന്ന ചർച്ചയിൽ ഡോ. ഒ.ജി. ഒലീന, ഡോ. കെ. ബിജുകുമാർ, കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പ്രമോദ് കിരൺ, ഐ.എച്ച്.ആർ.ഡി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ടി.ഡി. കുര്യാച്ചൻ, ഡോ. വി. രാജേന്ദ്രൻ നായർ, ശാസ്ത്രബോധ സമിതി കൺവീനർ ഗോപകുമാർ, ലൂക്കാ കൺവീനർ ഡോ. എൻ. ഷാജി കേരള യൂനിവേഴ്‌സിറ്റി വിദ്യാർത്ഥിനി സൂര്യ , ഡോ വിജി ഭാസ്കരൻ ( കാർഷിക സർവ്വകലാശാല ) കെ.കെ കൃഷ്ണകുമാർ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനിൽ നാരായണൻ ചർച്ചയിൽ പങ്കെടുത്തു
സംസ്ഥാനവ്യാപക ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 15-ന് കോഴിക്കോട്ട് രണ്ടാമത് സംസ്ഥാനതല അക്കാദമിക ശില്പശാല, തുടർന്ന് ഓഗസ്റ്റ് 15 മുതൽ 31 വരെ 14 ജില്ലകളിൽ ജില്ലാതല ശില്പശാലകൾ, സെപ്റ്റംബർ മാസത്തിൽ സംസ്ഥാനത്താകെ 150 ജനകീയ സംവാദ സദസ്സുകൾ എന്നിവ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ രംഗത്തെ നയപരിഷ്കാരങ്ങളുടെ പ്രത്യാഘാതങ്ങൾ പൊതുസമൂഹത്തിന് മുന്നിലെത്തിക്കുകയും അധ്യാപകരെയും ഗവേഷകരെയും വിദ്യാർത്ഥികളെയും ജനാധിപത്യ വിശ്വാസികളായ പൊതുജനങ്ങളെയും പങ്കാളികളാക്കി സംസ്ഥാനവ്യാപക ജനകീയ ചർച്ചയ്ക്ക് തുടക്കമിടുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
