­12-08-2026

എം പി ഓർമ്മ

ഡോക്ടർ എം പി പരമേശ്വരൻ എന്ന എംപി ഇപ്പോൾ നമ്മളോടൊപ്പമില്ല. എന്നാൽ  എംപി പകർന്നുതന്ന പ്രതീക്ഷകളുടെ ലോകം, എല്ലാവരെയും ഉൾക്കൊള്ളുന്ന ലോകം, അറിവിനെ ചൂഷണോപാധിയാക്കാതെ  എല്ലാവരുടെയും ജീവിതഗുണത മെച്ചപ്പെടുത്തുന്ന ഒരു ലോകം, അന്ധവിശ്വാസവും വിധിവിശ്വാസവും നിലനിൽക്കാൻ ഇടയാക്കുന്ന കാരണ
ങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ലോകം, പ്രകൃതിവിഭവങ്ങളെ ആർത്തിയോടെ ചൂഷണം ചെയ്യുന്ന ലാഭമോഹികൾക്കെതിരായി അണിനിരക്കുന്നവരുടെ ലോകം, വികസനത്തിന്റെ
യും വളർച്ചയുടെയും അതിരുകൾ നിശ്ചയിക്കണമെന്നും ഈ പ്രകൃതി എന്നത് ഭാവി തലമുറയ്ക്കും അവകാശപ്പെട്ടതാണ് എന്നും ഉള്ള ധാരണയിൽ പ്രവർത്തിക്കുന്നവരുടെ ലോകം, പഠനം പാൽപ്പായസമെന്നും അധ്യാപനം അതിമധുരമെന്നും തിരിച്ചറിയുന്ന വിദ്യാഭ്യാസ പ്രവർത്തകരുടെ ലോകം, കുട്ടികളുടെ സ്വർഗമായി ജീവിത ഇടങ്ങളെയും പഠന ഇടങ്ങളെയും പരിവർത്തിപ്പിക്കുന്ന ഒരു ലോകം, അറിവിന്റെ സാർവത്രികവൽ ക്കരണം അനിവാര്യമാണെന്നു മനസ്സിലാക്കിക്കൊണ്ട് അതിനായി നിരക്ഷരക്കെതിരായ പോരാട്ടം ജീവിതത്തിന്റെ പ്രായോഗിക സമരമായി മാറ്റുന്നവരുടെ ലോകം, ഇതിനായി കലയും സാഹിത്യവും  ഉൾപ്പെടെ മാനവരാശി വളർത്തിയെടുക്കുന്നതെല്ലാം പ്രയോജന പ്പെടുത്തുന്നതിൽ വിശ്വാസവും അർപ്പണമനോഭാവവുമുള്ളവരുടെ ലോകം,   കേന്ദ്രീകരണ ത്തിന് പകരം വികേന്ദ്രീകരണമാണ്  വികസനത്തിന്റെ മുന്നുപാധികളിലൊന്ന് എന്ന്  തിരിച്ചറിയുന്നവരുടെ ലോകം, ഏതാനും പേരുടെ സമൃദ്ധിയ്ക്കു പകരം എല്ലാവരുടെയും സമൃദ്ധി  ഉറപ്പാക്കുന്ന ലോകം-ഇതാണ് എംപി ജീവിതത്തിലൂടെ പകരാൻ ശ്രമിച്ചത്.

മരണം തന്റെ അടുത്ത് എത്തിക്കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞിരുന്ന ഘട്ടത്തിലും എംപി പ്രവർത്തനനിരതനായിരുന്നു. അദ്ദേഹത്തിന്റെ ധിഷണ സദാ ജാഗരൂകമായി രുന്നു.

ജനങ്ങളിലേക്ക് അറിവ് എത്തിച്ചുകൊണ്ട് മാത്രമേ അറിവിന്റെ അവകാശികളാക്കി ജനങ്ങളെ മാറ്റാൻ കഴിയൂ എന്ന് ഉറച്ചു വിശ്വസിക്കുക മാത്രമല്ല അത് പ്രായോഗികമാക്കി മാറ്റാൻ ബദലുകൾ മുന്നോട്ടുവയ്ക്കുകയും ചെയ്ത ശാസ്ത്രജ്ഞനാണ് എംപി. ഗഹനമായ കാര്യങ്ങൾ ലളിതമായി, ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സാധാരണക്കാർക്ക്  വിശദീകരിച്ചുകൊടുക്കാനാണ് എംപി ജീവിതത്തിലുടനീളം ശ്രമിച്ചത്.

കേരളത്തിന്റെ  വികസനത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ 1976 ഘട്ടത്തിൽ തന്നെ എംപി യുടെ നേതൃത്വത്തിലുള്ള ഒരു വിദഗ്ധസംഘം കേരളത്തിന്റെ സമ്പത്ത് എന്ന പുസ്തകത്തിലൂടെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. ഈ പുസ്തകം കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നടന്ന സംവാദങ്ങളിലും തുടർന്ന് വികസനബദലുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും ഏറെ പ്രയോജനം ചെയ്തു. എംപിയുടെ നേതൃത്വത്തിൽ കൂട്ടായും എംപി തനിച്ചും എഴുതിയ പുസ്തകങ്ങളും, ലഘുലേഖകളും  ലേഖനങ്ങളും നിലപാട് രേഖകളും തമസ്കരിച്ച് കേരളത്തെ സംബന്ധിച്ച വികസനകാര്യത്തിൽ ചർച്ച നടത്തുക സംഭാവ്യമല്ല. ഇതിനെല്ലാം എംപിയെ സജ്ജമാക്കിയത് പരിഷത്താണ്, തിരിച്ചു സംഘടനയെ ഇന്ത്യയിലെ പ്രമുഖ ജനകീയശാസ്ത്രപ്രസ്ഥാനമായി വളർത്തിയതിൽ നിസ്തുലമായ പങ്കു വഹിച്ചത്  എംപിയാണ്.

കേരളീയസമൂഹത്തിന് ശാസ്ത്രത്തിന്റെ രീതി തിരിച്ചറിയാനും ശാസ്ത്രബോധം ഉളവാക്കാ
നും സഹായമായ പ്രകൃതി ശാസ്ത്രം സമൂഹം പുസ്തകം തയ്യാറാക്കുന്നതിലും ആ വിഷയത്തിലുള്ള ക്ലാസുകൾ വ്യാപകമായി  നടത്തുന്നതിലും എംപിയുടെ സർഗാത്മകനേതൃത്വം ഉണ്ടായിരുന്നു.

ആഗോളവൽക്കരണത്തിനും മുതലാളിത്ത വികസനരീതിക്കും എതിരെ സന്ധിയില്ലാത്ത സമരം എംപിയുടെ ജീവിതത്തിന്റെ ഭാഗംകൂടിയാണ്. ഈ സമരത്തിൽ ജനങ്ങളോടൊപ്പം നിൽക്കുക എന്നത് എംപിയുടെ ജീവിതനിലപാടാണ്. അത്തരമൊരു നിലപാട് കാരണമാണ്   ആറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞൻ എന്ന നിലയിലുള്ള  ഏറ്റവും മികച്ച തൊഴിൽപോലും രാജിവച്ച് എല്ലാവരുടെയും ജീവിതഗുണത വർധിപ്പി ക്കാനുള്ള സമരത്തിന്റെ ഭാഗമാകാൻ കേരളത്തിലേക്ക് മടങ്ങിവന്നത്. മോസ്കോയിൽ വച്ച് ആണവ ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ എംപി ആണവ സാങ്കേതിക വിദ്യക്കെതിരെ നിലപാട് കൈക്കൊണ്ടതും ഈ ജീവിതവീക്ഷണത്തിന്റെ ഭാഗമായാണ്.

കേന്ദ്രീകരണത്തിന് എന്നും എതിരായിരുന്നു എംപി.  എല്ലാവരെയും ഉൾച്ചേർക്കുകയും ഉൾക്കൊള്ളുകയും വിതരണ നീതിയും തുല്യതയും സമഭാവനയും ഒക്കെ സാക്ഷാൽക്ക രിക്കുകയും ചെയ്യുന്നതിന്  വികേന്ദ്രീകൃതമായ ഒരു സാമൂഹികഘടന അനിവാര്യമാണെ ന്നാണ്  എന്നും എം പി ഉയർത്തിപ്പിടിച്ച വാദം. അതുകൊണ്ടുതന്നെ മാനവരാശിയെ ആകെ ബാധിക്കുന്ന ഒരു പ്രശ്നം സൈദ്ധാന്തികമായി അഭിമുഖീകരിക്കുന്നതിനോടൊപ്പം ഒരു പ്രാദേശിക പഞ്ചായത്തിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനെക്കുറിച്ചും ഒരേസമയം ചിന്തിക്കാനും പ്രചരിപ്പിക്കാനും എംപിക്ക് കഴിഞ്ഞു.

അതോടൊപ്പം ബദലുകളുടെ അന്വേഷണത്തിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം എംപി തിരിച്ചറിഞ്ഞു. അത് കേരളത്തിനനുഗുണമായി പരിവർത്തിപ്പിക്കാൻ സഹായകമായ ഒരു സ്ഥാപനത്തിന്റെ  അനിവാര്യതയെക്കുറിച്ച് ബോധ്യപ്പെടുത്താൻ എംപിക്ക് കഴിഞ്ഞു. ഈ ബോധ്യമാണ് പാലക്കാട് മുണ്ടൂരിൽ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ സ്ഥാപിക്കുന്നതിലേക്കും  അതിനെ വളർത്തിയെടുക്കുന്നതിലേക്കും പരിഷത്തിനെ നയിച്ചത്. അതിന്റെ  ഫലമായാണ് ദക്ഷത കൂടിയ അടുപ്പ്, ചെലവ് കുറഞ്ഞ വീടുകളുടെ നിർമ്മാണം, ഊർജ മാപ്പിങ്, കല്ല്യാശ്ശേരി പഞ്ചായത്ത് സമഗ്രാസൂത്രണം, വിഭവ ഭൂപട നിർമ്മാണം, നീർത്തട മാപ്പിങ്, മാലിന്യ പരിപാലനം തുടങ്ങി ഒട്ടനവധി മേഖലകളിൽ അന്വേഷണങ്ങളും പ്രായോഗിക രൂപങ്ങളും വികസിപ്പിക്കാൻ ഐ ആർ ടി സി ക്ക് കഴിഞ്ഞത്. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രശ്നവിശകലനം നടത്താവൂ എന്നത് പ്രധാനമാണ്. അതിനാവശ്യമായ ഡേറ്റ ശേഖരിക്കലും വിശകലനം ചെയ്യലും അതിന്റെ രീതിശാസ്ത്രം വികസിപ്പിക്കലും എംപിയെ സംബന്ധിച്ച് നിർബന്ധമായിരുന്നു.

ഇതിനെല്ലാം ജനതയെ സജ്ജമാക്കണമെങ്കിൽ അവർ സാക്ഷരരാകണമെന്നത് ഒരു മുന്നുപാധിയായി എംപി കരുതി. അങ്ങനെ എറണാകുളം സാക്ഷരത, കേരള സമ്പൂർണ്ണ സാക്ഷരത തുടങ്ങിയവയുടെ അമരക്കാരനായി. അതിന്റെ  തുടർച്ചയായി അഖിലേന്ത്യാ സാക്ഷരതാ പരിപാടിയുടെ നിർണ്ണായക നെടുനായകത്വം വഹിക്കാൻ എംപിക്ക്  കഴിഞ്ഞു.

ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ  വളർച്ചയും വികാസവും എംപിയുടെ ലക്ഷ്യമായിരുന്നു. എഐപിഎസ്എൻ എന്ന അഖിലേന്ത്യാ ജനകീയശാസ്ത്രപ്രസ്ഥാന നെറ്റ്‌വർക്കിന്റെ രൂപീകരണത്തിലും അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു നയിക്കുന്നതിലും നിർണ്ണായക പങ്ക് എംപി വഹിച്ചു. അഖിലേന്ത്യാ സാക്ഷരതാ പ്രസ്ഥാനത്തിനായി ബിജിവിഎസ് രൂപീകരിക്കാനും അതിന് നേതൃത്വംനൽകാനും  ജീവിതത്തിന്റെ  ഒരുപ്രധാനഭാഗം എംപി മാറ്റിവച്ചു.

ജനങ്ങളോട് ആശയസംവാദത്തിനായി സാധ്യമായ എല്ലാ ഉപാധികളും പ്രയോഗിക്കണം എന്നതാണ് എം പി യുടെ നിലപാട്. പുസ്തകങ്ങൾ, ലഘുലേഖകൾ, പ്രാദേശിക കലാജാ
ഥകൾ മുതൽ ദേശീയതലത്തിലുള്ള വിവിധങ്ങളായ കലാജാഥകൾ, ഗ്രാമജാഥകൾ വരെ   വിഭാവനംചെയ്യാനും ഉള്ളടക്കം വികസിപ്പിക്കാനും അവയുടെ സംഘാടനത്തിനു നേതൃത്വം നൽകാനും എല്ലാം ഒരേപോലെ  എംപി ശ്രദ്ധിച്ചു.

പലപ്പോഴും പല അവാർഡുകളും എംപിയെ തേടിവന്നിട്ടുണ്ട്. ചുരുങ്ങിയത് രണ്ടു തവണ
യെങ്കിലും പത്മപുരസ്കാരത്തിനായി എംപിയെ തിരഞ്ഞെടുത്തിരുന്നു. പ്രസ്തുത ഘട്ടങ്ങളി ലെല്ലാം അത് നിരസിക്കാൻ എംപിക്ക് ഒരുമടിയും ഉണ്ടായില്ല. വൈരുധ്യാധിഷ്ഠിത ഭൗതികവാദം മലയാളിക്ക് മനസ്സിലാകുംവിധം എഴുതിയ രാഷ്ട്രീയ സൈദ്ധാന്തികൻ കൂടിയാണ് എംപി.  എംപിയെ സംബന്ധിച്ച് സിദ്ധാന്തങ്ങൾ ചർച്ചയ്ക്കുള്ള വിഷയങ്ങൾ മാത്രമായിരുന്നില്ല. അത് ജീവിതത്തിൽ പ്രയോഗിക്കേണ്ടത് കൂടിയായിരുന്നു. വൈരുധ്യാ ധിഷ്ഠിത ഭൗതികവാദം ജീവിതയാത്രയുടെ ഭാഗമാക്കി മാറ്റിയ ധൈഷണികൻ കൂടിയായിരുന്നു എംപി.

കേരള  ശാസ്ത്രസാഹിത്യ പരിഷത്തിന്റെ  പ്രവർത്തനങ്ങളിൽ ആശയപരമായും പ്രായോഗികമായും ഉള്ള കാര്യങ്ങളിൽ എന്നും വഴികാട്ടിയായ എംപിയുടെ വിയോഗ ത്തിൽ സംഘടനയുടെ ദുഃഖം രേഖപ്പെടുത്തുന്നു.  കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലമായി പരിഷത്ത്  മുന്നോട്ടുവച്ച ആശയങ്ങളും എംപി പങ്കുവച്ച കാലഹരണപ്പെടാത്ത സ്വപ്നങ്ങളും  യാഥാർഥ്യമാക്കാനും  കാലോചിതമായി മുന്നോട്ടുകൊണ്ടുപോകാനും പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പുവരുത്താനും പരിഷത്തിന് ഉത്തരവാദിത്വമുണ്ട്. കൂട്ടായ പ്രവർത്തനങ്ങിലൂടെ  അത് സാധ്യമാക്കാനുള്ള ആ ഉത്തരവാദിത്വം ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു

 

 

ഡോ. സി രാമകൃഷ്ണൻ

പ്രസിഡന്റ്