കുട്ടി അധ്യാപകരുടെ ‘ചാന്ദ്രദിന ക്ലാസ്’: കണ്ണൂരിൽ 27,000-ത്തിലധികം വിദ്യാർത്ഥികൾക്ക് ബഹിരാകാശ അറിവുകൾ പകർന്ന് നൽകി

കണ്ണൂർ: ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളിൽ വേറിട്ട മാതൃക തീർത്ത് കുട്ടി അധ്യാപകർ. കണ്ണൂർ ജില്ലാ പഞ്ചായത്ത് സയൻസ് പാർക്കും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലനം പൂർത്തിയാക്കിയ 332 കുട്ടി അധ്യാപകർ ജില്ലയിലുടനീളമുള്ള 27,000-ത്തിലധികം വിദ്യാർത്ഥികൾക്കാണ് ചാന്ദ്രദിന ക്ലാസുകൾ എടുത്തുനൽകിയത്.
ജൂലൈ 11-ന് സയൻസ് പാർക്കിൽ നടന്ന സംസ്ഥാനതല പരിശീലനത്തിന് തുടർച്ചയായി വിവിധ സബ് ജില്ലകളിലും വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വിദഗ്ധർ നയിച്ച ഓൺലൈൻ ക്ലാസുകളിലൂടെയും ചർച്ചകളിലൂടെയും കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണ് കുട്ടി അധ്യാപകർ ക്ലാസുകൾ മെച്ചപ്പെടുത്തിയത്.
ചാന്ദ്രദിനത്തിൽ, ബഹിരാകാശ യാത്രകളുടെ ചരിത്രം, ചാന്ദ്രദൗത്യങ്ങൾ, ആനുകാലിക ശാസ്ത്ര വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി ആകർഷകമായ ഡിജിറ്റൽ പ്രസന്റേഷനുകളിലൂടെയാണ് ഇവർ സഹപാഠികൾക്ക് അറിവുകൾ പകർന്നുനൽകിയത്. സംശയനിവാരണത്തിനും പഠനസഹായത്തിനുമായി കുറിപ്പുകളും വിതരണം ചെയ്തു.
ഡിജിറ്റൽ സർട്ടിഫിക്കറ്റും വിലയിരുത്തലും
പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കുമായി ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മാട്ടൂൽ സി.എം.എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ടി.പി. ഷാജി തയ്യാറാക്കിയ പ്രത്യേക ലിങ്ക് വഴി മൊബൈൽ നമ്പറും ക്ലാസും പാസ്‌വേഡായി നൽകിയാണ് വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തത്. കൂടാതെ ഗൂഗിൾ ഫോം വഴി പങ്കാളിത്തവും അഭിപ്രായങ്ങളും ശേഖരിച്ച് 332 കുട്ടി അധ്യാപകരുടെയും വിവരശേഖരണം ക്രോഡീകരിച്ചു.
പരിഷത്ത് ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ പി. വി. പ്രസാദ്, ശാസ്ത്രാവബോധ വിഷയ സമിതി കൺവീനർ കെ. പി. പ്രദീപ് കുമാർ, സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത്, പരിഷത്ത് നിർവ്വാഹക സമിതി അംഗം പി. പി. ബാബു, ജില്ലാ സെക്രട്ടറി ബിജു നെടുവാലൂർ, പി. പി. സുനിൽ, വിദ്യാഭ്യാസ വിഷയ സമിതി ചെയർമാൻ എം. പി. സനിൽ കുമാർ, എ. വി. സുരേന്ദ്രൻ എന്നിവർ ജില്ലയിലെ ഈ ബൃഹത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
