കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ലോക്കോൺ നിയമ കോൺക്ലേവ് ഏറണാകുളത്ത്

അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമാണം അനിവാര്യം: ജസ്റ്റിസ് വി.ജി. അരൂൺ

​കൊച്ചി: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാൻ ശക്തമായ നിയമനിർമാണം അനിവാര്യമാണെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി.ജി. അരൂൺ പറഞ്ഞു. വിമർശനം വരും എന്നുള്ളതുകൊണ്ട് മാറ്റിവെക്കപെടേണ്ട ഒന്നല്ല അന്ധവിശ്വാസം നിരോധന നിയമം.അപ്രകാരം മുൻ തലമുറക്കാർ ഭയപ്പെട്ടിരുന്നെങ്കിൽ സതി നിർത്തലാക്കുവാനും,ബാല വിവാഹം നിരോധിക്കുവാനും സാധിക്കുകയില്ലെന്നും ഓർമിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി ലോകോൺ സംസ്ഥാന ലീഗൽ കോൺക്ലേവിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

​ഭരണഘടനയുടെ ആർട്ടിക്കിൾ അനുസരിച്ച് ഉന്നത കോടതികളുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയതിനാൽ തന്റെ പ്രസംഗം ഇംഗ്ലീഷിലേക്ക് മാറ്റുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. മുൻകാലങ്ങളിൽ ശാസ്ത്രസാഹിത്യ പരിഷത്തുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന കാലത്ത് പാടിയിരുന്ന “സായിപ്പ് പോയിട്ടും മുപ്പത് വർഷത്തിലേറെ കഴിഞ്ഞിട്ടും സായിപ്പിന്റെ ഭാഷയിലല്ലാതെ നാടു ഭരിക്കാൻ കഴിയില്ല” എന്ന വരികൾ അദ്ദേഹം ഈ അവസരത്തിൽ ഓർത്തെടുത്തു.

​മതവും അന്ധവിശ്വാസവും വേർപെടുത്താനാവാത്തത്
​അന്ധവിശ്വാസങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് വിജി അരൂൺ ചൂണ്ടിക്കാട്ടി. മതവും അന്ധവിശ്വാസവും അത്രമേൽ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നവയാണ്.

ചരിത്രപരമായി നോക്കിയാൽ, ആദ്യകാല മനുഷ്യർ ഭയത്തെ അതിജീവിക്കാനും പ്രകൃതിയിലെ പ്രതിഭാസങ്ങളെ വിശദീകരിക്കാനും ഒരു കമ്മ്യൂണിറ്റിയായി ജീവിക്കാനും ശ്രമിച്ചതിൽ നിന്നാണ് മതങ്ങൾ ഉത്ഭവിച്ചത്.

എന്നാൽ കാലക്രമേണ മതനേതാക്കൾ ജനങ്ങളുടെ മനസ്സിലെ ഭയത്തെ ചൂഷണം ചെയ്ത് കാര്യങ്ങൾ അടിച്ചേൽപ്പിക്കാൻ തുടങ്ങിയെന്നും അത് പലപ്പോഴും ഭരണതലത്തെപ്പോലും സ്വാധീനിച്ചതായും അദ്ദേഹം പറഞ്ഞു.

​ഫ്രാൻസ്, യു.എസ്.എ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ മതവും ഭരണവും തമ്മിൽ വ്യക്തമായ അതിർവരമ്പുകൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ വൈവിധ്യം കാരണം ഇവിടെ സാഹചര്യം വ്യത്യസ്തമാണ്.

​വ്യക്തിപൂജ ഏകാധിപത്യത്തിലേക്ക് നയിക്കും: ഡോ. അംബേദ്കറുടെ മുന്നറിയിപ്പ്
​1949 നവംബർ 25-ന് ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ നടത്തിയ പ്രസംഗം ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

​”മതത്തിലെ ഭക്തി ആത്മാവിന്റെ മോചനത്തിന് വഴിതെളിച്ചേക്കാം, എന്നാൽ രാഷ്ട്രീയത്തിലെ ഭക്തിയോ വ്യക്തിപൂജയോ (Hero Worship) അപചയത്തിലേക്കും ഒടുവിൽ ഏകാധിപത്യത്തിലേക്കുമാണ് നയിക്കുക” എന്ന അംബേദ്കറുടെ പ്രവാചകതുല്യമായ വാക്കുകൾ നാം എത്രത്തോളം പിന്തുടരുന്നുവെന്ന് സ്വയം ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

​ഭരണഘടനയും കോടതിവിധികളും​ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള ആർട്ടിക്കിളുകൾ മതസ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും അത് പരിധിയില്ലാത്തതല്ല. പൊതുസമാധാനം, ധാർമ്മികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമായി മാത്രമേ ഇതിന് അനുമതിയുള്ളൂ. 1976-ലെ 42-ാം ഭേദഗതിയിലൂടെയാണ് ‘സെക്യുലർ’ എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത്. കൂടാതെ ആർട്ടിക്കിൾ 51A (H) പ്രകാരം ശാസ്ത്രീയ മനോഭാവവും മാനവികതയും വളർത്തിയെടുക്കുക എന്നത് ഓരോ പൗരന്റെയും മൗലിക കടമയാണ്.
​കോടതിവിധികളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പ്രധാനപ്പെട്ട ചില കേസുകൾ ചൂണ്ടിക്കാണിച്ചു:
​ശിരൂർ മഠം കേസ് (1954): ഈ കേസിലാണ് ഒരു മതത്തിന്റെ ‘അത്യാവശ്യ ആചാരങ്ങൾ’ (Essential Religious Practices) എന്തെല്ലാമാണെന്ന് തീരുമാനിക്കാനുള്ള തത്വം സുപ്രീം കോടതി മുന്നോട്ട് വെച്ചത്.
​ അജ്മീർ കേസ് (1961): അന്ധവിശ്വാസങ്ങളിൽ നിന്ന് ഉടലെടുക്കുന്ന ആചാരങ്ങൾ മതത്തിന്റെ അത്യാവശ്യ ഭാഗമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

തമിഴ്‌നാട്ടിലെ ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി ആർട്ടിക്കിൾ 51A (G), (H) എന്നിവയെ കോടതി ഉയർത്തിപ്പിടിച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു.
​നിയമനിർമാണത്തിലെ കാലതാമസം
​100% സാക്ഷരതയുണ്ടെന്ന് അവകാശപ്പെടുന്ന, ഇടതുപക്ഷ ചിന്താഗതികൾക്ക് ആധിപത്യമുള്ള കേരളത്തിൽ പോലും അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ നിയമം കൊണ്ടുവരാൻ സാധിച്ചിട്ടില്ല എന്നത് ഖേദകരമാണെന്ന് ജസ്റ്റിസ് പറഞ്ഞു. അഡ്വ. പി.വി. ജീവേഷ് ഫയൽ ചെയ്ത ഹർജിയുടെ അടിസ്ഥാനത്തിൽ, 2022-ൽ ‘കേരള അന്ധവിശ്വാസ അനാചാര നിർമ്മാർജ്ജന ബിൽ’ കൊണ്ടുവന്നെങ്കിലും പിന്നീട് അതിൽ തുടർനടപടികൾ ഉണ്ടായില്ല.

ഇലന്തൂരിലെ ഇരട്ട നരബലി പോലുള്ള ക്രൂരതകൾ നടന്നത് ഇത്തരം നിയമങ്ങളുടെ അഭാവത്തിലാണ്. ജസ്റ്റിസ് ജംഷാദ് ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് പലതവണ സർക്കാരിനോട് ഈ നിയമം നടപ്പിലാക്കാൻ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
​രാഷ്ട്രീയക്കാരുടെ മതപരമായ തന്ത്രങ്ങളിൽ വീണുപോകാതെ, ശാസ്ത്രീയ മനോഭാവം കൈവിടില്ലെന്ന് പ്രതിജ്ഞ ചെയ്യാൻ യുവ നിയമജ്ഞരോട് ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഏറണാകുളം ഹൈകോടതി കോമ്പൗണ്ടിലെ എം. കെ ദാമോധരൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ലോക്കോൺ കൺ വീനർ അഡ്വ: ജസൽന ജലിൽ സ്വാഗതവും
യുവസമിതി സംസ്ഥാന കൺവീനർ ഡോ. റസീന എൻ ആർ അധ്യക്ഷത വഹിച്ചു
ഉദ്ഘാടന പ്രസംഗം ജസ്റ്റീസ് വി.ജി അരൂൺ നിർവഹിച്ചു ഉദ്ഘാടന ചടങ്ങിൽ യുവസമിതി സംസ്ഥാന ചെയർമാൻ എം. ദിവാകരൻ നന്ദി പറഞ്ഞു
വിവിധ സെഷനുകളിലെ ക്ലാസ്സുകളിൽ
അന്ധവിശ്വാസ ചൂഷണത്തിനെതിരായ ഇടപെടലുകൾ
അഡ്വ: കെ. എൻ അനിൽകുമാർ
ബാർ കൗൺസിൽ മുൻ സംസ്ഥാന പ്രസിഡണ്ട്
അന്ധവിശ്വാസ ചൂഷണ നിരോധ ബിൽ
അഡ്വ. കെ.വി രവി പ്രകാശ് എന്നിവർ ക്ലാസ്സെടുത്തു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തിരഞ്ഞെടുത്ത
അഡ്വക്കറ്റുമാരും നിയമ വിദ്യാർത്ഥികളും പങ്കെടുത്തു
ഉന്നത വിദ്യാഭ്യാസ വിഷയ സമിതി സംസ്ഥാന കൺവീനർ പി .പി ബാബു
ലൂക്കാ എഡിറ്റർ ഡോ. എൻ ഷാജി
ശാസ്ത്രവബോധ സമിതി കൺവീനർ
പി.ഗോപകുമാർ
കേരള ശാസ്ത്ര സാഹിത്യ പരിഷത് ഏറണാകുളം ജില്ലാ സെക്രട്ടറി പി.കെ വാസു
തുടങ്ങിയവർ പങ്കെടുത്തു . ഭാവി പ്രവർത്തനങ്ങൾ ലോകോൺ കോൺക്ലേവ് അംഗീകരിച്ച് ബന്ധപ്പെട്ടവർക്ക് കൈമാറും എന്ന് അറിയിച്ചു

You may have missed