ചാന്ദ്രദിനത്തിൽ കുട്ടി അധ്യാപകരായി കണ്ണൂർ ജില്ലയിൽ 100 ഹൈസ്‌കൂൾ; 100 കുട്ടി വിദ്യാർഥികൾ;ക്ലാസ്സിൽ സഹവിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും PTA അംഗങ്ങളും

കണ്ണൂർ: ജൂലൈ 21 ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന ക്ലാസ് കണ്ണൂർ സയൻസ് പാർക്കിൽ വച്ച് വിജയകരമായി നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലയും കണ്ണൂർ ജില്ലാ പഞ്ചായത്ത് സയൻസ് പാർക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.
ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്രബോധമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാനും ബഹിരാകാശ രംഗത്തെ പുതിയ അറിവുകൾ കുട്ടികളിലേക്ക് നേരിട്ടെത്തിക്കാനും ലക്ഷ്യമിട്ടാണ് ഈ പരിപാടി ഒരുക്കിയത്.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ നിർവ്വഹിച്ചു.
ചടങ്ങിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റും കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീമതി ജയശ്രീ പി.വി. അധ്യക്ഷത വഹിച്ചു.
കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടർ ശ്രീമതി ജ്യോതി കേളോത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ,
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് വിദ്യാഭ്യാസ വിദഗ്ദനുമായ ശ്രീ ഒ.എം. ശങ്കരൻ മുഖ്യാതിഥിയായി പങ്കെടുത്തു.
വിദ്യാർത്ഥികൾക്കായി വിദ്യാകിരണം ജില്ലാ കോഡിനേറ്റർ ശ്രീ സുധീർ കെ.സി., സയൻസ് ക്ലബ്ബ് സെക്രട്ടറി ശ്രീ പ്രമോദ് കുമാർ ജി. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ശ്രീ പ്രസാദ് പി.വി. ആമുഖ അവതരണം നടത്തി. പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി ഗിരീഷ് കോയിപ്ര നന്ദി പറഞ്ഞു
ശാസ്ത്രബോധ വിഷയസമിതി കൺവീനർ ശ്രീ പ്രദീപ്കുമാർ കെ.പി. വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പരിശീലന ക്ലാസിന് നേതൃത്വം നൽകി.
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബഹിരാകാശ ഗവേഷണങ്ങൾ, ഏറ്റവും പുതിയ ആനുകാലിക ബഹിരാകാശ വാർത്തകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക പ്രസന്റേഷൻ വഴിയാണ് ക്ലാസുകൾ നയിച്ചത്.
ഈ ക്യാമ്പിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ, ജൂലൈ 21 ചാന്ദ്രദിനത്തിൽ അതത് വിദ്യാലയങ്ങളിലെ മറ്റ് വിദ്യാർത്ഥികൾക്കും സമൂഹത്തിനായും ക്ലാസുകൾ കൈകാര്യം ചെയ്യും.
കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 100 ഹൈസ്കൂൾ വിദ്യാർത്ഥികൾ ഈ പരിശീലന ക്ലാസിൽ പങ്കാളികളായി.
