ജൻഡർ ക്യാമ്പയിന് തുടക്കമായി

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ നേതൃത്വത്തിൽ നടത്തുന്ന ജർഡർ അവബോധക്യാമ്പയിനിൻ പ്രവർത്തനങ്ങൾക്ക് ജൂലൈ 25,26 തിയ്യതികളിലായി ഐ.ആർ.ടി.സിയിൽ വെച്ച് നടന്ന ജൻഡർ ശില്പശാലയോടെ തുടക്കം കുറിച്ചു. ജൻഡർ വിഷയസമിതിയുടെ നേതൃത്വത്തിൽ നടന്ന ശില്പശാല പരിഷത്ത് സംസ്ഥാന പ്രസിഡൻറ് ഡോ. സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുല്യതയുള്ള മനുഷ്യരായി ജീവിക്കാനാവും വിധമുള്ള സാമൂഹീക മുന്നേറ്റത്തിന് ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. തുടർന്നുള്ള വിവിധ സെഷനുകളിലായി ജൻഡർ രംഗത്തെ പരിഷത്ത് പ്രവർത്തനങ്ങളുടെ ചരിത്രം – എ.പി.സരസ്വതി, ജൻഡർ ചരിത്രവും വർത്തമാനവും ഡോ. ടി. മുരളീധരൻ, സംസ്ക്കാരത്തിലെ ആൺകോയ്മയുടെ സ്വാഭാവീകവത്കരണം – ഡോ. മാളവിക ബിന്നി, കുടുംബം ചരിത്രം, വർത്തമാനം, ഭാവി – ദിൽഷാദ് ലില്ലി എന്നീ വിഷയങ്ങൾ ഒന്നാം ദിവസം അവതരിപ്പിച്ചു. അവതരണങ്ങൾക്ക് ശേഷം ഗ്രൂപ്പ് ചർച്ചകൾ, പൊതുചർച്ച എന്നിവയും രാത്രിയിൽ ഓപ്പൺഫോറവും ഉണ്ടായി. ഇതോടൊപ്പം ശില്പശാലയിൽ പങ്കെടുത്തവർ ഐ.ആർ.ടി.സിയുടെ പരിസരപ്രദേശത്തുള്ള 20 വീടുകളിൽ ടീമുകളായി സന്ദർശിക്കുകയും കുടുംബത്തിൻറെ സാമൂഹീക സാമ്പത്തീക സ്ഥിതിയെക്കുറിച്ച് വീട്ടിലെ അംഗങ്ങളുമായി ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ കുടുംബത്തിലെ ജനാധിപത്യം, ഭാവി കുടുംബത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ എന്നിവ ചർച്ച ചെയ്തു. ദിൽഷാദ് ലില്ലി ഓപ്പൺഫോറം മോഡറേറ്റ് ചെയ്തു.
രണ്ടാം ദിവസം സെക്സ് നിർണ്ണയനവും അവകലനവും (Sex determination and differentiation) എന്ന വിഷയത്തിൽ ഡോ.മുബാരക് സാനി അവതരണം നടത്തി തുടർന്ന് ജൻഡർ വിഷയസമിതിയുടെ നേതൃത്ത്വത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷരായ വനിതാ ജനപ്രതിനിധികളെക്കുറിച്ചുള്ള പഠനത്തിൻറെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ഡോ. കെ. രാജേഷ് സംസാരിച്ചു. ജൻഡർക്യാമ്പയ്നിൻറെ തുർപ്രവർത്തനങ്ങളുടെ ആസൂത്രണം സംബന്ധിച്ച് കൺവീനർ സംസാരിച്ചു. തുടർന്ന് 4 ജില്ലാ ക്ലസ്റ്റർഗ്രൂപ്പുകൾ ക്ലസ്റ്റർ പരിശീലനത്തിനാവശ്യമായ തയ്യാറെടുപ്പുകൾ ചിട്ടപ്പെടുത്തി. സോഷ്യൽ മീഡിയിലേക്കുള്ള കണ്ടൻറുകൾ തയ്യാറാക്കുന്നതിനുള്ള സാങ്കേതീകവിദ്യകളുടെ പ്രയോഗം സംബന്ധിച്ച് ശ്രീനിവാസൻ കർത്തയുടെ അവതരണവും ഉണ്ടായി. ക്യാമ്പ് അവലോകനത്തിന് ശേഷം 3 മണിയോടെ ക്യാമ്പ് സമാപിച്ചു.
66 പേരുടെ പങ്കാത്തം ഉണ്ടായി.

You may have missed