ഡല്‍ഹി വിദ്യാര്‍ഥി പ്രക്ഷോഭ വിജയികള്‍ക്ക് ഐക്യദാര്‍ഢ്യം

ഉന്നതവിദ്യാഭ്യാസരംഗത്തെ പരീക്ഷ നടത്തിപ്പ്, നീറ്റ്, ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ) തുട ങ്ങിയ വിഷയങ്ങളില്‍ നീതിക്കും ഉത്തരവാദിത്വത്തിനുംവേണ്ടി സമാനതകളില്ലാത്തവിധം പോരാട്ടം നടത്തി വിജയിച്ച വിദ്യാര്‍ഥികളെയും യുവജനങ്ങളെയും അവരുടെ കൂട്ടായ്മകളെയും പ്രത്യേകിച്ച് സി ജെ പി യെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിവാദ്യം ചെയ്യുന്നു.
സി ജെ പി യുടെ മുഖ്യ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി യുവജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം കാട്ടിയ കിരാത മര്‍ദനങ്ങളെയാണ് യുവത അതിജീവിച്ചത്. ക്രൂരവും നിഷ്ഠൂരവുമായ ലാത്തിച്ചാര്‍ജുകള്‍, കണ്ണീര്‍വാതകം, ജലപീരങ്കി, നിയമവിരുദ്ധമായ പെല്ലറ്റ്ഗണ്ണുകളുടെ പ്രയോഗം, സ്റ്റണ്‍ബാറ്റണുകളുടെ ഉപയോഗം തുടങ്ങിയവ കൂടാതെ ആശയവിനിമയം തടസ്സപ്പെടുത്താന്‍ ഇന്റര്‍നെറ്റ് നിരാസം, അറസ്റ്റുകള്‍ തുടങ്ങിയ പോലീസ് അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ജന്തര്‍മന്തറില്‍ നടന്ന സമരത്തിലും സന്‍സദ് മാര്‍ച്ചിലും പങ്കെടുത്ത പോരാളികളുടെ ധൈര്യത്തെയും ആര്‍ജവത്തെയും ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു.
ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെ യഥാര്‍ഥ സത്തയെ ഉള്‍ക്കൊള്ളാതെ പ്രവേശന പരീക്ഷ യില്‍ വന്ന വീഴ്ച സാങ്കേതികവിദ്യയുമായി മാത്രം ബന്ധപ്പെട്ടതാണ് എന്ന് വരുത്തിത്തീര്‍ക്കാനും അത് പരിഹരിക്കാന്‍ വിദ്യാഭ്യാസവിദഗ്ധരെ ഒന്നും ഉള്‍പ്പെടുത്താതെ വിദഗ്ധസമിതിയെ പ്രഖ്യാപിച്ച യൂണിയന്‍സര്‍ക്കാരിന്റെ കുടിലതന്ത്രത്തെ തിരിച്ചറിയേണ്ടതുണ്ട്. പരീക്ഷാ നടത്തിപ്പിന്റെ അമിത കേന്ദ്രീകരണത്തിനായി സ്ഥാപിച്ച എന്‍ ടി എ പിരിച്ചുവിടുകയും പ്രവേശന പരീക്ഷകളുടെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാര്‍ ചുമതലയാക്കി മാറ്റുകയും വേണം. ഇങ്ങനെയുള്ള വികേന്ദ്രീകരണ ശ്രമങ്ങള്‍ക്കുപകരം സകലതും ഡല്‍ഹിയില്‍ ബ്യൂറോക്രാറ്റുകളിലൂടെ കേന്ദ്രീകരിക്കാന്‍ കൊണ്ടുവരുന്ന നിര്‍ദിഷ്ട വി ബി എസ് എ ബില്ല് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേ ഉള്ളൂ. അതിനാല്‍ ഈ ബില്ല് വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിയന്‍സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
വിശദാംശങ്ങള്‍:
നിരവധി കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയ എന്‍ ടി എ നടത്തിയ നീറ്റുള്‍പ്പെടെ വിവിധ പരീക്ഷകളുടെ സമ്പൂര്‍ണ്ണ പരാജയ നിര്‍വഹണത്തിന് നേതൃത്വം നല്‍കിയ യൂണിയന്‍സര്‍ക്കാര്‍ വിദ്യാഭ്യാസ മന്ത്രിയായ ധര്‍മ്മേന്ദപ്രധാന്റെ രാജി ഉറപ്പാക്കുന്ന വിധത്തില്‍ സമരത്തെ മുന്നോട്ടുനയിച്ച പ്രതിഷേധ നേതൃത്വത്തെയും അതില്‍ പങ്കെടുത്ത എല്ലാവരെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഒരു പുതിയ പൊതുപരീക്ഷാ നിയമം/ക്രമം, സ്വതന്ത്ര ഓംബുഡ്‌സ്മാന്‍, സി എ ജി ഓഡിറ്റുകള്‍, വിദ്യാര്‍ഥികളുടെ അവകാശ ചാര്‍ട്ടര്‍ എന്നിവയ്ക്കായി ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ തുടര്‍ചര്‍ച്ചകളുടെ സമയത്ത് ഗൗരവമായ പരിഗണന അര്‍ഹിക്കുന്നു. പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ടു ഉന്നയിക്കപ്പെട്ട ഉള്ളടക്കം, ഫോര്‍മാറ്റ്, എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളിലേക്ക് വന്‍ഫീസ് നല്‍കി ചേരേണ്ട സാഹചര്യം തുടങ്ങിയ കാതലായ ആവശ്യങ്ങളെല്ലാം തമസ്‌കരിച്ച് പ്രവേശന പരീക്ഷയെയും അതിന്റെ നടത്തിപ്പിനെയും കേവല മായ ഒരു സാങ്കേതിക പ്രശ്‌നമാക്കി മാത്രം ചുരുക്കി കാണുന്ന യൂണിയന്‍സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യം പ്രക്ഷോഭത്തിന്റെ മുന്നണിയിലുള്ള വിദ്യാര്‍ഥി സമൂഹവും യുവജന സമൂഹവും തിരിച്ചറിയും എന്ന് പരിഷത്ത് കരുതുന്നു.
അതോടൊപ്പം സമരത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം പിന്‍വലിക്കണമെന്നും പരീക്ഷാ ക്രമക്കേടുമൂലം കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഉള്ള ആവശ്യങ്ങളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. പോലീസ് അതിക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് പ്രക്ഷോഭകരും സര്‍ക്കാരും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സംഘടനകളെയും യുവാക്കളുടെ സംഘടനകളെയും അധ്യാപക സംഘടനകളെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള 40 സംഘടനകളുടെ കൂട്ടായ്മയായ എ ഐ പി എസ് എന്‍ പ്രതിനിധികളെയും വിദ്യാഭ്യാസവിദഗ്ധരെയും എല്ലാം ചര്‍ച്ചകളുടെ ഭാഗമാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
പാര്‍ലമെന്റില്‍ വയ്ക്കുകപോലും ചെയ്യാതെ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രഖ്യാപിച്ചത് മുതല്‍ പ്രസ്തുത നയത്തിനെതിരെയും ഇപ്പോള്‍ യു ജി സി ക്ക് പകരമായി നിര്‍ദേശിച്ചിട്ടുള്ള വി ബി എസ് എ ബില്‍ എന്നിങ്ങനെ വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണത്തിനും വാണിജ്യവല്‍ക്കരണത്തിനും വര്‍ഗീയവല്‍ക്കരണത്തിനും വേണ്ടി കൊണ്ടുവന്ന എല്ലാ നയങ്ങള്‍ക്കും നടത്തിപ്പ് ഉപകരണങ്ങള്‍ക്കും ഉപാധികള്‍ക്കും എതിരെയും ദേശീയ ശാസ്ത്രപ്രസ്ഥാനം നിരന്തരമായ പോരാട്ടത്തിലാണ്.
മന്ത്രിയോട് മാത്രം ഉത്തരം പറയേണ്ട ഒരു സ്വകാര്യ സംവിധാനമായ എന്‍ ടി എ നടത്തുന്ന നീറ്റ് അടക്കമുള്ള പരീക്ഷകളുടെ പരാജയം യാദൃച്ഛികമല്ല. കേന്ദ്രീകൃത സിംഗിള്‍ സ്റ്റേജ് എം സി ക്യൂ പരീക്ഷകള്‍ കോച്ചിങ് മാഫിയകളെ പരിപോഷിപ്പിക്കാനാണ്. ഇത്തരം പരീക്ഷകള്‍ ഉയര്‍ന്ന ഫീസ് നല്‍കി സ്വകാര്യ കോളേജുകളിലേക്കും കോച്ചിങ് സെന്ററുകളിലേക്കും വിദ്യാര്‍ഥികളെ തള്ളിവിടുന്നു. കൂടാതെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മെറിറ്റ് ഉണ്ടെങ്കിലും തുടര്‍പഠനം അപ്രാപ്യമാക്കുന്നു. ഒരുതരത്തിലുള്ള സമൂഹവിഭജനത്തിന് ഇത്തരം പരീക്ഷകളെല്ലാം നിമിത്തമായി മാറുന്നു. എന്‍ ടി എ യുടെ തികഞ്ഞ കഴിവില്ലായ്മയും അക്കാദമിക സ്വയംഭരണത്തിന്റെയും പ്രൊഫഷണല്‍ സത്യസന്ധതയുടെയും അഭാവവും ഇതിനകംതന്നെ പ്രകടമായതാണ്. സംഘടിത അഴിമതിക്കും പേപ്പര്‍ ചോര്‍ച്ചയ്ക്കും കൂട്ടുനില്‍ക്കുന്ന ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഈ സംവിധാനം പരീക്ഷകള്‍ നടത്താനുള്ള ഉത്തരവാദിത്വം പുറംകരാര്‍വഴി നല്‍കുന്നു. ചുരുക്കത്തില്‍ ചോദ്യങ്ങളുടെ ചോര്‍ച്ചയും കോച്ചിങ് മാഫിയകളുമായുള്ള ബന്ധങ്ങളുമെല്ലാം ഈ സംവിധാനങ്ങളും അതുവഴി കേന്ദ്ര ഭരണകൂടവും അറിഞ്ഞുകൊണ്ട് അവസരമൊരുക്കുന്ന ആന്തരിക നിര്‍മ്മിതികളാണ്. അതുകൊണ്ട് നീതിപൂര്‍ണ്ണമായ പ്രവേശന പരീക്ഷകള്‍ ഉറപ്പാക്കണമെങ്കില്‍ എന്‍ ടി എ യില്‍ ചില നടപടികള്‍ എടുത്തതുകൊണ്ട് മാത്രമാകില്ല. എന്‍ ടിഎ യെ പിരിച്ചുവിട്ട് പ്രവേശന പരീക്ഷകള്‍ സംസ്ഥാനത്തിന്റെ ചുമതലയാക്കണമെന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ്. പ്രസ്തുത ആവശ്യം ഒന്നുകൂടി ഉന്നയിക്കുന്നു.
സംസ്ഥാന കേന്ദ്രീകൃത പാഠ്യപദ്ധതിയും പ്രവേശന നടപടിക്രമങ്ങളും വികസിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസത്തില്‍ ഭരണഘടനാപരമായ പങ്ക് വീണ്ടെടുക്കാന്‍ അഖിലേന്ത്യാ ശാസ്ത്രപ്രസ്ഥാനത്തിന്റെ ഭാഗമായ ശാസ്ത്രസാഹിത്യ പരിഷത്ത് നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ്. പ്രാദേശിക സന്ദര്‍ഭങ്ങളും ആവശ്യങ്ങളും, സ്‌കൂള്‍ ബോര്‍ഡ് മാര്‍ക്കുകള്‍, സാമൂഹികനീതി, ഇന്റര്‍-റീജിയണല്‍ ഇക്വിറ്റി എന്നിവയെ അടിസ്ഥാനമാക്കി പ്രവേശനം രൂപകല്പന ചെയ്യാനും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തും തുടര്‍ന്ന് ലഭ്യമാക്കേണ്ട പ്രവര്‍ത്തന മണ്ഡലങ്ങളിലുമെല്ലാം പ്രാദേശിക വൈവിധ്യവും വിവിധ സമൂഹഘടനയില്‍ ഉള്ളവരുടെ പങ്കാളിത്തവും ഉറപ്പാക്കി പ്രാദേശിക തുല്യത സാര്‍ഥകമാക്കണമെങ്കില്‍ പ്രവേശന പരീക്ഷകള്‍ ദേശീയതലത്തില്‍ കേന്ദ്രീകരിക്കുന്നതുവഴി കഴിയില്ല. വികലമായ പരീക്ഷാ സമ്പ്രദായത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിച്ച വിദ്യാര്‍ഥികളോടും കുടുംബങ്ങളോടും ഞങ്ങള്‍ സഹാനുഭൂതിയും അഗാധമായ ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നു, നീതിയുക്തവും തുല്യവുമായ ഒരു സംവിധാനത്തിനായുള്ള തുടര്‍ച്ചയായ പോരാട്ടത്തില്‍ ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു.
ഇപ്പോള്‍ നടന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി നടക്കുന്ന ചര്‍ച്ചകളില്‍ കേന്ദ്രീകൃത പരീക്ഷാ സംവിധാനങ്ങള്‍ ഉള്ളിടത്തോളം കാലം ഇപ്പോള്‍ ഉണ്ടായ ഭരണകൂട വീഴ്ചകള്‍ തുടരുമെന്ന് തിരിച്ചറിഞ്ഞ് പ്രവേശനപരീക്ഷകള്‍ സംസ്ഥാനതലത്തിലേക്ക് വികേന്ദ്രീകരിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതുന്നു.
വി മനോജ്കുമാര്‍ ഡോ. സി രാമകൃഷ്ണന്‍
ജനറല്‍ സെക്രട്ടറി പ്രസിഡന്റ
