ഡോ:എം. പി. പരമേശ്വരൻ കേരളീയ സമൂഹത്തെ പരിവർത്തനപ്പെടുത്തിയ മഹാനായ ദാർശനികൻ — എം. വി. ഗോവിന്ദൻ

കണ്ണൂർ: കേരളീയ സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കുകയും പരിവർത്തനത്തിന് ദിശാബോധം നൽകുകയും ചെയ്ത മഹാനായ ദാർശനികനും പ്രയോക്താവുമായിരുന്നു ഡോ. എം. പി. പരമേശ്വരനെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. എം. പി. പരമേശ്വരൻ അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏത് സങ്കീർണമായ ആശയവും ഏറ്റവും സാധാരണക്കാരന് പോലും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിക്കുന്നതായിരുന്നു എം. പി. പരമേശ്വരന്റെ സവിശേഷമായ ശൈലി.
വൈരുദ്ധ്യാത്മക ഭൗതികവാദത്തെ മലയാളത്തിൽ ഏറ്റവും ലളിതമായും ജനകീയമായും അവതരിപ്പിക്കുന്നതിൽ അദ്ദേഹം നിർണായകമായ സംഭാവന നൽകി.
‘നാലാം ലോക സിദ്ധാന്തം’ മുന്നോട്ടുവച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് നടപടി നേരിടുകയും പിന്നീട് സി.പി.എമ്മിന് പുറത്താകുകയും ചെയ്തെങ്കിലും മരണംവരെ ഉത്തമമായ കമ്മ്യൂണിസ്റ്റ് ബോധം അദ്ദേഹം ഉയർത്തിപ്പിടിച്ചു. പാർട്ടിയോടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുമുള്ള ആത്മബന്ധം അവസാന നാളുകൾവരെ അദ്ദേഹം കാത്തുസൂക്ഷിച്ചുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കേവല പരിസ്ഥിതിവാദത്തെയും കേവല വികസനവാദത്തെയും ഒരുപോലെ നിരാകരിച്ച് പരിസ്ഥിതിയും വികസനവും പരസ്പരപൂരകമായി മുന്നോട്ടുപോകേണ്ടതാണെന്ന കാഴ്ചപ്പാട് കേരളത്തിൽ വളർത്തിയെടുക്കുന്നതിൽ എം. പി. പരമേശ്വരന് വലിയ പങ്കുണ്ട്.
സോവിയറ്റ് യൂണിയനിലെ ജീവിതാനുഭവങ്ങൾ ഉൾപ്പെടെ തന്റെ വിശാലമായ അനുഭവലോകത്തെ അടിസ്ഥാനമാക്കി ജനാധിപത്യ സമൂഹത്തിന് അനുയോജ്യമായ പുതിയ വികസന കാഴ്ചപ്പാടുകൾ അദ്ദേഹം മുന്നോട്ടുവച്ചു.
ലോകശ്രദ്ധ നേടിയ കേരളത്തിന്റെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ സാക്ഷരതാ പ്രസ്ഥാനത്തിൻ്റെയും സൈദ്ധാന്തിക അടിത്തറ രൂപപ്പെടുത്തുന്നതിലും എം. പി. പരമേശ്വരൻ നിർണായക പങ്കുവഹിച്ചു. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ബദൽ പരിഹാരങ്ങൾ നിർദേശിക്കുന്നതിനും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.
രാഷ്ട്രീയം, വികസനം, പരിസ്ഥിതി, ഊർജം, ആരോഗ്യം തുടങ്ങി സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളിൽ കാലത്തിന് വഴികാട്ടിയായ ചിന്തകനും പ്രവർത്തകനുമായിരുന്നു എം. പി. പരമേശ്വരൻ. ശാസ്ത്രത്തെ ജനകീയമാക്കുന്നതിനൊപ്പം ശാസ്ത്രീയ ചിന്തയും സാമൂഹിക ഉത്തരവാദിത്വവും പൊതുജീവിതത്തിന്റെ ഭാഗമാക്കുന്നതിലും അദ്ദേഹം വലിയ സംഭാവന നൽകി — ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കണ്ണൂർ ഐ.എം.എ. ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മുൻ പ്രസിഡണ്ട് കെ. ടി. രാധാകൃഷ്ണൻ ‘എം. പി.യും പരിഷത്തും’ എന്ന വിഷയത്തിൽ സംസാരിച്ചു. കെ.പി.സി.സി മെമ്പർ സുരേഷ് ബാബു എളയാവൂർ, സി. പി ഐ നേതാവ് പ്രദീപ് മുൻ എം.എൽ എ ജെയിംസ് മാത്യു പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സി സുനിൽകുമാർ, പുകസ സെക്രട്ടറ എം. കെ. മനോഹരൻ, പരിഷത്ത് ജനറൽ സെക്രട്ടറി വി. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു
പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ എം ദിവാകരൻ, കെ.വിനോദ് കുമാർ, പി പി . ബാബു , ധന്യ റാം തുടങ്ങിയവർ പങ്കെടുത്തു
ഡോ. എം. പി. പരമേശ്വരന്റെ കേരള സമൂഹത്തെ കുറിച്ചുള്ള ശാസ്ത്രീയവും സാമൂഹികവുമായ ഇടപെടലുകളെ പുതിയ കാലത്തിന്റെ വെല്ലുവിളികളുമായി ബന്ധപ്പെടുത്തി വിലയിരുത്തുന്ന വേദിയായി അനുസ്മരണ സമ്മേളനം മാറി.
