പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടു കേരളസർക്കാർ രൂപീകരിച്ച ടാസ്ക്ക്ഫോഴ്സ് പുനസംഘടിപ്പിക്കണം

പ്രസിദ്ധീകരണത്തിന് 03-11-2026
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടു കേരളസർക്കാർ രൂപീകരിച്ച ടാസ്ക്ക്ഫോഴ്സ് പുനസംഘടിപ്പിക്കണം
സാധാരണക്കാർ ചികിൽത്സക്കായി വലിയതോതിൽ ആശ്രയിക്കുന്ന പൊതുഇടമാണ് വിവിധതലങ്ങളിലുള്ള സർക്കാർ ആശുപത്രികൾ. അതുകൊണ്ടുതന്നെ ആരോഗ്യ മേഖലയെക്കുറിച്ച് പഠിക്കാൻ കേരളസർക്കാർ അടുത്തിടെ രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ ഘടന ആശങ്കയുണ്ടാക്കുന്നു. ആശുപത്രികളടക്കം പൊതുപണം ചെലവാക്കി മെച്ചപ്പെടുത്തിയ സംവിധാനങ്ങളെയാകെ സംശയത്തിന്റെ മുനയിൽ നിർത്തുന്ന പ്രസ്താവനകൾ ഉത്തരവാദിത്ത പ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതും കിഫ്ബി അടക്കമുള്ള സാമ്പത്തീക സ്രോതസ്സുകളെ വേണ്ടെന്നുവെക്കാനുള്ള നിർദേശങ്ങൾ ഉയർന്നുവരുന്നതും ഈ ആശങ്കകളെ വർധിപ്പിക്കുന്നതാണ്.
നിലവിൽ രൂപീകരിച്ച ടാസ്ക്ക്ഫോഴ്സിൽ കേരളത്തിലെ പൊതുജനാരോഗ്യമേഖലയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ളവരോ കേരളത്തിന്റെ ആരോഗ്യസംവിധാനത്തെക്കുറിച്ച് പ്രായോഗിക പരിചയമുള്ളവരോ സംസ്ഥാനത്തെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ശ്രദ്ധേയമായ ഗവേഷണം നടത്തിയിട്ടുള്ളവരോ അംഗങ്ങളായില്ല എന്നത് ഒട്ടേറെ സംശയങ്ങൾക്കിട നൽകുന്നു. അംഗങ്ങളിൽ ഭൂരിഭാഗവും കോർപ്പറേറ്റ് ആശുപത്രികളുടെയോ വലിയ സ്വകാര്യ ലബോറട്ടറി ശൃംഖലകളുടെയോ മേധാവികളാണ് എന്നാണ് പ്രാഥമിക അന്വേഷണങ്ങളിൽ നിന്നും മനസ്സിലാകുന്നത്. സ്വകാര്യവൽക്കരണത്തെ അനുകൂലിക്കുന്ന സമീപനത്തിന് പേരുകേട്ട ഉദ്യോഗസ്ഥരും ഇതിലുണ്ട്.
സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിലെ വിദഗ്ധരുടെ വൈദഗ്ധ്യത്തെ ആരോഗ്യ രംഗത്തെ നയരൂപീകരണത്തിൽ പ്രയോജനപ്പെടുത്തരുതെന്ന നിലപാടൊന്നും പരിഷത്തിനില്ല. എന്നാൽ പൊതുജനാരോഗ്യവിദഗ്ധർ, സർക്കാർ ആശുപത്രികളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ഡോക്ടർമാർ, ആരോഗ്യസാമ്പത്തികശാസ്ത്രവിദഗ്ധർ, രോഗവ്യാപനത്തെക്കുറിച്ച് പഠിക്കുന്ന ഗവേഷകർ, ആരോഗ്യസംവിധാനത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവർ, സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവർക്കും ഇത്തരം സമിതികളിൽ അർഹമായ പ്രാതിനിധ്യം വേണം. ഈ സന്തുലിതാവസ്ഥ ഇല്ലെങ്കിൽ ജനങ്ങളുടെ ആരോഗ്യാവശ്യങ്ങളെക്കാൾ വാണിജ്യ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന ശുപാർശകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് പരിഷത് കരുതുന്നു.
സ്വകാര്യമേഖലയുടെ എല്ലാ പങ്കാളിത്തവും മോശമാണെന്നല്ല ഇവിടെ പറയുന്നത്. സ്വകാര്യ പങ്കാളിത്തം പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയാണോ, അതോ അതിന്റെ പ്രവർത്തനങ്ങളും ആസ്തികളും തീരുമാനമെടുക്കാനുള്ള അധികാരവും ക്രമേണ സ്വകാര്യതാൽപ ര്യങ്ങൾക്ക് കൈമാറുകയാണോ എന്നതാണ് പ്രധാന പ്രശനം. പൊതു-സ്വകാര്യ പങ്കാളിത്തം (PPP) വഴി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാമെന്നും സർക്കാരിന്റെ ഉടനടിയുള്ള സാമ്പ ത്തിക ബാധ്യത കുറയ്ക്കാമെന്നും വാദിക്കാറുണ്ട്. എന്നാൽ ഇത്തരം കരാറുകളുടെ ദീർഘകാല പ്രത്യാഘാതങ്ങൾ സൂക്ഷ്മമായി പരിശോധിക്കണം. രോഗനിർണയ പരിശോധനകൾ, വിദഗ്ധ ചികിത്സകൾ, ആശുപത്രികളുടെ നടത്തിപ്പ് തുടങ്ങിയവ കൂടുതൽ കൂടുതൽ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചാൽ ചെലവുകൾ, സേവനങ്ങളുടെ മുൻഗണനകൾ, രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്നിവയിൽ സർക്കാരിന്റെ നിയന്ത്രണം കുറഞ്ഞേക്കാം. ശരിയായി രൂപകൽപ്പന ചെയ്യാത്ത കരാറുകൾ സർക്കാരിനും രോഗികൾക്കും അധിക സാമ്പത്തികഭാരം സൃഷ്ടിക്കാം. പൊതുസൗകര്യങ്ങളും അവശ്യസേവനങ്ങളും സർക്കാർ നിയന്ത്രത്തിൽ അല്ലാതായാൽ പിന്നീട് അവയുടെ നിയന്ത്രണം തിരിച്ചുപിടിക്കുന്നത് ചെലവേറിയതും പ്രയാസകരവുമാകാമെന്ന പാഠം മറ്റു മേഖലകളിലെ അനുഭവങ്ങളും നൽകുന്നുണ്ട്.
കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ പ്രത്യേകത കണക്കിലെടുക്കുമ്പോൾ ഈ വിഷയം കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഓരോ ആശുപത്രിയുടെയും മികവിൽ മാത്രമല്ല, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, ജില്ലാആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, വിദഗ്ധചികിത്സാ കേന്ദ്രങ്ങൾ എന്നിവവരെയുള്ള സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധത്തിൽ കൂടിയാണ് ഈ സംവിധാനത്തിന്റെ ശക്തി നിലകൊള്ളുന്നത്. പ്രമേഹമോ രക്തസമ്മർദമോ ഉള്ള ഒരാൾക്ക് വീടിനടുത്തുതന്നെ തുടർച്ചയായ ചികിത്സ ലഭിക്കണം. അതേസമയം, ഡയാലിസിസോ ഹൃദയചികിത്സയോ മറ്റ് വിദഗ്ധചികിത്സകളോ ആവശ്യമായവർക്ക് സാമ്പത്തികമായി തകർന്നുപോകാതെ ആ സേവനങ്ങൾ ലഭ്യമാകണം. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കും വയോധികർക്കും ദീർഘകാലം ചികിത്സ വേണ്ടിവരുന്ന രോഗികൾക്കും പൊതുജനാരോഗ്യ സംവിധാനം വലിയൊരു ആശ്രയമാണ്. ആർക്കാണ് ചികിത്സ ലഭിക്കേണ്ടത്, ഏതൊക്കെ സേവനങ്ങൾ നിലനിർത്തണം, രോഗികളിൽ നിന്ന് എത്ര പണം ഈടാക്കണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നത് വാണിജ്യതാൽപര്യങ്ങളാകാൻ പാടില്ല.
ആരോഗ്യ രംഗത്ത് മുൻകാലങ്ങളിൽ പൊതുവെയും കഴിഞ്ഞ പത്തുവർഷത്തിനിടെ സവിശേഷ മായും കൈവരിച്ച നേട്ടങ്ങൾ സ്വയം നിലനിൽക്കുമെന്ന് കരുതാനാവില്ല. പൊതുപണം ഉപയോഗിച്ച് നിർമിച്ച ആരോഗ്യസൗകര്യങ്ങൾ കേരളത്തിലെ ജനങ്ങളുടെ സ്വത്താണ്. എല്ലാ വർക്കും താങ്ങാവുന്ന ചെലവിൽ, എളുപ്പത്തിൽ, വിവേചനമില്ലാതെ ചികിത്സ ലഭ്യമാക്കുക എന്നതായിരിക്കണം അവയുടെ ലക്ഷ്യം. നിലവിലുള്ള ആശുപത്രികളും മറ്റ് ആരോഗ്യ സ്ഥാപനങ്ങളും ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും നിലനിർത്തുകയും ചെയ്യുക, തുടർച്ചയായ പ്രവർത്തനങ്ങൾക്ക് മതിയായ പണം അനുവദിക്കുക, സ്ഥാപിച്ച സൗകര്യങ്ങൾ വഴി ഉദ്ദേശിച്ച സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്നിവയ്ക്കാണ് ഇപ്പോൾ മുൻഗണന നൽകേണ്ടത്. ആരോഗ്യനയത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിനു മുമ്പ് ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, ഇപ്പോഴും പരിഹരിക്കപ്പെടാത്ത കുറവുകൾ, നിലവിലുള്ള സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് സുതാര്യമായ വിലയിരുത്തൽ നടത്തണം.
നിലവിലുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനും സേവനങ്ങൾ മെച്ചപ്പെടുത്തു ന്നതിനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്താനും സർക്കാരിന് അവകാശമുണ്ട്. എന്നാൽ അത്തരം മാറ്റങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലും പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തം ഉറപ്പാക്കിക്കൊണ്ടും ജനങ്ങളുടെ താൽപര്യങ്ങൾ മുൻനിർത്തിയുമാകണം. സ്വകാര്യ വൽക്കരണത്തോടുള്ള പ്രത്യയശാസ്ത്രപരമായ താൽപര്യമോ അതിൽനിന്ന് ലാഭം നേടുന്നവരുടെ വാണിജ്യ താൽപര്യങ്ങളോ നയങ്ങളെ നിയന്ത്രിക്കരുത്. പൊതുഉടമസ്ഥതയും നിയന്ത്രണവും ദുർബലപ്പെടുത്തുന്നതോ എല്ലാവർക്കും തുല്യമായി ചികിത്സ ലഭിക്കാനുള്ള അവസരം കുറയ്ക്കുന്നതോ പൊതുതാൽപര്യത്തെക്കാൾ വാണിജ്യ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നതോ ആയ ഏത് നീക്കത്തെയും ശക്തമായി ചോദ്യം ചെയ്യണം. ചികിത്സ എല്ലാവർക്കും ലഭിക്കേണ്ട അവകാശമായി തുടരണമെങ്കിൽ, അത് പണം നൽകാൻ കഴിയുന്നവർക്ക് മാത്രം ലഭിക്കുന്ന ഒരു സേവനമായി മാറാതിരിക്കാൻ നാം ജാഗ്രത പുലർത്തണം. ആയതിനാൽ ഇപ്പോൾ സർക്കാർ നിയോഗിച്ച ടാസ്ക് ഫോഴ്സ് കേരളത്തിലെ ആരോഗ്യസംവിധാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ കൂടുതലായി ഉൾപ്പെടുത്തിക്കൊണ്ടും ആരോപണവിധേയമായവരെ ഒഴിവാക്കികൊണ്ടും പുന:സംഘടിപ്പിയ്ക്കണന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളസർക്കാരിനോടാവശ്യപ്പെടുന്നു.
വി മനോജ് കുമാർ
ജനറൽ സെക്രട്ടറി
ഡോ. സി രാമകൃഷ്ണൻ
പ്രസിഡന്റ്
